മോഹങ്ങള്‍ പൊലിഞ്ഞു; മോഹന്‍ ബഗാന്‍ കണ്ണീരണിഞ്ഞു: ഐഎസ്എല്‍ കിരീടം മുംബൈ സിറ്റിക്ക് (2-1)

മോഹങ്ങള്‍ പൊലിഞ്ഞു; മോഹന്‍ ബഗാന്‍ കണ്ണീരണിഞ്ഞു:   ഐഎസ്എല്‍ കിരീടം മുംബൈ സിറ്റിക്ക് (2-1)

മഡ്ഗാവ്: മോഹന്‍ ബഗാന്റെ മോഹങ്ങള്‍ പൊലിഞ്ഞു. ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫൈനലില്‍ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് എടികെ മോഹന്‍ ബഗാനെ  കീഴടക്കി മുംബൈ സിറ്റി എഫ്.സി കിരീടം ചൂടി. ഐഎസ്എല്‍ ചരിത്രത്തില്‍ മുംബൈയുടെ പ്രഥമ കിരീടമാണിത്. ആദ്യ പകുതിയില്‍ ഇരു ടീമുകളും ഓരോ ഗോള്‍ വീതം നേടി സമനില പാലിച്ചെങ്കിലും രണ്ടാം പകുതിയുടെ അവസാന മിനിറ്റില്‍ മുംബൈ ലീഡെടുക്കുകയായിരുന്നു.

മുംബൈയ്ക്കായി 90-ാം മിനിറ്റില്‍ ബിപിന്‍ സിങ്ങാണു ഗോള്‍ നേടിയത്. എടികെയ്ക്കു വേണ്ടി പതിനെട്ടാം മിനിട്ടില്‍ ഡേവിഡ് വില്യംസ് ഗോള്‍ നേടിയപ്പോള്‍ ഇരുപത്തൊമ്പതാം മിനിട്ടില്‍ ടിരിയുടെ സെല്‍ഫ് ഗോളും മുംബൈയ്ക്ക് തുണയായി. നേരത്തേ ഗ്രൂപ്പ് ഘട്ടത്തില്‍ ഒന്നാമതെത്തിയ മുംബൈ എഎഫ്‌സി ചാംപ്യന്‍സ് ലീഗിന് യോഗ്യത നേടിയിരുന്നു.

മത്സരം തുടങ്ങി പതിനെട്ടാം മിനിറ്റില്‍ എടികെ മോഹന്‍ ബഗാന്‍ ലീഡെടുത്തു. മുംബൈ സിറ്റി പ്രതിരോധ താരങ്ങളുടെ പിഴവാണ് ഗോളിലേക്കുള്ള വഴി തുറന്നത്. ബോക്‌സിന് അകത്തുനിന്നും പന്തു പിടിച്ചെടുത്ത എടികെ താരം ഡേവിഡ് വില്യംസ് ഗോളി അമരീന്ദര്‍ സിങ്ങിനെ മറികടന്ന് ഗോള്‍ നേടി. മൊര്‍ത്താഡ ഫാള്‍ അമേയ് രണവാഡെയ്ക്കു ബാക്ക് പാസ് നല്‍കിയ പന്ത് പിടിച്ചെടുത്തായിരുന്നു വില്യംസിന്റെ മുന്നേറ്റം.

ഇരുപത്തൊമ്പതാം മിനിറ്റിലാണ് ടിരിയുടെ സെല്‍ഫ് ഗോള്‍ മുംബൈയ്ക്കു തുണയായത്. മുംബൈ താരം അഹമ്മദ് ജാഹു ബിപിന്‍ സിങ്ങിന് നീട്ടി നല്‍കിയ പന്ത് ടിരി ഹെഡ് ചെയ്ത് അകറ്റാന്‍ ശ്രമിക്കുകയായിരുന്നു. എന്നാല്‍ പന്ത് സ്വന്തം പോസ്റ്റിലേക്കു ചെന്നു പതിക്കുകയായിരുന്നു. ടിരിയും ഗോളി അരിന്ദം ബട്ടാചാര്യയും തമ്മിലുള്ള ആശയക്കുഴപ്പവും മോഹന്‍ ബഗാനു തിരിച്ചടിയായി.

ആദ്യ പകുതിയുടെ അവസാന മിനിറ്റില്‍ മുംബൈ താരം അമേയ് രണവാഡെ ഗുരുതര പരുക്കേറ്റു പുറത്തായി. എടികെ താരവുമായി കൂട്ടിയിടിച്ചാണ് ഇന്ത്യന്‍ യുവതാരം രണവാഡെയ്ക്ക് പരുക്കേറ്റത്. ഗ്രൗണ്ടില്‍ ബോധരഹിതനായി വീണ അമേയെ ഉടന്‍ ആംബുലന്‍സെത്തി ആശുപത്രിയിലേക്കു കൊണ്ടുപോയി.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.