ടെഹ്‌റാന്‍: അമേരിക്കയുടെയും ഇസ്രയേലിന്റെയും സഖ്യസേന നടത്തുന്ന ആക്രമണം ആറ് മാസം പിന്നിടുമ്പോള്‍ കനത്ത സാമ്പത്തിക തകര്‍ച്ചയിലേക്കും പട്ടിണിയിലേക്കും ഇറാന്‍ കൂപ്പുകുത്തുന്നു. യുദ്ധത്തിന്റെ ആരംഭത്തില്‍ ഭരണമാറ്റം സ്വപ്നം കണ്ടിരുന്ന രാജ്യത്തെ സാധാരണ ജനങ്ങള്‍ ഇപ്പോള്‍ എങ്ങനെയെങ്കിലും ജീവന്‍ നിലനിര്‍ത്താനുള്ള പോരാട്ടത്തിലാണ്. രാജ്യത്തെ പണപ്പെരുപ്പം 84 ശതമാനത്തിലേക്ക് കുതിച്ചുയര്‍ന്നതായി ഇറാന്റെ സെന്‍ട്രല്‍ ബാങ്ക് വ്യക്തമാക്കി. കറന്‍സിയായ റിയാലിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ ഇടിവ് നേരിട്ട്, ഒരു ഡോളറിന് 20 ലക്ഷം റിയാല്‍ എന്ന ഭയാനകമായ നിലവാരത്തിലേക്ക് എത്തി നില്‍ക്കുകയാണ്.
റിയാലിന്റെ തകര്‍ച്ച നിത്യോപയോഗ സാധനങ്ങളുടെ ഇറക്കുമതിയെയും വിലകളെയും ശക്തമായി ബാധിച്ചിട്ടുണ്ട്. മുട്ട, ചെറുപയര്‍, കടല തുടങ്ങിയ അടിസ്ഥാന ആഹാര സാധനങ്ങളുടെ വില ആഴ്ചതോറും വര്‍ധിക്കുന്നത് കാരണം ഇടത്തരം കുടുംബങ്ങള്‍ക്ക് പോലും ഇവ വാങ്ങാന്‍ കഴിയാത്ത സ്ഥിതിയാണ്. വരും നാളുകളില്‍ കനത്ത ഭക്ഷ്യക്ഷാമം ഉണ്ടാകുമെന്ന ഭീതിയില്‍ ജനങ്ങള്‍ പാകിസ്ഥാനില്‍ നിന്ന് വലിയ തോതില്‍ അരി വാങ്ങി സൂക്ഷിക്കുകയാണ്. ഇതിനിടെ ഇന്ധന സബ്‌സിഡി നിര്‍ത്തിയേക്കുമെന്ന കിംവദന്തികള്‍ പരന്നതോടെ പെട്രോള്‍ പമ്പുകളില്‍ ജനങ്ങളുടെ കിലോമീറ്ററുകള്‍ നീളുന്ന ക്യൂവാണ് അനുഭവപ്പെടുന്നത്.
യുദ്ധത്തിന്റെ പ്രാരംഭ ഘട്ടത്തില്‍ പരമോന്നത നേതാവായിരുന്ന ആയത്തുള്ള അലി ഖൊമേനി കൊല്ലപ്പെട്ടതിനെ തുടര്‍ന്ന് മകന്‍ മുജ്താബ ഖൊമേനി അധികാരം ഏറ്റെടുത്തെങ്കിലും ഭരണകൂടം കൂടുതല്‍ സ്വേച്ഛാധിപത്യപരമായ നിലപാടുകളിലേക്കാണ് നീങ്ങിയത്. സര്‍ക്കാരിനെതിരെ ശബ്ദമുയര്‍ത്തുന്നവരെയും രാഷ്ട്രീയ തടവുകാരെയും ഭരണകൂടം ദയയില്ലാതെ തൂക്കിലേറ്റുകയും വേട്ടയാടുകയും ചെയ്യുന്നു. നിലവിലെ പണപ്പെരുപ്പവും തൊഴിലില്ലായ്മയും പരിഹരിക്കാന്‍ പ്രസിഡന്റ് മസൂദ് പെസെഷ്‌കിയന്റെ ഭരണകൂടത്തിന് പുതിയ നേതാവ് നിര്‍ദേശം നല്‍കിയിട്ടുണ്ടെങ്കിലും ഇനിയൊരു ജനകീയ പ്രക്ഷോഭത്തിനുള്ള സാധ്യത രാജ്യത്ത് പ്രകടമാണ്.
കഴിഞ്ഞ ഫെബ്രുവരി 28 ന് തുടങ്ങിയ ആക്രമണത്തില്‍ ഇറാന്റെ സാംസ്‌കാരിക കേന്ദ്രങ്ങളും സ്റ്റീല്‍ പ്ലാന്റുകളും പെട്രോ കെമിക്കല്‍ നിര്‍മ്മാണ ശാലകളും അമേരിക്ക തകര്‍ത്തുവെങ്കിലും പ്രഖ്യാപിത ലക്ഷ്യങ്ങളൊന്നും നേടാന്‍ സഖ്യസേനയ്ക്കായിട്ടില്ല. ഇറാന്റെ ആണവ-മിസൈല്‍ പദ്ധതി തകര്‍ക്കാനോ ഭരണമാറ്റം കൊണ്ടുവരാനോ ഡൊണാള്‍ഡ് ട്രംപിന്റെ ഭരണകൂടത്തിന് സാധിച്ചിട്ടില്ല. ഹോര്‍മുസ് കടലിടുക്കിലെ ഇറാന്‍ ഉപരോധം തകര്‍ക്കാന്‍ അമേരിക്ക നടത്തിയ വ്യോമാക്രമണങ്ങള്‍ ഇറാന്റെ സാമ്പത്തിക മേഖല തകര്‍ത്തതല്ലാതെ യുദ്ധത്തില്‍ നിര്‍ണായക വിജയം ആര്‍ക്കും നല്‍കിയിട്ടില്ല.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.