ലണ്ടന്‍: ബ്രിട്ടന്റെ പുതിയ പ്രധാനമന്ത്രിയായി ലേബര്‍ പാര്‍ട്ടി നേതാവ് ആന്‍ഡി ബേണം ചുമതലയേറ്റു. ബ്രിട്ടീഷ് പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിയായ ലണ്ടനിലെ 10 ഡൗണിങ് സ്ട്രീറ്റിലായിരുന്നു ചടങ്ങ്. ഇതോടെ രണ്ട് വര്‍ഷം നീണ്ട ഭരണത്തിന് വിരാമമിട്ട് ലേബര്‍ പാര്‍ട്ടി നേതാവായ കെയര്‍ സ്റ്റാമര്‍ പടിയിറങ്ങി.
പ്രാദേശിക തിരഞ്ഞെടുപ്പിലെ തിരിച്ചടിയും പാര്‍ട്ടിയിലെ സമ്മര്‍ദ്ദവും കണക്കിലെടുത്ത് സ്റ്റാമര്‍ കഴിഞ്ഞ ജൂണില്‍ രാജി പ്രഖ്യാപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് പാര്‍ട്ടിയിലെ സ്റ്റാമറുടെ എതിരാളിയായ ബേണത്തിന് നറുക്ക് വീണത്. മുന്നൂറിലേറെ എം.പിമാരുടെ പിന്തുണയോടെയാണ് ബേണം ലേബര്‍ പാര്‍ട്ടിയുടെ പുതിയ നേതാവായി എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടത്.
കുതിച്ചുയരുന്ന ജീവിത ചെലവ്, അനധികൃത കുടിയേറ്റം തുടങ്ങിയ കാര്യങ്ങള്‍ പുതിയ പ്രധാനമന്ത്രിക്ക് വെല്ലുവിളിയാണ്. രാജ്യത്ത് പുത്തന്‍ സമ്പദ് വ്യവസ്ഥ കെട്ടിപ്പടുക്കുമെന്ന് അധികാരമേറ്റതിന് പിന്നാലെ അദേഹം പറഞ്ഞു. സമ്പദ് വ്യവസ്ഥയെ പുനര്‍നിര്‍മിക്കാനുള്ള പത്ത് വര്‍ഷ പദ്ധതി ഇക്കൊല്ലം പ്രഖ്യാപിക്കും.
1970 ജനുവരി ഏഴിനാണ് ആന്‍ഡി ബേണം ജനിച്ചത്. പതിനഞ്ചാം വയസില്‍ ലേബര്‍ പാര്‍ട്ടിയില്‍ അംഗമായി. കേംബ്രിഡ്ജ് യൂണിവേഴ്‌സിറ്റിയില്‍ നിന്ന് ഇംഗ്ലീഷ് സാഹിത്യത്തില്‍ എം.എ കരസ്ഥമാക്കിയ അദേഹം ഹെല്‍ത്ത്, കള്‍ച്ചര്‍ സെക്രട്ടറിയായും ഗ്രേറ്റര്‍ മാഞ്ചസ്റ്ററില്‍ മേയറായും സേവനമനുഷ്ടിച്ചിട്ടുണ്ട്.
2001 ല്‍ ആദ്യമായി എം.പിയായി. ഇപ്പോള്‍ മേക്കര്‍ഫീല്‍ഡില്‍ നിന്നുള്ള എം.പിയാണ്. വടക്കന്‍ ഇംഗ്ലണ്ടിന്റെ അവകാശങ്ങള്‍ക്കായി ശബ്ദമുയര്‍ത്തിയ അദേഹം 'കിംഗ് ഒഫ് ദ നോര്‍ത്ത് ' എന്ന പേരിലും അറിയപ്പെടുന്നു. ഭാര്യ ഡച്ച് വംശജ മേരി ഫ്രാന്‍സ് വാന്‍ ഹീല്‍. മൂന്ന് മക്കള്‍.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.