മലപ്പുറം: കുറ്റിപ്പുറം റെയിൽവേ മേൽപ്പാലത്തിന് സമീപമുള്ള പുതിയ ആറുവരി ദേശീയപാതയിൽ കാറിന്റെ മുകളിലേക്ക് ലിമിറ്റഡ് സ്റ്റോപ്പ് ബസ് മറിഞ്ഞുണ്ടായ ദാരുണമായ അപകടത്തിൽ ഒരാൾ മരിച്ചു. ബസിലുണ്ടായിരുന്ന യാത്രികനാണ് മരിച്ചത്. അപകടത്തിൽ ഇരുപതോളം പേർക്ക് പരിക്കേറ്റിട്ടുണ്ട്.
പരിക്കേറ്റവരെ ഉടൻ തന്നെ മലപ്പുറം ജില്ലയിലെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. ഇതിൽ നാല് പേരുടെ നില ഗുരുതരമാണെന്നാണ് ആശുപത്രി അധികൃതരില്‍ നിന്നും ലഭിക്കുന്ന വിവരം.
അപകടത്തിൽ ബസും കാറും പൂർണമായും തകർന്നു തരിപ്പണമായിട്ടുണ്ട്. കഴിഞ്ഞ ആഴ്ചയുണ്ടായ മറ്റൊരു അപകടത്തെ തുടർന്ന് റോഡരികിൽ നിർത്തിയിട്ടിരുന്ന കാറിന് മുകളിലേക്കാണ് നിയന്ത്രണം വിട്ട ബസ് മറിഞ്ഞു വീണത്.
കോഴിക്കോട് നിന്നും തൃശൂർ ഭാഗത്തേക്ക് സർവീസ് നടത്തുകയായിരുന്ന ലിമിറ്റഡ് സ്റ്റോപ്പ് ബസാണ് അപകടത്തിൽപ്പെട്ടത്. തൃശൂർ ഭാഗത്തേക്ക് പോകുന്നതിനിടെ ദേശീയപാതയിലെ ഡിവൈഡറിൽ ഇടിച്ചാണ് ബസ് മറിഞ്ഞത്.
സംഭവ സ്ഥലത്ത് പൊലീസും ഫയർഫോഴ്സും സന്നദ്ധപ്രവർത്തകരും ചേർന്ന് രക്ഷാപ്രവർത്തനം ഊർജിതമായി തുടരുകയാണ്. അപകടത്തെ തുടർന്ന് കോഴിക്കോട്-തൃശൂർ റൂട്ടിലെ ഗതാഗതം തടസപ്പെട്ടിട്ടുണ്ട്. പരിക്കേറ്റവരുടെ വിശദവിവരങ്ങൾ ലഭ്യമായി വരുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.