ന്യൂഡല്‍ഹി: കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മ്മേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ട് സി.ജെ.പി നടത്തുന്ന സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് കോണ്‍ഗ്രസ് നേതാക്കള്‍ പ്രധാനമന്ത്രിയുടെ വസതിക്ക് മുന്നില്‍ നടത്തിയ പ്രതിഷേധം സംഘര്‍ഷത്തില്‍ കലാശിച്ചു.
പ്രതിഷേധത്തെത്തുടര്‍ന്ന് ഡല്‍ഹി പൊലീസ് കസ്റ്റഡിയിലെടുത്ത എം.പി പ്രിയങ്ക ഗാന്ധിയെ കാണാന്‍ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് സോണിയ ഗാന്ധി മന്ദിര്‍ മാര്‍ഗ് പൊലീസ് സ്റ്റേഷനിലെത്തി. സ്റ്റേഷനില്‍ വെച്ച് ഇരുവരും തമ്മില്‍ കൂടിക്കാഴ്ച നടത്തി.
രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ കൈകള്‍ കൂട്ടിക്കെട്ടിയായിരുന്നു നേതാക്കളുടെ പ്രതിഷേധം. പ്രതിഷേധക്കാരെ പൊലീസ് ബലം പ്രയോഗിച്ച് വലിച്ചിഴച്ചാണ് കസ്റ്റഡിയിലെടുത്തത്. പൊലീസിന്റെ പ്രതിരോധത്തിനിടെ രാഹുല്‍ ഗാന്ധിയുടെ മുഖത്ത് പരിക്കേല്‍ക്കുകയും അദ്ദേഹത്തിന്റെയും എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാലിന്റെയും മൊബൈല്‍ ഫോണുകള്‍ നഷ്ടപ്പെടുകയും ചെയ്തു. വനിതാ നേതാവായ പ്രിയങ്ക ഗാന്ധിയെ പുരുഷ പൊലീസാണ് വലിച്ചിഴച്ച് കസ്റ്റഡിയിലെടുത്തതെന്ന ആരോപണവും ഉയര്‍ന്നിട്ടുണ്ട്.
കര്‍ണാടക മുഖ്യമന്ത്രി ഡി.കെ ശിവകുമാര്‍, കേരള മുഖ്യമന്ത്രി വി.ഡി സതീശന്‍, കൊടിക്കുന്നില്‍ സുരേഷ് എം.പി, ഡീന്‍ കുര്യാക്കോസ്, പി.സി. വിഷ്ണുനാഥ് തുടങ്ങിയ മുതിര്‍ന്ന നേതാക്കളെയും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ജനങ്ങളുടെ പോരാട്ടത്തിന് മുന്നില്‍ ഈ സര്‍ക്കാര്‍ പരാജയപ്പെടുമെന്ന് കസ്റ്റഡിയിലായ പി.സി വിഷ്ണുനാഥ് പ്രതികരിച്ചു.
നേരത്തെ സി.ജെ.പി സമരത്തിന് നേരെ നടന്ന പൊലീസ് നടപടിയില്‍ പരിക്കേറ്റവരെ രാഹുല്‍ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും സന്ദര്‍ശിച്ചിരുന്നു. ഇതിന് പിന്നാലെയാണ് നേതാക്കള്‍ പ്രധാനമന്ത്രിയുടെ വസതി ലക്ഷ്യമാക്കി നീങ്ങിയത്. പ്രതിഷേധം റിപ്പോര്‍ട്ട് ചെയ്യാനെത്തിയ മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരെയും പൊലീസിന്റെ ഭാഗത്ത് നിന്ന് കയ്യേറ്റമുണ്ടായി.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.