നിലമ്പൂര്‍: ഗതാഗത സൗകര്യമില്ലാതെ ആശുപത്രിയിലെത്താന്‍ വൈകിയതിനെ തുടര്‍ന്ന് ഗര്‍ഭപാത്രം പൊട്ടി അതീവ ഗുരുതരാവസ്ഥയിലായ 25 കാരിയായ ആദിവാസി യുവതിയെ സങ്കീര്‍ണ്ണമായ ശസ്ത്രക്രിയയിലൂടെ രക്ഷപ്പെടുത്തി നിലമ്പൂര്‍ ജില്ലാ ആശുപത്രിയിലെ ഡോക്ടര്‍മാര്‍.
പ്രസവവേദന വന്ന് മണിക്കൂറുകള്‍ കഴിഞ്ഞിട്ടും വാഹനം ലഭിക്കാതിരുന്നതിനാല്‍ കുഞ്ഞ് അമ്മയുടെ വയറിനുള്ളില്‍ കുടലിനും കരളിനും ഇടയില്‍ കുടുങ്ങിപ്പോയ നിലയിലാണ് യുവതിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
ചുങ്കത്തറ പള്ളിക്കുത്ത് ചീരക്കുഴി ഉന്നതി കോളനിയിലെ യുവതിയാണ് ഡോക്ടര്‍മാരുടെ അവസരോചിതമായ ഇടപെടലിലൂടെ മരണമുഖത്ത് നിന്ന് ജീവിതത്തിലേക്ക് തിരിച്ചെത്തിയത്. ഗുരുതരാവസ്ഥയിലുള്ള നവജാത ശിശുവിനെ വിദഗ്ധ ചികിത്സയ്ക്കായി കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റി.
മുമ്പ് രണ്ട് സിസേറിയനുകള്‍ കഴിഞ്ഞിട്ടുള്ള യുവതിക്ക് പ്രസവവേദന ആരംഭിച്ചെങ്കിലും ഉള്‍നാടന്‍ പ്രദേശമായതിനാല്‍ സമയത്ത് വാഹനം കിട്ടിയിരുന്നില്ല. തുടര്‍ന്ന് ജൂലൈ 20 ന് രാവിലെ പത്തോടെ ഓട്ടോറിക്ഷയിലാണ് ബന്ധുക്കള്‍ യുവതിയെ നിലമ്പൂര്‍ ജില്ലാ ആശുപത്രിയിലെത്തിച്ചത്. ഗര്‍ഭകാല പരിശോധനാ രേഖകളോ രക്ത ഗ്രൂപ്പ് വിവരങ്ങളോ കൈവശമില്ലാതിരുന്ന യുവതിയുടെ അവസ്ഥ പെട്ടെന്ന് തന്നെ വഷളാകുകയായിരുന്നു.
ആദ്യ ഘട്ടത്തില്‍ യുവതിയെ ഐസിയു ആംബുലന്‍സില്‍ മഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റാനായിരുന്നു തീരുമാനിച്ചതെങ്കിലും, യാത്ര ചെയ്യാനുള്ള ആരോഗ്യം പോലും യുവതിക്കില്ലെന്ന് ഗൈനക്കോളജി വിഭാഗം തിരിച്ചറിഞ്ഞു. മഞ്ചേരിയിലേക്ക് എത്തിക്കുന്നതിന് മുന്‍പ് ജീവന്‍ അപകടത്തിലാകുമെന്ന നിഗമനത്തില്‍, സൂപ്രണ്ട് ഇന്‍ ചാര്‍ജ് ഡോ. എന്‍.എന്‍ പാമിലിയുടെ അനുമതിയോടെ ഉടന്‍ തന്നെ അടിയന്തര ശസ്ത്രക്രിയ നടത്താന്‍ തീരുമാനിക്കുകയായിരുന്നു. വിവരം ഐടിഡിപി അധികൃതരെയും ഡോക്ടര്‍മാര്‍ സമയാസമയങ്ങളില്‍ അറിയിച്ചു.
ആശുപത്രിയിലെത്തിച്ച് അര മണിക്കൂറിനുള്ളില്‍ ആരംഭിച്ച ശസ്ത്രക്രിയയില്‍ ഗര്‍ഭപാത്രം പൂര്‍ണമായി തകര്‍ന്ന നിലയിലാണെന്ന് ഡോക്ടര്‍മാര്‍ കണ്ടു. ഗര്‍ഭ പാത്രത്തില്‍ നിന്ന് പുറത്തുവന്ന കുഞ്ഞ് അമ്മയുടെ വയറിനുള്ളില്‍ കുടലിനും കരളിനും ഇടയിലുള്ള ഭാഗത്താണ് കിടന്നിരുന്നത്. ഡോക്ടര്‍മാരുടെ കഠിന ശ്രമത്തിനൊടുവില്‍ കുഞ്ഞിനെ പുറത്തെടുത്ത് പ്രാഥമിക ചികിത്സ നല്‍കിയ ശേഷം വെന്റിലേറ്റര്‍ സൗകര്യമുള്ള ഐസിയു ആംബുലന്‍സില്‍ കോഴിക്കോട് മെഡിക്കല്‍ കോളജില്‍ എത്തിച്ചു.
പ്രസവ ശസ്ത്രക്രിയ വിദഗ്ധ ഡോ. ലക്ഷ്മി രാജ്‌മോഹന്റെ നേതൃത്വത്തിലായിരുന്നു സങ്കീര്‍ണമായ ശസ്ത്രക്രിയ നടന്നത്. അനസ്തീഷ്യ വിഭാഗം ഡോക്ടര്‍മാരായ ശ്രീകാന്ത്, ഫാസില്‍, ശിശുരോഗ വിദഗ്ധന്‍ ഡോ. മുജീബ്, പ്രസവ വിഭാഗത്തിലെ ഡോ. അനീസ എന്നിവരും ജീവന്‍രക്ഷാ ദൗത്യത്തില്‍ പങ്കാളികളായി.
നഴ്‌സിങ് ഓഫീസര്‍മാരായ സുധ, സിന്ധു, ബിനി, ബിന്ദു, രജനി എന്നിവരടങ്ങുന്ന സംഘമാണ് അടിയന്തരമായി ഓപ്പറേഷന്‍ തിയേറ്ററിലെ മറ്റ് കാര്യങ്ങല്‍ സജ്ജമാക്കിയത്. ഡോക്ടര്‍മാരുടെയും ജീവനക്കാരുടെയും അവസരോചിതമായ ഇടപെടലിന് വലിയ രീതിയിലുള്ള പ്രശംസയാണ് ഉയരുന്നത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.