പാരീസ്: ഭൗതികമായ നിയമങ്ങളേക്കാളും ജനഹിതത്തേക്കാളും ഉപരിയായി ദൈവകല്പനകളെയും ജീവന്റെ വിശുദ്ധിയെയും മുറുകെപ്പിടിച്ച് ഫ്രഞ്ച് സഭ. ഫ്രാൻസിൽ ഏറെ വിവാദങ്ങൾക്കിടയാക്കിയ ‘ദയാവധ ബിൽ’ പാസാക്കാൻ സർക്കാർ നീക്കം നടത്തുമ്പോൾ ഇതിനെ പിന്തുണയ്ക്കുന്ന കത്തോലിക്കാ ജനപ്രതിനിധികൾക്ക് മുന്നറിയിപ്പുമായി ഫ്രഞ്ച് ബിഷപ്പ് മാർക്ക് ഐലെറ്റ് രംഗത്തെത്തി. ഇത്തരം വിനാശകരമായ തീരുമാനങ്ങളെ അനുകൂലിക്കുന്ന കത്തോലിക്കരായ ജനപ്രതിനിധികൾക്ക് വിശുദ്ധ കുർബാന സ്വീകരിക്കാൻ അർഹതയില്ലെന്ന് അദേഹം വ്യക്തമാക്കി.
മരണാസന്നരായ രോഗികൾക്ക് ഡോക്ടർമാരുടെ സഹായത്തോടെ ജീവൻ അവസാനിപ്പിക്കാൻ അനുമതി നൽകുന്ന ‘മരിക്കാനുള്ള സഹായം’ എന്ന ബിൽ നാഷണൽ അസംബ്ലിയിൽ വോട്ടെടുപ്പിന് എത്തുകയാണ്. വേദനിക്കുന്നവരെ കൊലപ്പെടുത്തിക്കൊണ്ട് ആശ്വാസം നൽകുന്നത് ‘വ്യാജ കാരുണ്യം’ ആണെന്ന് ബിഷപ്പ് ഐലെറ്റ് ഓർമ്മിപ്പിച്ചു.
"പൊതുജീവിതത്തിൽ ഏർപ്പെട്ടിരിക്കുന്ന ഒരു കത്തോലിക്കനും സഭയുടെ അടിസ്ഥാന തത്ത്വങ്ങളെ അവഗണിക്കാൻ കഴിയില്ല. സഭയുടെ ധാർമ്മിക പഠനങ്ങൾക്ക് വിരുദ്ധമായി പരസ്യമായി വോട്ട് ചെയ്യുന്നത് സഭാപരമായ ഐക്യത്തിന് ഗുരുതരമായ കോട്ടം വരുത്തും," എന്ന് ബിഷപ്പ് ചൂണ്ടിക്കാട്ടി. ചെയ്യാനിരിക്കുന്ന പ്രവർത്തിയുടെ ഗൗരവം മനസിലാക്കിക്കൊണ്ട് ജനപ്രതിനിധികൾ മനസാക്ഷി പരിശോധന നടത്തണമെന്നും ആഹ്വാനം ചെയ്തു.
മാരകമായ രോഗം ബാധിച്ച മുതിർന്ന പൗരന്മാർക്ക് മാത്രമാണ് അനുമതിയെന്ന് സർക്കാർ വാദിക്കുന്നുണ്ടെങ്കിലും, ഇത് സമൂഹത്തിൽ വലിയ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുമെന്ന് ആരോഗ്യ പ്രവർത്തകരും സന്നദ്ധ സംഘടനകളും ഭയപ്പെടുന്നു. പാലിയേറ്റീവ് ചികിത്സകൾക്ക് പകരം ജീവൻ അവസാനിപ്പിക്കുന്നത് ഒരു എളുപ്പവഴിയായി സമൂഹം മാറുമെന്ന ആശങ്ക ശക്തമാണ്. കൂടാതെ കത്തോലിക്കാ സഭയുടെ കീഴിൽ പ്രവർത്തിക്കുന്ന ആരോഗ്യ സ്ഥാപനങ്ങൾക്ക് ഇത്തരം നിയമം വലിയ വെല്ലുവിളിയാകും.
ലോകത്തിന് 'ജീവനുണ്ടാകാൻ' എന്ന സന്ദേശവുമായി ലിയോ പതിനാലാമൻ മാർപാപ്പ ഫ്രാൻസ് സന്ദർശിക്കാനിരിക്കെ ജീവന്റെ മൂല്യത്തെ ഇകഴ്ത്തുന്ന ഇത്തരമൊരു നിയമനിർമ്മാണവുമായി സർക്കാർ മുന്നോട്ട് പോകുന്നതിലെ വിരോധാഭാസം വിശ്വാസി സമൂഹത്തെ ഏറെ വേദനിപ്പിക്കുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.