കോടികളുടെ ഇടപാടില്‍ വിജിലന്‍സ് അന്വേഷണത്തിന് സാധ്യത
തിരുവനന്തപുരം: കേരളത്തിലെ ഫുട്‌ബോള്‍ പ്രേമികളെ ആവേശത്തിലാക്കിയ മെസി വരവ് പ്രഖ്യാപനത്തിന് പിന്നില്‍ കായിക വകുപ്പിനെപ്പോലും ഇരുട്ടിലാക്കി മുന്‍ മന്ത്രി വി. അബ്ദുറഹിമാന്‍ നടത്തിയ വഴിവിട്ട ഇടപെടലുകളുടെ തെളിവുകള്‍ പുറത്ത് വന്നു. അര്‍ജന്റീന ഫുട്‌ബോള്‍ അസോസിയേഷനുമായി ഔദ്യോഗിക ചട്ടങ്ങള്‍ ലംഘിച്ച് മന്ത്രിയുടെ ഓഫീസില്‍ നിന്ന് നേരിട്ടാണ് ഇമെയില്‍ സന്ദേശങ്ങള്‍ അയച്ചതെന്ന് തെളിയുന്ന നിര്‍ണായക രേഖകളാണ് ഇപ്പോള്‍ ലഭിച്ചിരിക്കുന്നത്.
അര്‍ജന്റീന ടീം കരാറില്‍ നിന്ന് പിന്മാറിയതും സ്‌പോണ്‍സറുമായുള്ള ധാരണകള്‍ റദ്ദാക്കിയതുമെല്ലാം കായിക വകുപ്പിലെ മുതിര്‍ന്ന ഉദ്യോഗസ്ഥരെ അറിയിക്കാതെ മന്ത്രി നേരിട്ടായിരുന്നു കൈകാര്യം ചെയ്തത്. കരാറുകള്‍ റദ്ദാക്കിയതിനെതിരെ എഎഫ്എയ്ക്ക് മന്ത്രി അയച്ച അതൃപ്തി കത്തുകളും പുറത്തുവന്ന രേഖകളില്‍ ഉള്‍പ്പെടുന്നു. കായിക വകുപ്പ് സെക്രട്ടറി തയാറാക്കി നല്‍കിയ അന്വേഷണ റിപ്പോര്‍ട്ടിന് പിന്നാലെയാണ് ഇമെയില്‍ വിവരങ്ങള്‍ പുറത്ത് വന്നത്.
അര്‍ജന്റീന ടീമിനെ എത്തിക്കാനായി സ്‌പോണ്‍സര്‍ കമ്പനിയായ ആര്‍ബിസിയുമായി ചേര്‍ന്ന് നടത്തിയ സാമ്പത്തിക ഇടപാടുകളില്‍ വന്‍ അപാകതകളുണ്ടെന്ന് റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. 90 ലക്ഷം, 55 ലക്ഷം യു.എസ് ഡോളറുകള്‍ വീതമുള്ള ആദ്യ രണ്ട് പ്രധാന കരാറുകളും ബാങ്ക് ഇടപാടുകളിലെ കാലതാമസം കാരണം എഎഫ്എ റദ്ദാക്കുകയായിരുന്നു. ഇതിന് ശേഷവും തനിക്ക് ഈ വിഷയത്തിലുള്ള വ്യക്തിപരമായ താല്‍പര്യം മുന്‍നിര്‍ത്തി മന്ത്രി ഇമെയില്‍ ആശയ വിനിമയം തുടരുകയായിരുന്നുവെന്ന് രേഖകള്‍ വ്യക്തമാക്കുന്നു.
മെസിയെ കേരളത്തിലെത്തിക്കാന്‍ 130 കോടി രൂപ നല്‍കിയതായി അവകാശപ്പെടുന്ന ടൂര്‍ പ്രോ എന്റര്‍ എന്ന കമ്പനിക്കെതിരെ അന്താരാഷ്ട്ര തലത്തില്‍ അന്വേഷണം നടക്കുന്നതായി യൂത്ത് ലീഗ് ആരോപിച്ചു. കള്ളപ്പണം വെളുപ്പിക്കലുമായി ബന്ധപ്പെട്ട് യു.എസ് ഫെഡറല്‍ ഏജന്‍സിയായ എഫ്.ബി.ഐയുടെ നിരീക്ഷണത്തിലുള്ള സ്ഥാപനമാണിതെന്നാണ് പ്രതിപക്ഷ ആരോപണം. ലഭിച്ച പരാതികളുടെയും കായിക വകുപ്പ് സെക്രട്ടറിയുടെ കണ്ടെത്തലുകളുടെയും അടിസ്ഥാനത്തില്‍ കേസ് ഫയലുകള്‍ വിശദമായ നിയമ-വിജിലന്‍സ് പരിശോധനയ്ക്കായി കൈമാറിയിട്ടുണ്ടെന്ന് നിലവിലെ കായിക മന്ത്രി ഒ. ജനീഷ് അറിയിച്ചു.
സാമ്പത്തിക ഇടപാടുകളിലെ സുതാര്യതയില്ലായ്മയും മുന്‍ മന്ത്രിയുടെ നേരിട്ടുള്ള ഇടപെടലുകളും വരും ദിവസങ്ങളില്‍ കൂടുതല്‍ അന്വേഷണ ഏജന്‍സികളിലേക്ക് എത്തിയേക്കും.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.