ഫുട്‌ബോള്‍ ആവേശത്തിന് തടസമില്ല; ലോകകപ്പ് ഫൈനല്‍ ദിനത്തില്‍ സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണം ഒഴിവാക്കാന്‍ കെ.എസ്.ഇ.ബി

ഫുട്‌ബോള്‍ ആവേശത്തിന് തടസമില്ല; ലോകകപ്പ് ഫൈനല്‍ ദിനത്തില്‍ സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണം ഒഴിവാക്കാന്‍ കെ.എസ്.ഇ.ബി

തിരുവനന്തപുരം: ലോകകപ്പ് ഫൈനല്‍ മത്സരത്തിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് ഞായറാഴ്ച വൈദ്യുതി നിയന്ത്രണം ഉണ്ടാകില്ലെന്ന് അധികൃതര്‍ അറിയിച്ചു. ഫുട്‌ബോള്‍ ആരാധകരുടെ ആവേശം ചോര്‍ന്നുപോകാതിരിക്കാന്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് അധിക വൈദ്യുതി വാങ്ങിയാണ് കെ.എസ്.ഇ.ബി പ്രതിസന്ധി മറികടക്കുന്നത്. 200 മെഗാവാട്ട് വൈദ്യുതി വാങ്ങാന്‍ റെഗുലേറ്ററി കമ്മീഷന്‍ കെ.എസ്.ഇ.ബിക്ക് അനുമതി നല്‍കിയിട്ടുണ്ട്. റൗണ്ട് ക്ലോക്ക് അടിസ്ഥാനത്തില്‍ കൂടുതല്‍ വൈദ്യുതി ലഭ്യമാക്കാനുള്ള മറ്റ് മാര്‍ഗങ്ങളും ബോര്‍ഡ് സജീവമായി തേടുന്നുണ്ട്.

സംസ്ഥാനത്ത് രൂക്ഷമായ വൈദ്യുതി പ്രതിസന്ധി നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് ലോകകപ്പ് ഫൈനല്‍ പ്രമാണിച്ച് കെ.എസ്.ഇ.ബി പ്രത്യേക അപേക്ഷയുമായി റെഗുലേറ്ററി കമ്മീഷനെ സമീപിച്ചത്. ഇതനുസരിച്ച് എന്‍.ടി.പി.സി, പവര്‍ പള്‍സ് ട്രേഡിങ് സൊല്യൂഷന്‍സ് ലിമിറ്റഡ് എന്നി കമ്പനികളില്‍ നിന്ന് 100 മെഗാവാട്ട് വീതം വൈദ്യുതി വാങ്ങാനാണ് തീരുമാനം. യൂണിറ്റിന് 5.96 രൂപ നിരക്കിലാണ് ഈ അധിക വൈദ്യുതി സംസ്ഥാനം വാങ്ങുന്നത്.

മഴയുടെ കുറവും ഡാമുകളിലെ ജലനിരപ്പ് താഴ്ന്നതുമാണ് സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധിക്ക് കാരണമെന്ന് വൈദ്യുതി മന്ത്രി സണ്ണി ജോസഫ് വ്യക്തമാക്കിയിരുന്നു. എന്നാല്‍ മുന്‍പ് പലയിടങ്ങളിലും ലോകകപ്പ് മത്സരങ്ങള്‍ക്കിടെ ഉണ്ടായ പവര്‍കട്ട് വ്യാപകമായ ജനരോഷത്തിന് കാരണമായിരുന്നു. കൊച്ചി എളമക്കരയില്‍ പവര്‍കട്ടിനിടെ കത്തിച്ച മെഴുകുതിരിയില്‍ നിന്ന് തീപടര്‍ന്ന് വയോധിക മരിക്കാനിടയായ സംഭവവും ഓക്‌സിജന്‍ സിലിണ്ടര്‍ പ്രവര്‍ത്തിക്കാതെ രോഗി മരിച്ചെന്ന ആരോപണവും സര്‍ക്കാരിനെ പ്രതിരോധത്തിലാക്കിയിരുന്നു.

കഴിഞ്ഞ ദിവസങ്ങളില്‍ ചിലയിടങ്ങളില്‍ കെ.എസ്.ഇ.ബി പ്രഖ്യാപിക്കാത്ത ലോഡ്‌ഷെഡിങ് ഏര്‍പ്പെടുത്തിയത് ജനങ്ങളെ ബുദ്ധിമുട്ടിച്ചിരുന്നു. എന്നാല്‍ ഇന്നത്തെ മെഗാ ഫൈനല്‍ മത്സരം തടസമില്ലാതെ കാണാന്‍ സാധിക്കുമെന്ന ആശ്വാസത്തിലാണ് ഇപ്പോള്‍ കായിക പ്രേമികള്‍.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.