പ്രളയ മുന്നറിയിപ്പില്‍ വീഴ്ച: ചൈനയ്ക്കെതിരെ നേപ്പാള്‍; അതിര്‍ത്തിയില്‍ നയതന്ത്ര തര്‍ക്കം രൂക്ഷം

പ്രളയ മുന്നറിയിപ്പില്‍ വീഴ്ച: ചൈനയ്ക്കെതിരെ നേപ്പാള്‍; അതിര്‍ത്തിയില്‍ നയതന്ത്ര തര്‍ക്കം രൂക്ഷം

ന്യൂഡല്‍ഹി: നേപ്പാള്‍-ടിബറ്റ് അതിര്‍ത്തിയിലുണ്ടായ മിന്നല്‍ പ്രളയവുമായി ബന്ധപ്പെട്ട് മുന്നറിയിപ്പുകള്‍ കൈമാറുന്നതിലെ കാലതാമസത്തെച്ചൊല്ലി നേപ്പാളും ചൈനയും തമ്മില്‍ നയതന്ത്ര തര്‍ക്കം രൂക്ഷമാകുന്നു. ഹിമപാതവും പ്രളയവും ആരംഭിച്ചത് ചൈനീസ് പ്രദേശത്തുനിന്നാണെന്നും ചൈനയിലെ അണക്കെട്ട് പൊട്ടിയാണ് നേപ്പാളില്‍ വലിയ നാശനഷ്ടമുണ്ടായതെന്നും നേപ്പാള്‍ അധികൃതര്‍ ആരോപിക്കുന്നു. എന്നാല്‍ നേപ്പാളിന്റെ ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്ന് കാണിച്ച് ചൈന രംഗത്തെത്തി.

നേപ്പാളും ചൈനയും തമ്മില്‍ പ്രകൃതി ദുരന്തങ്ങള്‍ സംബന്ധിച്ച വിവരങ്ങളും മുന്നറിയിപ്പുകളും പങ്കുവെയ്ക്കാന്‍ മുന്‍കൂട്ടി ധാരണയുണ്ടായിരുന്നു. എന്നാല്‍ ഇത്തവണ ചൈനയില്‍ നിന്ന് കൃത്യ സമയത്ത് മുന്നറിയിപ്പ് ലഭിച്ചില്ലെന്നാണ് നേപ്പാളിന്റെ പ്രധാന പരാതി. ജലശാസ്ത്രജ്ഞരുടെ കണക്കനുസരിച്ച് ബുധനാഴ്ച രാവിലെ 8:40 നാണ് പ്രളയം നേപ്പാളിലേക്ക് പ്രവേശിച്ചത്. അടുത്ത 10 മിനിറ്റിനുള്ളില്‍ വെള്ളം ശ്യാബ്രുബേശിയിലെത്തി. എന്നാല്‍ ദുരന്തത്തെക്കുറിച്ചുള്ള ഔദ്യോഗിക വിവരം നേപ്പാളിന് ലഭിക്കുന്നത് രാവിലെ ഒന്‍പതിനാണ്. പ്രളയം അതിര്‍ത്തി കടന്ന് നാശം വിതച്ച ശേഷമാണ് മുന്നറിയിപ്പ് ലഭിച്ചതെന്നതാണ് ഇരുരാജ്യങ്ങളും തമ്മിലുള്ള തര്‍ക്കത്തിന് പ്രധാന കാരണം.

ദുരന്തത്തിന്റെ അതിവേഗവും നിരീക്ഷണ സംവിധാനത്തിലെ കാലതാമസവും കാരണം താഴ്‌വരകളില്‍ താമസിക്കുന്ന ജനങ്ങള്‍ക്ക് സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറാന്‍ വെറും 20 സെക്കന്‍ഡ് മാത്രമാണ് ലഭിച്ചതെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നു. ജനങ്ങള്‍ പ്രളയം കണ്ടുതുടങ്ങുന്നതിനും വളരെ മുന്‍പ് തന്നെ ഉയര്‍ന്ന ഹിമാലയന്‍ താഴ്‌വരകളില്‍ ദുരന്തപരമ്പര ആരംഭിച്ചിരുന്നതായി വിദഗ്ധര്‍ പറയുന്നു.
ദുരന്തത്തിന്റെ യഥാര്‍ഥ ചിത്രം ഇനിയും വ്യക്തമല്ലെന്ന് നേപ്പാള്‍ മുന്‍ വനം-പരിസ്ഥിതി മന്ത്രി മാധവ് പ്രസാദ് ചൗലേഗിയന്‍ വ്യക്തമാക്കി. പ്രളയം നേപ്പാളിന്റെ അതിര്‍ത്തിക്കുള്ളിലാണ് ആരംഭിച്ചതെന്ന ചൈനയുടെ വാദം തള്ളിയ അദേഹം, ഭാവിയില്‍ ഇത്തരം അപകടങ്ങള്‍ ഒഴിവാക്കാന്‍ നേപ്പാള്‍-ചൈന-ഇന്ത്യ സംയുക്ത മുന്നറിയിപ്പ് സംവിധാനം സ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ടു.

ആരോപണങ്ങള്‍ തള്ളി ചൈന

അതേസമയം ആരോപണങ്ങളെല്ലാം നേപ്പാളിലെ ചൈനീസ് എംബസി നിഷേധിച്ചു. ഓഗസ്റ്റ് 26 ന് രാവിലെ നേപ്പാളിന്റെ ഭാഗത്തുണ്ടായ ഭൂകമ്പ സമാനമായ ഹിമപാതമാണ് പ്രളയത്തിന് കാരണമായതെന്നും ചൈനീസ് എംബസി പ്രസ്താവനയില്‍ അവകാശപ്പെട്ടു. പരസ്പരമുള്ള കുറ്റപ്പെടുത്തലുകള്‍ ഒന്നിനും പരിഹാരമല്ലെന്നും സംയുക്ത സഹകരണമാണ് ജനങ്ങളുടെ ജീവന്‍ രക്ഷിക്കാന്‍ സഹായിക്കുകയെന്നും ചൈന കൂട്ടിച്ചേര്‍ത്തു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.