ബംഗളൂരു: ഇന്ത്യന്‍ ബഹിരാകാശ രംഗത്തെ വന്‍ പ്രതീക്ഷയായിരുന്ന മിഷന്‍ ദൃഷ്ടി ഉപഗ്രഹം സൗരക്കാറ്റിനെ തുടര്‍ന്ന് പ്രവര്‍ത്തനരഹിതമായി. ബംഗളൂരു ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന പ്രമുഖ സ്‌പേസ്ടെക് സ്റ്റാര്‍ട്ടപ്പായ ഗാലക്സ് ഐ നിര്‍മിച്ച ഉപഗ്രഹവുമായുള്ള ആശയ വിനിമയ ബന്ധമാണ് പൂര്‍ണമായും നഷ്ടപ്പെട്ടത്.
കഴിഞ്ഞ മെയ് മൂന്നിന് സ്‌പേസ് എക്സിന്റെ ഫാല്‍ക്കണ്‍ 9 റോക്കറ്റില്‍ വിജയകരമായി വിക്ഷേപിച്ച ഉപഗ്രഹം, ഭ്രമണപഥത്തിലെ പ്രാരംഭ ഘട്ടങ്ങള്‍ പിന്നിടുന്നതിനിടയിലാണ് ശക്തമായ ജിയോമാഗ്‌നറ്റിക് സൗരക്കൊടുങ്കാറ്റില്‍പ്പെട്ടത്. സൗരക്കാറ്റില്‍ നിന്നുണ്ടായ അമിത വികിരണങ്ങള്‍ ഉപഗ്രഹത്തിലെ അതീവ നിര്‍ണായകമായ നിയന്ത്രണ സംവിധാനങ്ങളെ തകരാറിലാക്കിയെന്നാണ് കമ്പനിയുടെ പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്.
സിഗ്‌നലുകള്‍ വീണ്ടെടുക്കാന്‍ കമ്പനി കണ്‍ട്രോള്‍ സെന്റര്‍ ഇപ്പോഴും ശ്രമിക്കുന്നുണ്ടെങ്കിലും ഉപഗ്രഹം ഇനി തിരിച്ചുപിടിക്കാന്‍ സാധ്യതയില്ലെന്ന് അധികൃതര്‍ സ്ഥിരീകരിച്ചു. ഇന്ത്യയിലെ ഒരു സ്വകാര്യ കമ്പനി നിര്‍മിക്കുന്ന ഏറ്റവും വലിയ ഭൗമ നിരീക്ഷണ ഉപഗ്രഹമായിരുന്നു 190 കിലോ ഭാരമുള്ള ദൃഷ്ടി. മേഘാവൃതമായ ആകാശമുള്ളപ്പോഴും ഭൂമിയുടെ കൃത്യതയാര്‍ന്ന ചിത്രങ്ങള്‍ പകര്‍ത്താന്‍ ശേഷിയുള്ള ലോകത്തിലെ ആദ്യത്തെ ഒപ്‌റ്റോസാര്‍ സാങ്കേതിക വിദ്യയാണ് ദൃഷ്ടിയില്‍ ഉണ്ടായിരുന്നത്.
സിന്തറ്റിക് അപ്പേര്‍ച്ചര്‍ റഡാറും ഒപ്റ്റിക്കല്‍ സെന്‍സറുകളും ഒരേ പ്ലാറ്റ്ഫോമില്‍ സമന്വയിപ്പിച്ച ഈ സംവിധാനം രാജ്യത്തിന്റെ പ്രതിരോധം, ദുരന്ത നിവാരണം, കൃഷി എന്നി മേഖലകളില്‍ വലിയ മാറ്റങ്ങള്‍ കൊണ്ടുവരുമെന്ന് പ്രതീക്ഷിച്ചിരുന്നു. ദൗത്യം ലക്ഷ്യത്തിലെത്തിയില്ലെങ്കിലും ഇതിനെ പൂര്‍ണമായൊരു പരാജയമായി കാണാന്‍ കമ്പനി തയ്യാറല്ല. വിക്ഷേപണത്തിന് ശേഷം ഏതാനും ആഴ്ചകള്‍ ഉപഗ്രഹം ഭ്രമണപഥത്തില്‍ സജീവമായിരുന്നു. ഈ സമയത്തിനുള്ളില്‍ ഉപഗ്രഹത്തിന്റെ വിക്ഷേപണ സുരക്ഷ, ദിശാ നിയന്ത്രണം, ഓണ്‍ബോര്‍ഡ് കമ്പ്യൂട്ടിങ്, ആശയവിനിമയ സംവിധാനങ്ങള്‍ എന്നിവ കൃത്യമായി പ്രവര്‍ത്തിപ്പിച്ചു കാണിച്ച് തങ്ങളുടെ സാങ്കേതിക ശേഷി തെളിയിക്കാന്‍ സ്റ്റാര്‍ട്ടപ്പിന് കഴിഞ്ഞു.
ഭാവിയിലെ വലിയ ദൗത്യങ്ങള്‍ക്കായി ഉപഗ്രഹ നിര്‍മാണത്തില്‍ വരുത്തേണ്ട മാറ്റങ്ങളെക്കുറിച്ചുള്ള വലിയൊരു പാഠമാണ് ഈ പ്രതിസന്ധി നല്‍കിയതെന്ന് ഗാലക്സ് ഐ സി.ഇ.ഒ സുയാഷ് സിങ് പറഞ്ഞു. ഈ അനുഭവത്തിന്റെ വെളിച്ചത്തില്‍ കൂടുതല്‍ കരുത്തുറ്റ സാങ്കേതിക വിദ്യയോടെ അടുത്ത 24 മാസത്തിനുള്ളില്‍ രണ്ട് പുതിയ ഒപ്‌റ്റോസാര്‍ ഉപഗ്രഹങ്ങള്‍ വിക്ഷേപിക്കാനാണ് കമ്പനിയുടെ അടുത്ത നീക്കം. ഐ.ഐ.ടി മദ്രാസിലെ പൂര്‍വ വിദ്യാര്‍ത്ഥികള്‍ 2021 ല്‍ ആരംഭിച്ച ഈ സ്റ്റാര്‍ട്ടപ്പിന് ഇതിനകം തന്നെ പ്രമുഖ നിക്ഷേപകരില്‍ നിന്നും വലിയ സാമ്പത്തിക പിന്തുണ ലഭ്യമായിട്ടുണ്ട്.
ആദ്യ പരീക്ഷണത്തിലെ പോരായ്മകള്‍ പരിഹരിച്ച് ഇന്ത്യന്‍ സ്വകാര്യ ബഹിരാകാശ മേഖലയില്‍ കൂടുതല്‍ കരുത്തോടെ മുന്നേറാനാണ് കമ്പനിയുടെ തീരുമാനം.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.