പി.സി ചാക്കോ എന്‍സിപിയിലേക്ക്; പവാറുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം പ്രഖ്യാപനം

പി.സി ചാക്കോ എന്‍സിപിയിലേക്ക്; പവാറുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം പ്രഖ്യാപനം

ന്യൂഡല്‍ഹി: കോണ്‍ഗ്രസില്‍ നിന്നും രാജി വച്ച പി.സി ചാക്കോ എന്‍സിപിയില്‍ ചേരും. ഇതിന്റെ ഭാഗമായി എന്‍സിപി അധ്യക്ഷന്‍ ശരദ് പവാറുമായി പി.സി ചാക്കോ കൂടിക്കാഴ്ച നടത്തും. വൈകുന്നേരം ഏഴിന് ശരത് പവാര്‍ പത്രസമ്മേളനം വിളിച്ചിട്ടുണ്ട്.

ചാക്കോ പാര്‍ട്ടി വിട്ടപ്പോള്‍ തന്നെ എന്‍സിപി അദ്ദേഹത്തിനായി വാതില്‍ തുറന്നിട്ടിരുന്നു. ചാക്കോയെ എന്‍സിപിയിലെത്തിക്കാന്‍ കൊച്ചി കേന്ദ്രീകരിച്ചാണ് ഒരു വിഭാഗം ശ്രമങ്ങള്‍ നടത്തിയത്. എന്‍സിപി ദേശീയ അധ്യക്ഷന്‍ ശരദ് പവാറുമായി അടുത്ത ബന്ധമാണ് ചാക്കോയ്ക്കുളളത്.

സംസ്ഥാനത്ത് നേതൃത്വ പ്രതിസന്ധി നേരിടുന്ന എന്‍സിപിക്ക് ചാക്കോയുടെ വരവ് ഊര്‍ജം നല്‍കുമെന്നാണ് ദേശീയ-സംസ്ഥാന നേതൃത്വങ്ങള്‍ വിലയിരുത്തുന്നത്. അടുത്തിടെ എന്‍സിപിയെ പിളര്‍പ്പിലേക്ക് നയിച്ച പാലാ സീറ്റ് വിഷയത്തില്‍ പി.സി ചാക്കോയുടെ ഇടപെടല്‍ ഉണ്ടായെന്ന് കോണ്‍ഗ്രസ് നേതൃത്വം സംശയിച്ചിരുന്നു.

കൊച്ചിയില്‍ ചേര്‍ന്ന രാഷ്ട്രീയകാര്യ സമിതിയില്‍ ചാക്കോയ്ക്കെതിരേ കുറ്റപ്പെടുത്തലുമുണ്ടായി. പാലാ സീറ്റിന്റെ പേരില്‍ എന്‍സിപി ഇടതുമുന്നണി വിടാന്‍ ഒരുങ്ങിയെങ്കിലും അവസാനനിമിഷം ശരദ് പവാര്‍ പിന്മാറുകയായിരുന്നു.

മുന്നണി വിടുന്നത് ബുദ്ധിയല്ലെന്ന ഉപദേശം പവാറിന് പാര്‍ട്ടിക്ക് പുറത്തുനിന്നാണ് കിട്ടിയതെന്ന ആക്ഷേപമുണ്ടായി. ഇക്കാര്യത്തില്‍ കോണ്‍ഗ്രസ് നേതാക്കളുടെ വിമര്‍ശനം ചാക്കോയ്ക്ക് നേരെയായിരുന്നു. കോണ്‍ഗ്രസ് എസ് വിട്ടിട്ടും തനിക്കൊപ്പം പ്രവര്‍ത്തിച്ചവരുമായി ചാക്കോ ബന്ധം സ്ഥാപിച്ചിരുന്നു.

അടുത്തിടെ പഴയ എസ് നേതാക്കളെ ഒരുമിച്ച് കൊണ്ടുവരാന്‍ ചാക്കോയും സൃഹൃത്തുക്കളും ശ്രമിച്ചിരുന്നു. ഇതിനിടെ ഗുലാം നബി ആസാദ്, ആനന്ദ് ശര്‍മ എന്നിവരുമായും പി.സി ചാക്കോ ചര്‍ച്ച നടത്തി.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.