ന്യൂഡല്‍ഹി: ഇന്‍സ്റ്റാഗ്രാം പ്ലാറ്റ്ഫോമിലെ പരസ്യങ്ങളിലൂടെ കുട്ടികള്‍ക്കെതിരായ ലൈംഗികാതിക്രമ ഉള്ളടക്കങ്ങള്‍ പ്രചരിക്കുന്നുവെന്ന വാര്‍ത്തകളില്‍ കേന്ദ്ര സര്‍ക്കാര്‍ കടുത്ത നിലപാടിലേക്ക് കടന്നതോടെ വിശദീകരണവുമായി മാതൃകമ്പനിയായ മെറ്റ രംഗത്തെത്തി.
കുട്ടികള്‍ക്കെതിരായ ലൈംഗിക ചൂഷണങ്ങള്‍ തടയുന്നതില്‍ സീറോ ടോളറന്‍സ് നയമാണ് തങ്ങള്‍ പിന്തുടരുന്നതെന്നും പ്ലാറ്റ്ഫോം സുരക്ഷ ഉറപ്പാക്കാന്‍ എഐ സംവിധാനങ്ങള്‍ അടക്കം നിരന്തരം നവീകരിക്കുന്നുണ്ടെന്നും കമ്പനി വ്യക്തമാക്കി.
ടെലഗ്രാം വഴിയുള്ള അനധികൃത ശൃംഖലകളിലേക്ക് വഴിതിരിച്ചുവിടുന്ന തരത്തില്‍ കുട്ടികള്‍ക്കെതിരായ അതിക്രമങ്ങള്‍ അടങ്ങിയ പരസ്യങ്ങള്‍ ഇന്‍സ്റ്റാഗ്രാമില്‍ പ്രത്യക്ഷപ്പെടുന്നുണ്ടെന്ന് അടുത്തിടെ ബിബിസി അന്വേഷണാത്മക റിപ്പോര്‍ട്ട് പുറത്തുവിട്ടിരുന്നു. ഇതിന് പിന്നാലെയാണ് കേന്ദ്ര ഐടി മന്ത്രാലയം വിഷയം ഏറ്റെടുക്കുകയും കേന്ദ്ര മന്ത്രി അശ്വിനി വൈഷ്ണവിന്റെ നിര്‍ദേശ പ്രകാരം കമ്പനിയോട് ഏഴ് ദിവസത്തിനകം സമഗ്ര വിശദീകരണം ആവശ്യപ്പെട്ട് നോട്ടീസ് അയക്കുകയും ചെയ്തത്.
വിഷയം അന്വേഷിക്കാന്‍ മെറ്റയിലെ മുതിര്‍ന്ന ഉദ്യോഗസ്ഥരെ വിളിച്ചുവരുത്താനും മന്ത്രാലയം തീരുമാനിച്ചിട്ടുണ്ട്. കേന്ദ്ര ഇടപെടലിന് പിന്നാലെ പ്രസിദ്ധീകരിച്ച വാര്‍ത്താക്കുറിപ്പില്‍, റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാണിച്ച സംശയാസ്പദമായ പരസ്യങ്ങളും അക്കൗണ്ടുകളും നീക്കം ചെയ്തതായി മെറ്റ അറിയിച്ചു. കഴിഞ്ഞ ആറ് മാസത്തിനിടെ ഇന്ത്യയില്‍ മാത്രം ഇത്തരത്തിലുള്ള 1.6 ലക്ഷത്തോളം അക്കൗണ്ടുകള്‍ റദ്ദാക്കിയിട്ടുണ്ട്. കൂടാതെ ആഗോളതലത്തില്‍ കഴിഞ്ഞ വര്‍ഷം 3.6 കോടിയോളം നയ ലംഘന ഉള്ളടക്കങ്ങള്‍ നീക്കം ചെയ്യുകയും 40 ലക്ഷത്തിലധികം അക്കൗണ്ടുകള്‍ പ്രവര്‍ത്തന രഹിതമാക്കുകയും ചെയ്തിട്ടുണ്ടെന്ന് കമ്പനി വ്യക്തമാക്കുന്നു.
തുടക്കത്തില്‍ തന്നെ ഇത്തരം ലിങ്കുകള്‍ തിരിച്ചറിയാന്‍ അത്യാധുനിക എഐ ഡിറ്റക്ഷന്‍ സാങ്കേതിക വിദ്യയാണ് മെറ്റ ഉപയോഗിക്കുന്നത്. കുറ്റവാളികള്‍ നിരന്തരം സുരക്ഷാ സംവിധാനങ്ങളെ മറികടക്കാന്‍ ശ്രമിക്കുന്നുണ്ടെങ്കിലും 24 മണിക്കൂറും സജീവമായ എന്‍ഫോഴ്സ്മെന്റ് ടീം ഇത് പ്രതിരോധിക്കാന്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന് മെറ്റ ചൂണ്ടിക്കാട്ടുന്നു. ഇത്തരം പരസ്യങ്ങള്‍ക്ക് പിന്നില്‍ കമ്പനിയുടെ സാമ്പത്തിക താല്‍പര്യങ്ങളാണെന്ന ആരോപണം നിഷേധിച്ച മെറ്റ, ഉപയോക്താക്കളുടെ സുരക്ഷയ്ക്കാണ് പ്രഥമ പരിഗണന നല്‍കുന്നതെന്നും നയലംഘനം നടത്തുന്ന യുആര്‍എലുകള്‍ പൂര്‍ണമായും ബ്ലോക്ക് ചെയ്യാനുള്ള നടപടികള്‍ ഊര്‍ജ്ജിതമാക്കിയെന്നും കൂട്ടിച്ചേര്‍ത്തു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.