മഴക്കെടുതി: ആശ്വാസ ധനസഹായം ഉയര്‍ത്തി സര്‍ക്കാര്‍ ഉത്തരവായി; മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് എട്ട് ലക്ഷം രൂപ വരെ

മഴക്കെടുതി: ആശ്വാസ ധനസഹായം ഉയര്‍ത്തി സര്‍ക്കാര്‍ ഉത്തരവായി; മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് എട്ട് ലക്ഷം രൂപ വരെ

തിരുവനന്തപുരം: സംസ്ഥാനത്ത് കാലവര്‍ഷക്കെടുതിയില്‍ വലയുന്ന ജനങ്ങള്‍ക്ക് ആശ്വാസമായി സര്‍ക്കാരിന്റെ ധനസഹായ ഉത്തരവ്. മഴക്കെടുതി മൂലം ജീവന്‍ നഷ്ടപ്പെട്ടവരുടെ കുടുംബങ്ങള്‍ക്കുള്ള സാമ്പത്തിക സഹായവും വീടുകള്‍ തകര്‍ന്നവര്‍ക്കുള്ള പുനരധിവാസ തുകയും വര്‍ധിപ്പിച്ചാണ് റവന്യൂ വകുപ്പ് പുതിയ ഉത്തരവിറക്കിയിരിക്കുന്നത്.

കാലവര്‍ഷക്കെടുതിയില്‍ മരണപ്പെട്ടവരുടെ ആശ്രിതര്‍ക്ക് നിലവില്‍ സംസ്ഥാന ദുരന്ത പ്രതികരണ നിധിയില്‍ നിന്ന് നല്‍കി വരുന്ന നാല് ലക്ഷം രൂപയ്ക്ക് പുറമെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍ നിന്ന് രണ്ട് ലക്ഷം രൂപ കൂടി അധികമായി അനുവദിക്കും. ഇതോടെ സംസ്ഥാന സര്‍ക്കാരിന്റെ വിഹിതമായി ആകെ ആറ് ലക്ഷം രൂപ മരണപ്പെട്ടവരുടെ കുടുംബങ്ങള്‍ക്ക് ലഭ്യമാകും.

ഇതിന് പുറമെ പ്രധാനമന്ത്രിയുടെ ദേശീയ ദുരിതാശ്വാസ നിധിയില്‍ നിന്ന് അര്‍ഹമായ രണ്ട് ലക്ഷം രൂപ കൂടി തടസമില്ലാതെ ലഭ്യമാക്കുന്നതിന് നടപടി സ്വീകരിക്കും. ഇതിനായി മരണപ്പെട്ടവരുടെ വിവരങ്ങള്‍ അടിയന്തരമായി പോര്‍ട്ടലില്‍ രേഖപ്പെടുത്താന്‍ ജില്ലാ കളക്ടര്‍മാര്‍ക്ക് കര്‍ശന നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഇതോടെ അര്‍ഹരായ കുടുംബങ്ങള്‍ക്ക് ആകെ എട്ട് ലക്ഷം രൂപയുടെ ധനസഹായം ലഭിക്കും.

ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍ എന്നിവ മൂലമോ പാറയും മണ്ണും പതിച്ചോ വീടുകള്‍ക്ക് നാശനഷ്ടം സംഭവിച്ചവര്‍ക്കും ഉത്തരവ് വലിയ ആശ്വാസമാകും. ഇത്തരം പ്രകൃതി ദുരന്തങ്ങളില്‍ വീടുകള്‍ക്ക് ഭാഗികമായോ പൂര്‍ണമായോ നാശനഷ്ടം സംഭവിച്ച കുടുംബങ്ങള്‍ക്ക് വീട് പുനരുദ്ധരിക്കുന്നതിനായി 12 ലക്ഷം രൂപ വരെ സഹായം ലഭിക്കും. പ്രകൃതി വിക്ഷോഭത്തില്‍ വീട് പൂര്‍ണമായി നഷ്ടപ്പെട്ട കുടുംബങ്ങള്‍ക്ക് പുനരധിവാസത്തിനായി ആറ് ലക്ഷം രൂപയും അനുവദിക്കുമെന്ന് സര്‍ക്കാര്‍ ഉത്തരവില്‍ വ്യക്തമാക്കുന്നു.

ദുരിതാശ്വാസ തുക താമസമില്ലാതെ അര്‍ഹരിലേക്ക് എത്തിക്കാന്‍ വില്ലേജ് തലത്തില്‍ നടപടികള്‍ വേഗത്തിലാക്കാന്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.