ഗാങ്‌ടോക്: സിക്കിമിലെ നാംചി ജില്ലയിലുള്ള സമര്‍ദുംഗില്‍ നിര്‍മാണത്തിലിരുന്ന തുരങ്കത്തിലുണ്ടായ മണ്ണിടിച്ചിലില്‍ എട്ട് പേര്‍ കൊല്ലപ്പെട്ടു. പ്രമുഖ ശാസ്ത്ര ലേഖകനും സയന്‍സ് വ്‌ളോഗറും എന്‍എച്ച്പിസി സീനിയര്‍ ജിയോളജി മാനേജറുമായ കോട്ടയം സ്വദേശി അനീഷ് മോഹന്‍ അടക്കം നിരവധി പേരെ സംഭവസ്ഥലത്ത് നിന്ന് കാണാതായി. തിങ്കളാഴ്ച ഉച്ചകഴിഞ്ഞാണ് തുരങ്കത്തിന്റെ പ്രവേശന കവാടത്തിലേക്ക് ഭീമന്‍ മണ്‍തിട്ട ഇടിഞ്ഞുവീണത്. അപകട സമയത്ത് തുരങ്കത്തിനുള്ളില്‍ ജോലിയിലുണ്ടായിരുന്ന നിരവധി തൊഴിലാളികള്‍ അകത്ത് കുടുങ്ങിക്കിടക്കുകയാണെന്നാണ് പ്രാഥമിക നിഗമനം.
തുരങ്കത്തിന്റെ പ്രവേശന കവാടം പൂര്‍ണമായും അടഞ്ഞതും ഉള്ളില്‍ രൂപപ്പെട്ട മീഥെയ്ന്‍ വാതക ചോര്‍ച്ചയും രക്ഷാപ്രവര്‍ത്തനത്തെ അതീവ സങ്കീര്‍ണമാക്കുന്നുണ്ട്. ഭൂഗര്‍ഭ ശിലാഘടനയില്‍ ഉണ്ടായ വലിയ വ്യതിയാനങ്ങളെ തുടര്‍ന്ന് പ്രകൃതി ദത്തമായി പുറന്തള്ളപ്പെട്ട വിഷവാതകമാണ് രക്ഷാപ്രവര്‍ത്തകര്‍ക്ക് വന്‍ ഭീഷണിയാകുന്നത്. ആദ്യഘട്ടത്തില്‍ ഉള്ളിലേക്ക് കടക്കാന്‍ ശ്രമിച്ച രക്ഷാപ്രവര്‍ത്തകര്‍ക്ക് തലകറക്കവും ബോധക്ഷയവും അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ദൗത്യം താല്‍കാലികമായി നിര്‍ത്തിവെക്കേണ്ടി വന്നിരുന്നു. നിലവില്‍ പ്രത്യേക ഗ്യാസ് മാസ്‌കുകളും മറ്റ് ആധുനിക സുരക്ഷാ സംവിധാനങ്ങളും സജ്ജമാക്കിയാണ് എന്‍ഡിആര്‍എഫ് ഉള്‍പ്പെടെയുള്ള സേനകള്‍ തിരച്ചില്‍ തുടരുന്നത്.
അപകടത്തില്‍ മരിച്ച എട്ട് പേരുടെ മൃതദേഹങ്ങള്‍ നാംചി, സിംഗ്തം, ഗാങ്ങ്‌ടോക് എന്നിവിടങ്ങളിലെ വിവിധ ആശുപത്രി മോര്‍ച്ചറികളിലേക്ക് മാറ്റിയിട്ടുണ്ടെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു. എന്‍ഡിആര്‍എഫ്, എസ്ഡിആര്‍എഫ്, സിക്കിം പൊലീസ്, അഗ്‌നിശമന സേന എന്നിവര്‍ സംയുക്തമായി നടത്തുന്ന രക്ഷാപ്രവര്‍ത്തനത്തിന് നാംചി ജില്ലാ കളക്ടര്‍ അനുപ താംലിങ് നേരിട്ട് നേതൃത്വം നല്‍കുന്നു. തുരങ്കത്തിനുള്ളിലെ വെളിച്ചക്കുറവും ഇടുങ്ങിയ സ്ഥലസൗകര്യവും ദൗത്യത്തിന് വെല്ലുവിളി സൃഷ്ടിക്കുന്നുണ്ടെങ്കിലും ഉള്ളില്‍ കുടുങ്ങിയ തൊഴിലാളികളുടെ കൃത്യമായ എണ്ണം തിട്ടപ്പെടുത്താനും സുരക്ഷിതമായി പുറത്തെത്തിക്കാനുമുള്ള ശ്രമങ്ങള്‍ യുദ്ധകാലാടിസ്ഥാനത്തില്‍ പുരോഗമിക്കുകയാണ്.
തീസ്ത സ്റ്റേജ് VI ജലവൈദ്യുത പദ്ധതിയുടെ ഭാഗമായി പട്ടേല്‍ എഞ്ചിനീയറിങ് കമ്പനിയാണ് എന്‍എച്ച്പിസിക്കായി തുരങ്കം നിര്‍മിച്ചുകൊണ്ടിരുന്നത്. അടിയന്തര സാഹചര്യം നേരിടാന്‍ നിരവധി ആംബുലന്‍സുകളും മെഡിക്കല്‍ സംഘങ്ങളും സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്. നിലവില്‍ ആളപായം കുറയ്ക്കാനും കുടുങ്ങിക്കിടക്കുന്നവരെ ജീവനോടെ പുറത്തെത്തിക്കാനുമാണ് പ്രഥമ പരിഗണന നല്‍കുന്നതെന്നും ദൗത്യത്തിന് ശേഷം ദുരന്തത്തിന്റെ കാരണത്തെക്കുറിച്ച് ഉന്നതതല അന്വേഷണം നടത്തുമെന്നും കളക്ടര്‍ വ്യക്തമാക്കി.
സിക്കിം സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി ദുരന്ത ഭൂമിയിലെ സാഹചര്യങ്ങള്‍ തത്സമയം വിലയിരുത്തുന്നുണ്ട്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.