ശ്രീഹരിക്കോട്ട: ഏഴ് മാസത്തെ ഇടവേളയ്ക്കുശേഷം മറ്റൊരു വിക്ഷേപണ ദൗത്യവുമായി ഐഎസ്ആര്‍ഒ. സെപ്റ്റംബര്‍ നാലിന് പുലര്‍ച്ചെ 2.55 ന് ഇമേജിങ് ഉപഗ്രഹമായ ഇ.ഒ.എസ്-5മായി ജിയോസിന്‍ക്രണസ് സാറ്റലൈറ്റ് ലോഞ്ച് വെഹിക്കിള്‍ (ജിഎസ്എല്‍വി- എഫ് 17) ശ്രീഹരിക്കോട്ടയിലെ രണ്ടാം വിക്ഷേപണ തറയില്‍ നിന്ന് കുതിച്ചുയരും.
36,000 കിലോമീറ്റര്‍ അകലെയുള്ള ജിയോസിങ്ക്രണൈസ് ഭ്രമണപഥത്തില്‍ നിന്ന് പ്രവര്‍ത്തിക്കുന്ന ഇന്ത്യയുടെ ആദ്യത്തെ ഇമേജിംഗ് ഉപഗ്രഹമാണിത്. സമീപ കാലത്ത് നേരിടേണ്ടി വന്ന ചില തിരിച്ചടികള്‍ ഐഎസ്ആര്‍ഒയുടെ പ്രതിച്ഛായയെ ബാധിച്ചിരുന്നു. ഐഎസ്ആര്‍ഒയുടെ വിശ്വസ്ത വാഹനമായ പോളാര്‍ സാറ്റലൈറ്റ് ലോഞ്ച് വെഹിക്കിളിന് (പിഎസ്എല്‍വി) 2025 ലും 2026 ലും തുടര്‍ച്ചയായി പരാജയങ്ങള്‍ നേരിടേണ്ടി വന്നു.
ഇതേക്കുറിച്ചുള്ള വിശദമായ അന്വേഷണങ്ങളും വിലയിരുത്തലുകളും തുടരുന്നതിനിടെ റോക്കറ്റ് വിക്ഷേപണങ്ങള്‍ താല്‍കാലികമായി നിര്‍ത്തി വെക്കുകയും ചെയ്തിരുന്നു. ലോകത്തിലെ ഏറ്റവും വിശ്വസനീയമായ റോക്കറ്റുകളിലൊന്നായി ദീര്‍ഘകാലമായി കണക്കാക്കപ്പെടുന്ന പിഎസ്എല്‍വിക്ക് പരാജയങ്ങള്‍ സംഭവിച്ചത് ഇന്ത്യന്‍ ബഹിരാകാശ ഏജന്‍സിയെ സംബന്ധിച്ചിടത്തോളം അപ്രതീക്ഷിതമായിരുന്നു.
എന്നാല്‍ പുതിയ ദൗത്യത്തിന് ഉപയോഗിക്കുന്നത് തികച്ചും വ്യത്യസ്ത വിഭാഗത്തില്‍പ്പെട്ട വിക്ഷേപണ വാഹനമാണ് എന്നത് ഐഎസ്ആര്‍ഓയ്ക്ക് ഏറെ പ്രതീക്ഷ നല്‍കുന്നതാണ്. ജിഎസ്എല്‍വി മാര്‍ക്ക് 2, പിഎസ്എല്‍വിയുമായി എന്‍ജിനുകളോ പ്രധാന പ്രൊപ്പല്‍ഷന്‍ സംവിധാനങ്ങളോ പങ്കിടുന്നില്ല. ആ വ്യത്യാസം വളരെ പ്രധാനമാണ്.
പിഎസ്എല്‍വിയെ ബാധിച്ച പ്രശ്നങ്ങള്‍ ജിഎസ്എല്‍വി മാര്‍ക്ക് 2 നെ നേരിട്ട് ബാധിക്കില്ല. നിര്‍ണായക വിക്ഷേപണത്തിന് തയ്യാറെടുക്കുമ്പോള്‍ എന്‍ജിനീയര്‍മാര്‍ക്കടക്കം ഏറെ ആത്മവിശ്വാസം നല്‍കുന്നതാണിത്.
ജിഎസ്എല്‍വി ആധുനിക ഇന്ത്യന്‍ ചരിത്രത്തിലെ ഏറ്റവും ശ്രദ്ധേയമായ സാങ്കേതിക മുന്നേറ്റങ്ങളില്‍ ഒന്നായ ഒന്നായ തദ്ദേശീയ ക്രയോജനിക് പ്രൊപ്പല്‍ഷന്‍ വികസനത്തെ പ്രതിനിധീകരിക്കുന്നു എന്നതും ശ്രദ്ധേയമാണ്.
ഭാരമേറിയ ഉപഗ്രഹങ്ങള്‍ വിക്ഷേപിക്കാനുള്ള കഴിവ് വേഗത്തിലാക്കാന്‍ 1990 കളില്‍ ഇന്ത്യ റഷ്യയില്‍ നിന്ന് ക്രയോജനിക് സാങ്കേതികവിദ്യ തേടിയിരുന്നു. ഈ ശ്രമം വലിയൊരു ഭൗമരാഷ്ട്രീയ വിവാദത്തിന് തിരികൊളുത്തി. യു.എസ് ഈ നീക്കത്തെ ശക്തമായി എതിര്‍ത്തു. അന്താരാഷ്ട്ര സമ്മര്‍ദ്ദം നിര്‍ണായക ക്രയോജനിക് സാങ്കേതികവിദ്യ സ്വന്തമാക്കുന്നതില്‍ നിന്ന് ഇന്ത്യയെ തടഞ്ഞു.
എന്നാല്‍ ഇന്ത്യന്‍ ശാസ്ത്രജ്ഞര്‍ തദ്ദേശീയമായി ക്രയോജനിക് പ്രൊപ്പല്‍ഷന്‍ വികസിപ്പിക്കുന്നതിനുള്ള കഠിനമായ ശ്രമം ആരംഭിച്ചു. വര്‍ഷങ്ങളോളം നീണ്ട പരാജയങ്ങള്‍, തിരിച്ചടികള്‍ എന്നിവ നേരിടേണ്ടി വന്നെങ്കിലും ഒടുവിലുണ്ടായ വിജയം ഇന്ത്യയുടെ ബഹിരാകാശ പദ്ധതികളെ ശാശ്വതമായി മാറ്റിമറിച്ചു.
തദ്ദേശീയമായ ക്രയോജനിക് അപ്പര്‍ സ്റ്റേജ് സജ്ജീകരിച്ചിട്ടുള്ള ജിഎസ്എല്‍വിയുടെ ഓരോ വിക്ഷേപണവും വലിയ സമ്മര്‍ദങ്ങളെ അതിജീവിച്ച് ഇന്ത്യ നേടിയ വലിയ മുന്നേറ്റത്തിന്റെ ഓര്‍മ്മപ്പെടുത്തലായി നിലകൊള്ളുന്നു.
ജിഎസ്എല്‍വി-എഫ് 17 വിജയകരമായി ഇഒഎസ് 5 ഭ്രമണപഥത്തില്‍ എത്തിക്കുന്നതോടെ ഒരു ഉപഗ്രഹ വിക്ഷേപണത്തെക്കാള്‍ വളരെ വലിയ നേട്ടമാകും ആ ദൗത്യം കൈവരിക്കുന്നത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.