ന്യൂഡല്‍ഹി: 2027 സെന്‍സസിനുള്ള ചോദ്യാവലി കേന്ദ്ര സര്‍ക്കാര്‍ പുറത്തിറക്കി . ആകെ 40 ചോദ്യങ്ങളാണ് ഉള്ളത്. ജാതി, പട്ടിക ജാതി, പട്ടിക വര്‍ഗ പദവി ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ പട്ടികയിലുണ്ട്. ഇതാദ്യമായാണ് സെന്‍സസില്‍ ജാതി ഉള്‍പ്പെടുത്തുന്നത്.
കൂടാതെ കോവിഡ് വാക്‌സിനേഷന്‍ എടുത്ത സ്ഥലം, ബാങ്ക് അക്കൗണ്ടുകള്‍, ഡിജിറ്റല്‍ സാക്ഷരത എന്നിവയും ചോദ്യാവലിയിലുണ്ട്. ആധാര്‍, വോട്ടര്‍ ഐഡി, പാസ്പോര്‍ട്ട്, ഡ്രൈവിംഗ് ലൈസന്‍സ് തുടങ്ങിയ തിരിച്ചറിയല്‍ രേഖകളുടെ വിവരങ്ങളും ശേഖരിക്കും.
ജനന സ്ഥലം, താസമിക്കുന്ന സ്ഥലം, താമസം മാറാനുണ്ടായ കാരണം, ഓരോയിടത്തും താമസിച്ച കാലയളവ്, സ്ഥിരം വിലാസം എന്നിവയും ചോദ്യാവലില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. എത്ര വരെ പഠിച്ചു, ഏത് വിഷയം, ജോലിയുണ്ടോ, സാമ്പത്തിക സ്ഥിതി, വ്യവസായമോ ബിസിനസോ നടത്തുന്നുണ്ടോ, ഉണ്ടെങ്കില്‍ ഏത് തുടങ്ങിയ കാര്യങ്ങളും രേഖപ്പെടുത്തും. ജോലി സമീപത്തു തന്നെയാണോ യാത്ര വേണ്ടി വരുന്നുണ്ടോ തുടങ്ങിയ കാര്യങ്ങളും ആരായും.
സ്വാതന്ത്ര്യം ലഭിച്ച ശേഷം നടക്കുന്ന എട്ടാം ജനസംഖ്യാ കണക്കെടുപ്പിനാണ് ശനിയാഴ്ച മുതല്‍ തുടക്കം കുറിക്കുന്നത്. സെന്‍സസ് വിവര ശേഖരണത്തിനായി 61282 എന്യൂമറേറ്റര്‍മാരെയും 10189 സൂപ്പര്‍ വൈസര്‍മാരെയും നിയോഗിച്ചിട്ടുണ്ട്.
രാജ്യത്തെ ജനങ്ങളുടെ ഭവനം, സൗകര്യങ്ങള്‍, ജനസംഖ്യാ ശാസ്ത്രം, വിദ്യാഭ്യാസം, സാമ്പത്തിക പ്രവര്‍ത്തനങ്ങള്‍, കുടിയേറ്റം തുടങ്ങിയ കാര്യങ്ങളെക്കുറിച്ചുള്ള സൂക്ഷ്മമായ ഗ്രാമ, പട്ടണ, വാര്‍ഡ് തല ഡാറ്റ നല്‍കുകയും ചെയ്യുന്നു. 1948 ലെ സെന്‍സസ് നിയമവും 1990 ലെ സെന്‍സസ് നിയമങ്ങളും അനുസരിച്ചാണ് ഈ പ്രക്രിയ നിയന്ത്രിക്കുന്നത്.
ലഡാക്ക്, ജമ്മു കാശ്മീര്‍, ഹിമാചല്‍ പ്രദേശ്, ഉത്തരാഖണ്ഡ് എന്നിവിടങ്ങളില്‍ 2026 ഒക്ടോബര്‍ ഒന്നാണ് റഫറന്‍സ് തിയതി. രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളില്‍ 2027 മാര്‍ച്ച് ഒന്നിന് ആരംഭിക്കും.
ലഡാക്കിലും ജമ്മു കാശ്മീര്‍, ഉത്തരാഖണ്ഡ്, ഹിമാചല്‍ പ്രദേശ് എന്നിവിടങ്ങളിലെ മഞ്ഞുമൂടിയ പ്രദേശങ്ങളിലും ഓഗസ്റ്റ് 17 ന് ആരംഭിക്കുന്ന സെന്‍സസിന്റെ രണ്ടാം ഘട്ടത്തിന് മുന്നോടിയായാണ് ചോദ്യങ്ങള്‍ സംബന്ധിച്ച വിജ്ഞാപനം പുറപ്പെടുവിച്ചിരിക്കുന്നത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.