അഞ്ചരക്കണ്ടി ദന്തല്‍ കോളേജ് വിദ്യാര്‍ത്ഥി നിതിന്‍ രാജിന്റെ ആത്മഹത്യ; മുഖ്യപ്രതി ഡോ. റാം പിടിയില്‍

അഞ്ചരക്കണ്ടി ദന്തല്‍ കോളേജ് വിദ്യാര്‍ത്ഥി നിതിന്‍ രാജിന്റെ ആത്മഹത്യ; മുഖ്യപ്രതി ഡോ. റാം പിടിയില്‍

കണ്ണൂര്‍: കണ്ണൂര്‍ അഞ്ചരക്കണ്ടി ദന്തല്‍ കോളേജ് വിദ്യാര്‍ത്ഥി നിതിന്‍ രാജ് ആത്മഹത്യ ചെയ്ത കേസിലെ മുഖ്യപ്രതി ഡോ.എം.കെ റാം പിടിയില്‍. കര്‍ണാടകയിലെ കുടകില്‍ നിന്നാണ്  ക്രൈം ബ്രാഞ്ച്   ഇയാളെ പിടികൂടിയത്. അറസ്റ്റിലായ ഡോ.റാമിനെ കണ്ണൂരിലെത്തിച്ചു. അന്വേഷണമാരംഭിച്ച് മൂന്ന് മാസങ്ങള്‍ക്ക് ശേഷമാണ് ഡോ. റാം പിടിയിലാകുന്നത്.

ഡോ. റാമിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ കഴിഞ്ഞ ദിവസം സുപ്രീം കോടതി തള്ളിയിരുന്നു. പ്രതിക്കെതിരെ കടുത്ത ഭാഷയില്‍ വിമര്‍ശനവും കോടതിയുടെ ഭാഗത്തു നിന്നും ഉണ്ടായിരുന്നു. വിദ്യാര്‍ത്ഥികളോട് അധ്യാപകര്‍ ഇങ്ങനെയാണോ പെരുമാറേണ്ടതെന്ന് റാമിന്റെ അഭിഭാഷകനോട് കോടതി ചോദിച്ചു.

സഹപാഠികള്‍ക്ക് മുന്നില്‍ വച്ച് ഇത്തരത്തില്‍ അപമാനിക്കപ്പെടുമ്പോള്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഉണ്ടാകുന്ന മാനസികാവസ്ഥയെപ്പറ്റി ചിന്തിച്ചിട്ടുണ്ടോയെന്നും കോടതി ആരാഞ്ഞു. സംഭവം ക്രൂരവും മനുഷ്യത്വരഹിതവുമാണെന്ന് പറഞ്ഞ കോടതി ഇത്തരം പ്രവൃത്തികള്‍ ചെയ്യുന്ന അധ്യാപകര്‍ അതിന്റെ പ്രത്യാഘാതം എന്താണെന്ന് മനസിലാക്കണമെന്നും കോടതി പറഞ്ഞു.

എന്നാല്‍ ജാതി അധിക്ഷേപം നടന്നിട്ടില്ലെന്നും അതിന് തെളിവില്ലെന്നുമായിരുന്നു റാമിന് വേണ്ടി ഹാജരായ അഭിഭാഷകന്റെ വാദം. കോടതി ജാമ്യാപേക്ഷ തള്ളിയതിന് പിന്നാലെ അന്വേഷണം ക്രൈംബ്രാഞ്ച് സംഘം സജീവമാക്കുകയായിരുന്നു. ആന്ധ്രാപ്രദേശിലെ ചിറ്റൂരില്‍ ഇയാള്‍ ഒളിവില്‍ കഴിയുന്നുണ്ടെന്നായിരുന്നു ആദ്യ സൂചന.

എന്നാല്‍ പിന്നീട് ബംഗളൂരുവില്‍ എത്തിയതായും പൊലീസിന് വിവരം ലഭിച്ചു. ഇതേ തുടര്‍ന്ന് രണ്ട് ദിവസം മുന്‍പ് ക്രൈംബ്രാഞ്ച് സംഘം ബംഗളൂരുവിലെത്തിയിരുന്നു. പിന്നാലെ കുടക് കേന്ദ്രീകരിച്ചും നിരീക്ഷണം ശക്തമാക്കിയതോടെയാണ് ഇയാള്‍ വലയിലായത്.

ഡോ. റാമിനെ അറസ്റ്റ് ചെയ്തതില്‍ സന്തോഷമുണ്ടെന്നും കേസിലെ മറ്റ് പ്രതികളെക്കൂടി അറസ്റ്റ് ചെയ്ത് ശിക്ഷ വാങ്ങിക്കൊടുത്താല്‍ മാത്രമേ തന്റെ മകന് നീതി ലഭിക്കൂവെന്നും നിതിന്‍ രാജിന്റെ പിതാവ് രാജന്‍ പ്രതികരിച്ചു.

കഴിഞ്ഞ ഏപ്രില്‍ പത്തിനാണ് നിതിന്‍ രാജ് കോളേജ് കെട്ടിടത്തില്‍ നിന്ന് ചാടി ആത്മഹത്യ ചെയ്തത്. അധ്യാപകരുടെ ഭാഗത്തു നിന്നുണ്ടായ മാനസിക പീഡനമാണ് നിതിന്‍ രാജിനെ ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് ആരോപണം. ഡെന്റല്‍ അനാട്ടമി വിഭാഗം മേധാവി ഡോ. റാം മാനസികമായി പീഡിപ്പിക്കുന്നുണ്ടെന്ന് നിതിന്‍ രാജ് നേരത്തേ വീട്ടുകാരെ അറിയിച്ചിരുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.