ടവറുകളില്ല, ഇന്റര്‍നെറ്റുമില്ല: പൊലീസിനെ വെട്ടിച്ച് സി.ജെ.പി പ്രക്ഷോഭകരുടെ രഹസ്യ ബിറ്റ്ചാറ്റ്

ടവറുകളില്ല, ഇന്റര്‍നെറ്റുമില്ല: പൊലീസിനെ വെട്ടിച്ച് സി.ജെ.പി പ്രക്ഷോഭകരുടെ രഹസ്യ ബിറ്റ്ചാറ്റ്

ന്യൂഡല്‍ഹി: ഡല്‍ഹിയിലെ കൊണാട്ട് പ്ലേസ്, ജന്തര്‍ മന്തര്‍ എന്നിവിടങ്ങളില്‍ പ്രക്ഷോഭം നടത്തുന്ന കോക്രോച്ച് ജനത പാര്‍ട്ടി പ്രവര്‍ത്തകര്‍ ഇന്റര്‍നെറ്റ് നിരോധനങ്ങളെ മറികടക്കാന്‍ അത്യാധുനിക ഓഫ്‌ലൈന്‍ മെസേജിങ് സാങ്കേതികവിദ്യ ഉപയോഗിക്കുന്നതായി റിപ്പോര്‍ട്ട്. പൊലീസ് സേന ഈ മേഖലകളില്‍ മൊബൈല്‍ നെറ്റ്‌വര്‍ക്കുകളും 4ജി, 5ജി ഇന്റര്‍നെറ്റ് സേവനങ്ങളും വിച്ഛേദിച്ചിട്ടുണ്ടെങ്കിലും, ബ്ലൂടൂത്ത് മെഷ് നെറ്റ്‌വര്‍ക്കിങ് സാങ്കേതിക വിദ്യ പ്രയോജനപ്പെടുത്തിയാണ് പ്രക്ഷോഭകര്‍ ആശയവിനിമയം തുടരുന്നത്.

മൊബൈല്‍ ഡാറ്റയോ സെല്ലുലാര്‍ നെറ്റ്‌വര്‍ക്കോ വൈഫൈയോ ഇല്ലാതെ തന്നെ സ്മാര്‍ട്ട്ഫോണുകള്‍ തമ്മില്‍ നേരിട്ട് ബന്ധപ്പെടാന്‍ ബ്ലൂടൂത്ത് മെഷ് സാങ്കേതിക വിദ്യയിലൂടെ സാധിക്കുന്നു. വാട്ട്സ്ആപ്പ്, ടെലിഗ്രാം, സിഗ്‌നല്‍ തുടങ്ങിയ പരമ്പരാഗത ആപ്പുകളില്‍ നിന്ന് വ്യത്യസ്തമായി സ്മാര്‍ട്ട്ഫോണുകളിലെ ബ്ലൂടൂത്ത് ലോ എനര്‍ജി സാങ്കേതിക വിദ്യയാണ് ഇത്തരം ആപ്പുകള്‍ പ്രയോജനപ്പെടുത്തുന്നത്.

അയക്കുന്ന സന്ദേശങ്ങള്‍ കേന്ദ്രീകൃത സെര്‍വറുകളിലേക്കോ മൊബൈല്‍ ടവറുകളിലേക്കോ പോകുന്നതിന് പകരം, എന്‍ക്രിപ്റ്റ് ചെയ്ത രൂപത്തില്‍ തൊട്ടടുത്തുള്ള മറ്റ് ഫോണുകളിലേക്ക് നേരിട്ട് അയക്കപ്പെടുന്നു. വലിയ അളവില്‍ ആളുകള്‍ ഒത്തുചേരുന്ന സ്ഥലങ്ങളില്‍ ഈ ഫോണുകള്‍ ചേര്‍ന്ന് ഒരു സ്വതന്ത്ര മെഷ് നെറ്റ്വര്‍ക്ക് (Mesh Network) രൂപീകരിക്കുന്നു. ഇതുവഴി ഒരു ഫോണില്‍ നിന്ന് മറ്റൊന്നിലേക്ക് റിലേ ചെയ്യപ്പെട്ട് സന്ദേശങ്ങള്‍ ഉദേശിച്ച ആളിലേക്ക് കൃത്യമായി എത്തുന്നു.

പ്രക്ഷോഭകരുടെ പ്രധാന ആശ്രയം ട്വിറ്റര്‍ മുന്‍ സി.ഇ.ഒ ജാക്ക് ഡോര്‍സി പുറത്തിറക്കിയ ബിറ്റ്ചാറ്റ് എന്ന ആപ്പാണ്. ഫോണ്‍ നമ്പറോ വ്യക്തിഗത അക്കൗണ്ടോ ഇല്ലാതെ തന്നെ തികച്ചും അജ്ഞാതമായി സന്ദേശങ്ങള്‍ കൈമാറാന്‍ കഴിയും എന്നതാണ് ഇതിന്റെ ഏറ്റവും വലിയ പ്രത്യേകത. ഗൂഗിള്‍ പ്ലേ സ്റ്റോറിലും ആപ്പിള്‍ ആപ്പ് സ്റ്റോറിലും വലിയ പ്രചാരം നേടിയ ഈ ആപ്പ്, ഇന്റര്‍നെറ്റ് പൂര്‍ണമായി വിച്ഛേദിക്കപ്പെടുന്ന സാഹചര്യങ്ങളിലും പ്രതിസന്ധികളിലും ആശയ വിനിമയം സുഗമമാക്കാന്‍ സഹായിക്കുന്നു.

ഹോങ്കോങ്, ഉക്രെയ്ന്‍, നേപ്പാള്‍ എന്നിവിടങ്ങളിലെ പ്രക്ഷോഭങ്ങളിലും പ്രകൃതി ദുരന്ത വേളകളിലും സമാനമായ സാങ്കേതിക വിദ്യകള്‍ മുമ്പും വിജയകരമായി ഉപയോഗിച്ചിട്ടുണ്ട്. പ്രക്ഷോഭകര്‍ ഓഫ്‌ലൈന്‍ ആപ്പുകള്‍ ഉപയോഗിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടതോടെ അന്വേഷണം ശക്തമാക്കാന്‍ ഡല്‍ഹി പൊലീസ് തീരുമാനിച്ചിട്ടുണ്ട്. ആപ്പ് നിര്‍മാതാക്കളില്‍ നിന്ന് ഉപയോക്താക്കളുടെ വിവരങ്ങള്‍ ശേഖരിക്കാനും പ്രദേശത്തെ ഐ.പി.ഡി.ആര്‍ രേഖകള്‍ പരിശോധിച്ച് സാങ്കേതിക വിവരങ്ങള്‍ കണ്ടെത്താനുമുള്ള ശ്രമങ്ങള്‍ നടക്കുന്നുണ്ട്.

കൂടാതെ കൊണാട്ട് പ്ലേസ്, ജന്തര്‍ മന്തര്‍ മേഖലകളിലെ സിസിടിവി ദൃശ്യങ്ങളും അത്യാധുനിക ഫേഷ്യല്‍ റെക്കഗ്‌നിഷന്‍ സാങ്കേതിക വിദ്യയും പ്രയോജനപ്പെടുത്തി പ്രക്ഷോഭകരെ വേഗത്തില്‍ തിരിച്ചറിയാനുള്ള നടപടികളും പൊലീസ് ഊര്‍ജിതമാക്കിയിട്ടുണ്ട്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.