തിരുവനന്തപുരം: നേപ്പാളില്‍ ആഞ്ഞടിച്ച മിന്നല്‍ പ്രളയത്തില്‍ കാഞ്ഞങ്ങാട് മുന്‍ എസ്.ഐ പ്രദീപ് അടങ്ങുന്ന 36 അംഗ മലയാളി ടൂറിസ്റ്റ് സംഘം അപകടമേഖലയില്‍ കുടുങ്ങി. വിനോദസഞ്ചാരത്തിനും തീര്‍ത്ഥാടനത്തിനുമായി നേപ്പാളിലെത്തിയ സംഘമാണ് കനത്ത നാശനഷ്ടം വിതച്ച പ്രളയബാധിത പ്രദേശത്ത് ഒറ്റപ്പെട്ടത്. എന്നാല്‍ മലയാളി സംഘം നിലവില്‍ സുരക്ഷിതരാണെന്ന് ഔദ്യോഗിക കേന്ദ്രങ്ങള്‍ സ്ഥിരീകരിച്ചു.
പ്രളയത്തില്‍ കുടുങ്ങിയ മലയാളികളുടെ വിവരങ്ങള്‍ അടിയന്തരമായി ശേഖരിക്കാനും സുരക്ഷ ഉറപ്പാക്കാനുമായി സംസ്ഥാന സര്‍ക്കാര്‍ നേരിട്ട് ഇടപെട്ടിട്ടുണ്ട്. രക്ഷാപ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിന് ചീഫ് സെക്രട്ടറിയെ ചുമതലപ്പെടുത്തിയതായും വിദേശകാര്യ മന്ത്രാലയവുമായി ബന്ധപ്പെട്ട് ആവശ്യമായ എല്ലാ തുടര്‍നടപടികളും സ്വീകരിക്കുമെന്നും ഭരണകൂടം വ്യക്തമാക്കി.
അതേസമയം പ്രളയബാധിതരായ ഇന്ത്യന്‍ പൗരന്മാരെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റുന്നതിനായി കാഠ്മണ്ഡുവിലെ ഇന്ത്യന്‍ എംബസി നേപ്പാള്‍ സര്‍ക്കാരുമായി നിരന്തരം സമ്പര്‍ക്കം പുലര്‍ത്തിവരികയാണ്. ദുരന്തമേഖലയിലുള്ള ഇന്ത്യക്കാര്‍ക്ക് അടിയന്തര സഹായവും വിവരങ്ങളും ലഭ്യമാക്കുന്നതിനായി എംബസി പ്രത്യേക ഹെല്‍പ്പ് ലൈന്‍ നമ്പറുകളും തുറന്നിട്ടുണ്ട്. നേപ്പാള്‍ ദുരന്തനിവാരണ സേനയും സൈന്യവും ചേര്‍ന്നാണ് ദുരന്ത മേഖലകളില്‍ രക്ഷാപ്രവര്‍ത്തനം നടത്തുന്നത്.
പ്രളയത്തില്‍ നേപ്പാളില്‍ വ്യാപക നാശനഷ്ടമാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഇതുവരെ 22 പേര്‍ മരണപ്പെടുകയും 105 ഇന്ത്യക്കാര്‍ ഉള്‍പ്പെടെ 384 പേരെ കാണാതാവുകയും ചെയ്തു. കാണാതായവരുടെ പട്ടികയില്‍ 32 പൊലീസുകാരും 25 തീര്‍ത്ഥാടകരും ഉള്‍പ്പെടുന്നുണ്ട്. ചൈനീസ് അതിര്‍ത്തി ഗ്രാമങ്ങളിലാണ് പ്രളയം ഏറ്റവും കനത്ത നാശം വിതച്ചത്. നിരവധിയായ ഗ്രാമങ്ങളും മാര്‍ക്കറ്റുകളും വെള്ളപ്പൊക്കത്തില്‍ പൂര്‍ണ്ണമായി ഒലിച്ചുപോയി. പ്രധാന പാതകളും പാലങ്ങളും തകര്‍ന്നതിനെ തുടര്‍ന്ന് ഗതാഗത സംവിധാനങ്ങള്‍ പൂര്‍ണ്ണമായി വിച്ഛേദിക്കപ്പെട്ട അവസ്ഥയിലാണ്. മേഖലയിലെ ആറോളം ജലവൈദ്യുത പദ്ധതികള്‍ക്കും പ്രളയത്തില്‍ കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്. ദുരന്ത മേഖലയില്‍ കുടുങ്ങിക്കിടന്ന 12 പേരെ ഹെലികോപ്റ്റര്‍ മാര്‍ഗ്ഗം സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റിയിട്ടുണ്ട്. ബാക്കിയുള്ളവര്‍ക്കായി തിരച്ചില്‍ ശക്തമായി തുടരുകയാണ്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.