കോട്ടയം: കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗം പുതിയ പാര്‍ട്ടി പ്രഖ്യാപിക്കാനൊരുങ്ങുന്നു. കേരള കോണ്‍ഗ്രസ് (എം) എന്ന പേരും രണ്ടില ചിഹ്നവും ജോസ് കെ മാണി സ്വന്തമാക്കിയതോടെയാണ് പുതിയ പാര്‍ട്ടി രജിസ്റ്റര്‍ ചെയ്യാന്‍ ജോസഫ് ഗ്രൂപ്പിന്റെ തീരുമാനം. തിരഞ്ഞെടുപ്പിന് മുമ്പ് പുതിയ പാര്‍ട്ടിയുടെ രജിസ്ട്രേഷന്‍ നടപടികള്‍ പൂര്‍ത്തിയാക്കാന്‍ കഴിയില്ലെങ്കിലും പുതിയ പാര്‍ട്ടിയുടെ പേര് ഉടന്‍ പ്രഖ്യാപിച്ചേക്കും.
കേരള കോണ്‍ഗ്രസ് എന്ന പേര് ജോസഫിന്റെ പാര്‍ട്ടിയിലും ഉണ്ടാകുമെന്ന് റിപ്പോര്‍ട്ടുകള്‍ ഉണ്ട്. രജിസ്ട്രേഷന്‍ നടപടികള്‍ പൂര്‍ത്തിയായിട്ടില്ലെങ്കില്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ ജോസഫ് ഗ്രൂപ്പ് സ്ഥാനാര്‍ത്ഥികള്‍ സ്വതന്ത്ര ചിഹ്നത്തില്‍ മത്സരിക്കേണ്ടിവരും.
രജിസ്റ്റര്‍ ചെയ്യാത്ത പാര്‍ട്ടിക്ക് തിരഞ്ഞെടുപ്പ് ഫണ്ടിലേക്ക് സംഭാവന സ്വീകരിക്കാനും കഴിയില്ല. അതുകൊണ്ടുതന്നെ നിലവിലുള്ള ഒരു പാര്‍ട്ടിയില്‍ ലയിക്കാനുള്ള സാധ്യതയും പരിഗണിക്കുന്നുണ്ട്. പാര്‍ട്ടിയുടെ പേര് പിന്നീട് മാറ്റുകയും ചെയ്യാം.
ചിഹ്നവും പേരുമായും ബന്ധപ്പെട്ടുള്ള കേസ് കോടതിയിലായതിനാല്‍ തദ്ദേശ തിരഞ്ഞെടുപ്പില്‍ ജോസഫിന് ചെണ്ടയാണ് ചിഹ്നമായി ലഭിച്ചത്. രണ്ടില ചിഹ്നം ജോസ് വിഭാഗത്തിന് അനുവദിച്ച തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഉത്തരവ് കഴിഞ്ഞ ദിവസം സുപ്രീം കോടതി ശരിവച്ചിരുന്നു.
ലയനം സംബന്ധിച്ച് പിസി തോമസുമായി ചില ചര്‍ച്ചകള്‍ നടന്നിരുന്നുവെങ്കിലും അതൊന്നും മുന്നോട്ടുപോയിരുന്നില്ല. കോവിഡ് ക്വാറന്റീന്‍ പൂര്‍ത്തിയാക്കി പിജെ ജോസഫ് വ്യാഴാഴ്ച തൊടുപുഴയില്‍ മടങ്ങിയെത്തും. ഇതിനുശേഷം പുതിയ പാര്‍ട്ടിയുടെ കാര്യങ്ങളില്‍ ഔദ്യോഗിക പ്രഖ്യാപനമുണ്ടായേക്കും.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.