‘ദൈവത്തിലുള്ള വിശ്വസമാണ് എന്റെ അ‌ടിയുറച്ച കരുത്ത്, ചില ഷോട്ടുകള്‍ എന്നെയും അത്ഭുതപ്പെടുത്തി; വിശ്വാസം പരസ്യമായി ഏറ്റുപറഞ്ഞ് സഞ്ജു സാംസണ്‍

‘ദൈവത്തിലുള്ള വിശ്വസമാണ് എന്റെ അ‌ടിയുറച്ച കരുത്ത്, ചില ഷോട്ടുകള്‍ എന്നെയും അത്ഭുതപ്പെടുത്തി; വിശ്വാസം പരസ്യമായി ഏറ്റുപറഞ്ഞ് സഞ്ജു സാംസണ്‍

ന്യൂഡൽഹി: തന്റെ ദൈവത്തിലുള്ള അടിയുറച്ച വിശ്വാസം പരസ്യമായി ഏറ്റുപറഞ്ഞ് ഇന്ത്യന്‍ ക്രിക്കറ്റ് താരം സഞ്ജു സാംസണ്‍. ജിയോസ്റ്റാറിനോട് സംസാരിക്കവെയാണ് താരം കരിയറിലെ നിർണായക നിമിഷങ്ങളെക്കുറിച്ചും തന്റെ ആത്മീയ വിശ്വാസങ്ങളെക്കുറിച്ചും മനസ് തുറന്നത്. വെസ്റ്റിന്‍ഡീസിനെതിരായ മത്സരത്തില്‍ 50 പന്തില്‍ 97 റണ്‍സ് നേടി ഇന്ത്യയെ വിജയത്തിലേക്ക് നയിച്ച അപൂർവ്വ പ്രകടനത്തെ സഞ്ജു ഈ രീതിയിലാണ് വിശേഷിപ്പിച്ചത്.

“ഒന്നും ഞാനല്ല ചെയ്തതെന്ന് എനിക്കറിയാം. എങ്ങനെ അടിച്ചു എന്ന് ഞാന്‍ തന്നെ അദ്ഭുതപ്പെടുന്ന ചില ഷോട്ടുകള്‍ ആ ഇന്നിങ്സിലുണ്ട്. അത് എന്നിലൂടെ സംഭവിച്ചതിലും ടീമിനെ വിജയത്തിലേക്ക് നയിക്കാന്‍ കഴിഞ്ഞതിലും ഞാൻ വളരെ നന്ദിയുള്ളവനാണ്. ആ നിമിഷം എന്റെ അവസാന ശ്വാസം വരെ എന്നോടൊപ്പം ഉണ്ടാകും,” സഞ്ജു വ്യക്തമാക്കി.

വെസ്റ്റിന്‍ഡീസിനെതിരെ വിജയറണ്‍ നേടിയതിനു പിന്നാലെ ഹെല്‍മറ്റ് ഊരിയെറിഞ്ഞ് സ്റ്റേഡിയത്തില്‍ മുട്ടുകുത്തി കുരിശുവരച്ച് ദൈവത്തിന് നന്ദി പ്രകടിപ്പിച്ചതിനെക്കുറിച്ച് ചോദിച്ചപ്പോൾ അതൊരു വ്യക്തിപരമായ ആഘോഷമായിരുന്നുവെന്നും എന്നാൽ അത് വളരെ പരസ്യമായി മാറുകയായിരുന്നുവെന്നും അദേഹം കൂട്ടിച്ചേർത്തു.

ട്വന്റി20 ലോകകപ്പിന്റെ തുടക്കത്തിൽ പ്ലേയിങ് ഇലവനില്‍നിന്ന് ഒഴിവാക്കപ്പെട്ടതിനെക്കുറിച്ചും താരം തുറന്നു പറഞ്ഞു. ന്യൂസീലന്‍ഡിനെതിരായ ട്വന്റി20 പരമ്പരയ്ക്കു ശേഷം താൻ മാനസികമായി തളര്‍ന്നിരുന്നുവെന്നും ലോകകപ്പിന്റെ പ്രാരംഭഘട്ടത്തിലും ആ നിരാശ തന്നെ വിട്ടുമാറിയിരുന്നില്ലെന്നും സഞ്ജു സമ്മതിച്ചു.

പ്ലേയിങ് ഇലവനില്‍ വീണ്ടും അവസരം ലഭിക്കുമെന്ന് അന്ന് രോഹിത് ശര്‍മ പറഞ്ഞിരുന്നെങ്കിലും ആ വാക്കുകൾ പൂർണമായി വിശ്വസിക്കാന്‍ ആ സമയത്ത് തനിക്കായില്ലെന്നു രോഹിത് കാണിച്ചുതന്ന വഴി കാണാൻ ആ ഘട്ടത്തിൽ കഴിഞ്ഞിരുന്നില്ലെന്നും അദേഹം കൂട്ടിച്ചേർത്തു.

എങ്കിലും ഈ തിരിച്ചടികൾ സ്വയം വിലയിരുത്തലിനുള്ള വലിയൊരു അവസരമായി മാറിയെന്ന് സഞ്ജു പറയുന്നു. തന്റെ മാനസികാവസ്ഥയെയും കളിക്കാന്‍ തന്നെ പ്രേരിപ്പിച്ച യഥാർത്ഥ കാരണങ്ങളെയും പുനഃപരിശോധിക്കാൻ ആ തിരിച്ചടി കാരണമായി.

ലോകകപ്പ് പുരോഗമിക്കുമ്പോൾ തന്നെത്തന്നെ വീണ്ടും കണ്ടെത്തുകയാണെന്ന് തോന്നിയെന്നും വൈകാതെ നഷ്ടപ്പെട്ട ആത്മവിശ്വാസവും ഫോമും തിരികെ പിടിക്കാൻ സാധിച്ചുവെന്നും താരം പറഞ്ഞു. എല്ലാം ഒത്തുവന്ന ഒരു അപൂർവ്വ ദിവസമായിരുന്നു വെസ്റ്റിന്‍ഡീസിനെതിരെയുള്ള ആ മത്സരമെന്നും സഞ്ജു ഓർമ്മിച്ചു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.