ന്യൂഡല്‍ഹി: കേന്ദ്ര വിദ്യാഭ്യാസ മന്ത്രിയായി പ്രള്ഹാദ് ജോഷിയെ നിയമിച്ചു. നീറ്റ് പരീക്ഷാ ക്രമക്കേടുകള്‍ ചൂണ്ടിക്കാട്ടി രാജ്യത്തുടനീളം വിദ്യാര്‍ഥികള്‍ നടത്തിയ ശക്തമായ പ്രതിഷേധങ്ങള്‍ക്കൊടുവില്‍ ധര്‍മ്മേന്ദ്ര പ്രധാന്‍ രാജി സമര്‍പ്പിച്ചതിനെ തുടര്‍ന്നാണ് പുതിയ തീരുമാനം. ധര്‍മ്മേന്ദ്ര പ്രധാന്റെ രാജി രാഷ്ട്രപതി ദ്രൗപതി മുര്‍മു അംഗീകരിച്ചതിന് തൊട്ടുപിന്നാലെ, പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ നിര്‍ദേശ പ്രകാരമാണ് പ്രള്ഹാദ് ജോഷിക്ക് വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ ചുമതല കൈമാറിയത്.
നിലവില്‍ കൈകാര്യം ചെയ്യുന്ന വകുപ്പുകള്‍ക്ക് പുറമെയാണ് പ്രള്ഹാദ് ജോഷിക്ക് വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ അധികച്ചുമതല നല്‍കിയിരിക്കുന്നത്. കര്‍ണാടകയിലെ ധാര്‍വാഡ് മണ്ഡലത്തില്‍ നിന്നുള്ള ലോക്സഭാ അംഗമായ അദേഹം അഞ്ച് തവണ എം.പിയായി തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. മുന്‍പ് പാര്‍ലമെന്ററി കാര്യ വകുപ്പ് മന്ത്രിയായി സേവനമനുഷ്ഠിച്ചിട്ടുള്ള അദേഹം നിലവില്‍ ഉപഭോക്തൃകാര്യം, ഭക്ഷ്യ-പൊതുവിതരണം തുടങ്ങിയ പ്രമുഖ വകുപ്പുകളുടെ ചുമതലയും വഹിക്കുന്നുണ്ട്.
കേന്ദ്ര വിദ്യാഭ്യാസ മന്ത്രിയുടെ രാജി പ്രഖ്യാപിച്ചതോടെ ഡല്‍ഹിയിലെ ജന്തര്‍ മന്തറില്‍ വിദ്യാര്‍ഥികള്‍ നടത്തി വന്ന ഐതിഹാസിക സമരം അവസാനിപ്പിച്ചു. സമരം നയിച്ച വിദ്യാര്‍ഥി സംഘടനകള്‍ മുന്നോട്ടുവെച്ച പ്രധാന ആവശ്യങ്ങളെല്ലാം കേന്ദ്ര സര്‍ക്കാര്‍ അംഗീകരിക്കാന്‍ തയ്യാറായതോടെയാണ് സമരം പിന്‍വലിക്കാന്‍ തീരുമാനമായത്. പരീക്ഷാ ചോര്‍ച്ചയുമായി ബന്ധപ്പെട്ട് പ്രതിഷേധിച്ച വിദ്യാര്‍ഥികള്‍ക്കെതിരെ ചുമത്തിയ കേസുകള്‍ പിന്‍വലിക്കുമെന്നും ഭാവിയില്‍ ഇവര്‍ക്കെതിരെ നിയമനടപടികള്‍ ഉണ്ടാകില്ലെന്നും സര്‍ക്കാര്‍ ഉറപ്പ് നല്‍കിയിട്ടുണ്ട്.
ബി.ജെ.പി ദേശീയ അധ്യക്ഷനും കേന്ദ്രമന്ത്രിയുമായ ജെ.പി നഡ്ഡ ഉള്‍പ്പെടെയുള്ള നേതാക്കള്‍ വിദ്യാര്‍ഥി പ്രതിനിധികളുമായി നടത്തിയ ചര്‍ച്ചയിലാണ് നിര്‍ണായക തീരുമാനങ്ങളുണ്ടായത്. വിദ്യാര്‍ഥികള്‍ക്ക് നല്‍കിയ ഉറപ്പുകള്‍ ചൊവ്വാഴ്ചയ്ക്കകം സര്‍ക്കാര്‍ രേഖാമൂലം നല്‍കും. കൂടാതെ പരീക്ഷാ അട്ടിമറിയെത്തുടര്‍ന്നുണ്ടായ പ്രതിസന്ധികളില്‍ ആത്മഹത്യ ചെയ്ത വിദ്യാര്‍ത്ഥികളുടെ കുടുംബങ്ങള്‍ക്ക് നിയമപരമായി നല്‍കാന്‍ കഴിയുന്ന പരമാവധി സാമ്പത്തിക സഹായം നല്‍കുമെന്നും കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചിട്ടുണ്ട്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.