മുംബൈ: മഹാരാഷ്ട്രയിൽ നിലവിൽവന്ന മതപരിവർത്തന നിരോധന നിയമത്തിലെ വ്യവസ്ഥകളിൽ കടുത്ത ആശങ്കയുമായി മുംബൈ അതിരൂപത രംഗത്ത്. പുതിയ നിയമത്തിലെ വകുപ്പുകൾ മതന്യൂനപക്ഷങ്ങളെ പ്രതികൂലമായി ബാധിച്ചേക്കാമെന്നും ക്രൈസ്തവരുടെ ജീവകാരുണ്യ-അജപാലന പ്രവർത്തനങ്ങളെപ്പോലും ഇത് ബാധിക്കുമെന്നും അതിരൂപത മുന്നറിയിപ്പ് നൽകി.
ഏതാനും മാസങ്ങൾക്ക് മുമ്പ് മഹാരാഷ്ട്ര നിയമസഭ പാസാക്കിയ മതപരിവർത്തന നിരോധന ബില്ലിന് രാഷ്ട്രപതിയുടെ അംഗീകാരം ലഭിച്ച പശ്ചാത്തലത്തിൽ പുറത്തിറക്കിയ ഔദ്യോഗിക പത്രക്കുറിപ്പിലാണ് അതിരൂപത ആശങ്ക വ്യക്തമാക്കിയത്.
ബലപ്രയോഗം, വഞ്ചന, പ്രലോഭനം എന്നിവയിലൂടെയുള്ള നിയമവിരുദ്ധ മതപരിവർത്തനങ്ങളെ തടയുന്നതിനെയല്ല തങ്ങൾ എതിർക്കുന്നത് എന്ന് അതിരൂപത വ്യക്തമാക്കി. മറിച്ച്, ക്രൈസ്തവർക്കും ഭരണഘടനയുടെ 25-ാം അനുച്ഛേദം ഉറപ്പുനൽകുന്ന മൗലികാവകാശങ്ങൾ വിനിയോഗിക്കുന്ന മറ്റ് വിഭാഗങ്ങൾക്കും എതിരെ ഈ നിയമം ദുരുപയോഗം ചെയ്യപ്പെടാൻ സാധ്യതയുണ്ടെന്നാണ് പ്രധാന ആശങ്ക.
നിയമത്തിൽ പറയുന്ന 'പ്രലോഭനം', 'സ്വാധീനം', 'തെറ്റിദ്ധാരണ' തുടങ്ങിയ വാക്കുകൾക്ക് കൃത്യമായ നിർവചനങ്ങൾ നൽകിയിട്ടില്ലാത്തത് വിദ്യാഭ്യാസം, ആരോഗ്യം, ജീവകാരുണ്യ പ്രവർത്തനങ്ങൾ തുടങ്ങിയ സേവനങ്ങളെപ്പോലും സംശയത്തിന്റെ നിഴലിലാക്കുമെന്ന് അതിരൂപത ചൂണ്ടിക്കാണിക്കുന്നു.
മറ്റൊരു മതവിശ്വാസം സ്വീകരിക്കുന്ന വ്യക്തിയുടെ സമ്മതമില്ലാതെ അടുത്ത ബന്ധുക്കൾക്ക് അതിനെതിരെ പോലീസിൽ പരാതി നൽകാൻ കഴിയുന്ന വ്യവസ്ഥയെയും അതിരൂപത ചോദ്യം ചെയ്തു. ഇത് വ്യക്തികളുടെ സ്വാതന്ത്ര്യത്തിലുള്ള നഗ്നമായ കടന്നുകയറ്റവും ദുരുപയോഗ സാധ്യതയുള്ളതുമാണെന്ന് പ്രസ്താവനയിൽ പറയുന്നു. ഇഷ്ടമുള്ള വിശ്വാസം സ്വീകരിക്കാൻ ആഗ്രഹിക്കുന്നവർക്ക് ഈ നിയമം സമൂഹത്തിൽ അരക്ഷിതാവസ്ഥ സൃഷ്ടിക്കും.
ക്രൈസ്തവ മിഷണറികൾ നടത്തുന്ന ജീവകാരുണ്യ-അജപാലന പ്രവർത്തനങ്ങളെപ്പോലും തെറ്റായ രീതിയിൽ ചിത്രീകരിക്കാൻ ഇത് കാരണമായേക്കാം. അതിനാൽ നിയമം നടപ്പിലാക്കുന്നതിനായി തയ്യാറാക്കുന്ന ചട്ടങ്ങളിൽ കൃത്യമായ നിർവചനങ്ങളും ഭരണഘടന ഉറപ്പുനൽകുന്ന മതസ്വാതന്ത്ര്യത്തിന്റെ സംരക്ഷണവും ഉൾപ്പെടുത്തണമെന്ന് അതിരൂപത സർക്കാരിനോട് ആവശ്യപ്പെട്ടു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.