സുപ്രധാന രേഖകളും വിവരങ്ങളും പുറത്താകുന്നു; ബിജെപി സംസ്ഥാന ഓഫീസിലെ രണ്ട് ജീവനക്കാരെ പുറത്താക്കി

സുപ്രധാന രേഖകളും വിവരങ്ങളും പുറത്താകുന്നു; ബിജെപി സംസ്ഥാന ഓഫീസിലെ രണ്ട് ജീവനക്കാരെ പുറത്താക്കി

തിരുവനന്തപുരം: പാര്‍ട്ടിയുടെ സുപ്രധാന രേഖകളും വിവരങ്ങളും പുറത്തായതില്‍ പങ്കുണ്ടെന്നു സംശയിക്കുന്ന രണ്ടു ജീവനക്കാരെ ബിജെപി സംസ്ഥാന ആസ്ഥാനമായ മാരാര്‍ജി ഭവനില്‍ നിന്ന് പുറത്താക്കി. മൂന്നു പേരെകൂടി ഉടന്‍ ഒഴിവാക്കും.

രാജീവ് ചന്ദ്രശേഖര്‍ സംസ്ഥാന അധ്യക്ഷനായപ്പോള്‍ നേരത്തേയുണ്ടായിരുന്ന ജീവനക്കാരെ മാറ്റിയിരുന്നില്ല. ബിജെപിയിലെ ഫണ്ട് വിവാദത്തിന്റെയടക്കം രേഖകള്‍ പുറത്തായതിലും ഇവര്‍ക്ക് പങ്കുണ്ടോയെന്ന് നേതൃത്വം സംശയിക്കുന്നു. തിരഞ്ഞെടുപ്പ് ഫണ്ടില്‍ തിരിമറി ഉണ്ടായിട്ടില്ലെന്നും മാധ്യമ വാര്‍ത്തകള്‍ അടിസ്ഥാന രഹിതമാണെന്നുമാണ് നേതൃത്വം കഴിഞ്ഞ ദിവസവും വ്യക്തമാക്കിയത്.

പാര്‍ട്ടിക്കെതിരേ ഉയര്‍ന്ന ആരോപണങ്ങള്‍ പരിശോധിക്കാന്‍ മുന്‍ പ്രസിഡന്റ് കുമ്മനം രാജശേഖരനും ജേക്കബ് തോമസും അടങ്ങിയ അച്ചടക്ക സമിതിയുടെ തെളിവെടുപ്പു നടക്കുമ്പോള്‍ മുറിയിലെ നിരീക്ഷണ ക്യാമറ ഓഫ് ചെയ്തിരുന്നു. ഈ വിവരം നിമിഷങ്ങള്‍ക്കകം സാമൂഹിക മാധ്യമത്തില്‍ പ്രചരിച്ചു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ഓഫീസ് ജീവനക്കാരുടെ പങ്കു കണ്ടെത്തിയത്.

പ്രധാനമന്ത്രിയുടെ കേരള സന്ദര്‍ശനവുമായി ബന്ധപ്പെട്ട അക്കൗണ്ട്‌സ് വിവരങ്ങള്‍ സിപിഎം മുഖ പത്രത്തില്‍ വാര്‍ത്തയായതോടെയാണ് ഓഫീസ് ജീവനക്കാരുടെ മേലുള്ള നിരീക്ഷണം ശക്തമാക്കിയത്. കുമ്മനം നയിക്കുന്ന അച്ചടക്കസമിതിയുടെ അന്വേഷണ പരിധിയില്‍ രേഖാ ചോര്‍ച്ചയും ഉള്‍പ്പെട്ടിട്ടുണ്ട്.

അച്ചടക്ക സമിതി വിപുലീകരിച്ച് മുന്‍ പ്രസിഡന്റ് പി.കെ കൃഷ്ണദാസിനെകൂടി ഉള്‍പ്പെടുത്തിയിട്ടുണ്ട്. കഴിഞ്ഞ ദിവസം പാര്‍ട്ടി ആസ്ഥാനത്തു നടന്ന തെളിവെടുപ്പില്‍ അദ്ദേഹം എത്തിയിരുന്നില്ല. ആരോപണം നേരിട്ട സംസ്ഥാന സെക്രട്ടറി അടക്കമുള്ളവര്‍ തെളിവ് നല്‍കി. അതിനിടെ വിവിധ ജില്ലകളില്‍ തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളിലെ വീഴ്ചയുടെ പേരില്‍ നടപടികള്‍ തുടരുകയാണ്.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.