നേമത്ത് കോണ്‍ഗ്രസിലെ എന്‍കൗണ്ടര്‍ വിദഗ്ധന്റെ 'മാസ് എന്‍ട്രി'; മുരളിയുടെ വരവ് ആഘോഷമാക്കി യുഡിഎഫ് അണികള്‍

നേമത്ത് കോണ്‍ഗ്രസിലെ എന്‍കൗണ്ടര്‍ വിദഗ്ധന്റെ  'മാസ് എന്‍ട്രി';  മുരളിയുടെ വരവ് ആഘോഷമാക്കി യുഡിഎഫ് അണികള്‍

തിരുവനന്തപുരം: വൈകിയാണെത്തിയതെങ്കിലും നേമം മണ്ഡലത്തിലേക്ക് മുരളീധരന്റെ 'മാസ് എന്‍ട്രി'. ഒരു എന്‍കൗണ്ടര്‍ വിദഗ്ധന്റെ വീര്യത്തോടെ ഡല്‍ഹിയില്‍ നിന്ന് ഇന്നലെ തിരുവനന്തപുരത്ത് വിമാനമിറങ്ങിയ കെ മുരളീധരന് തലസ്ഥാനത്ത് ലഭിച്ചത് വമ്പന്‍ സ്വീകരണമായിരുന്നു. നേതാക്കളും പ്രവര്‍ത്തകരുമടക്കം നൂറുകണക്കിന് ആളുകളാണ് മുരളിയെ മണ്ഡലത്തിലേക്ക് സ്വീകരിക്കാനായി എത്തിച്ചേര്‍ന്നത്.

അതിനിടെ കെ. മുരളീധരന്‍ ആദ്യ വെടി പൊട്ടിച്ചു. തെരഞ്ഞെടുത്താല്‍ നിങ്ങളുടെ എംഎല്‍എ നിയമസഭയില്‍ കാബറ ഡാന്‍സ് കളിച്ചെന്ന പരാതി ഒരിക്കലും ഞാന്‍ ഉണ്ടാക്കില്ലെന്ന് ബാര്‍ കോഴ വിവാദത്തില്‍ സ്പീക്കറുടെ ചേംബറില്‍ കയറി അതിക്രമം നടത്തിയ വി.ശിവന്‍കുട്ടിയെ പരോഷമായി വിമര്‍ശിച്ച് മുരളീധരന്‍ പറഞ്ഞു. ശബരിമലയിലെ വിശ്വാസങ്ങളും ആചാരങ്ങളും ചോദ്യം ചെയ്തപ്പോള്‍ എതിര്‍ത്തയാളാണ് താന്‍. ശബരിമലയും പൗരത്വ ഭേദഗതി ബില്ലുമെല്ലാം വിഷയമാക്കിയാണ് മുരളിയുടെ തന്ത്രപരമായ തുടക്കം.


മണ്ഡലത്തിലുണ്ടായ ആവേശം വോട്ടായി മാറും. വിജയം ഉറപ്പാണ്, ബിജെപിയെ നേരിടാന്‍ യുഡിഎഫ് ഒറ്റക്കെട്ടായി മുന്നോട്ട് പോകും. ഇതിനിടെ എല്‍ഡിഎഫുമായാണോ എന്‍ഡിഎയുമായാണോ മത്സരമെന്ന മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിന് എല്‍ഡിഎഫും എന്‍ഡിഎയും തമ്മില്‍ രണ്ടാം സ്ഥാനത്തിന് വേണ്ടിയുളള മത്സരമാണെന്നും തങ്ങള്‍ ഒന്നാം സ്ഥാനം ഉറപ്പിച്ചെന്നുമായിരുന്നു മുരളിയുടെ മറുപടി.

ബിജെപി അവരുടെ ഗുജറാത്തെന്നും സിപിഎം അവരുടെ ചെങ്കോട്ടയെന്നും അവകാശപ്പെടുന്ന മണ്ഡലമാണ് നേമം. അവിടെയാണ് മത്സരിക്കാന്‍ ഇറങ്ങുന്നതെന്ന് മാധ്യമപ്രവര്‍ത്തകര്‍ ഓര്‍മ്മിപ്പിച്ചപ്പോള്‍ ഇത് ഗാന്ധിജിയുടെ ഇന്ത്യയാണെന്നും അല്ലാതെ ഒരു കോട്ടയും കൂടും ഒന്നുമല്ലെന്നും മുരളീധരന്‍ തിരിച്ചടിച്ചു.

സിപിഎമ്മും ബിജെപിയും പ്രചാരണത്തില്‍ മുന്നേറി കഴിഞ്ഞു. എങ്ങനെയാണ് താങ്കളുടെ സാധ്യതകളെന്ന ചോദ്യത്തിന് 'എനിക്കിതൊക്കെ ധാരാളം... സംശയമുണ്ടെങ്കില്‍ പി.ജയരാജനോട് ചെന്ന് ചോദിച്ച് നോക്ക്.' എന്നായിരുന്നു മുരളിയുടെ പ്രതികരണം.




വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.