ഉഭയകക്ഷി ബന്ധത്തില്‍ നിര്‍ണായക വഴിത്തിരിവ്: ഷീ ജിന്‍പിങ് യു.എസില്‍; നേരിട്ടെത്തി സ്വീകരിച്ച് ട്രംപ്

ഉഭയകക്ഷി ബന്ധത്തില്‍ നിര്‍ണായക വഴിത്തിരിവ്: ഷീ ജിന്‍പിങ് യു.എസില്‍; നേരിട്ടെത്തി സ്വീകരിച്ച് ട്രംപ്

വാഷിങ്ടണ്‍: ഇരു രാജ്യങ്ങളും തമ്മില്‍ വിവിധ വിഷയങ്ങളില്‍ ഭിന്നത രൂക്ഷമായി തുടരുന്നതിനിടെ ചൈനീസ് പ്രസിഡന്റ് ഷീ ജിന്‍പിങ് മൂന്ന് ദിവസത്തെ ഔദ്യോഗിക സന്ദര്‍ശനത്തിനായി അമേരിക്കയിലെത്തി. പതിവ് നയതന്ത്ര രീതികള്‍ മാറ്റിനിര്‍ത്തി, അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും പ്രഥമ വനിത മെലനിയ ട്രംപും മെരിലാന്‍ഡിലെ ആന്‍ഡ്രൂസ്‌ജോയിന്റ് ബേസ് വ്യോമതാവളത്തില്‍ നേരിട്ടെത്തിയാണ് ചൈനീസ് പ്രസിഡന്റിനെയും ഭാര്യ പെങ് ലിയുവാനെയും സ്വീകരിച്ചത്.

സാധാരണയായി വൈറ്റ് ഹൗസില്‍ വച്ചാണ് വിദേശ നേതാക്കളെ അമേരിക്കന്‍ പ്രസിഡന്റുമാര്‍ സ്വീകരിക്കാറുള്ളത് എന്നതിനാല്‍ ട്രംപിന്റെ ഈ നീക്കം വലിയ രാഷ്ട്രീയ ശ്രദ്ധ നേടിയിട്ടുണ്ട്. പതിനൊന്ന് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് ഷീ ജിന്‍പിങ് അമേരിക്ക സന്ദര്‍ശിക്കുന്നത്.

വ്യാപാരം, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, ഇറാന്‍, തായ്‌വാന്‍ തുടങ്ങിയ തന്ത്രപ്രധാന മേഖലകളില്‍ ഇരുരാജ്യങ്ങളും തമ്മില്‍ അഭിപ്രായ വ്യത്യാസങ്ങള്‍ നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് നിര്‍ണായക സന്ദര്‍ശനം. സന്ദര്‍ശനത്തിന്റെ ഭാഗമായി വൈറ്റ് ഹൗസില്‍ നടക്കുന്ന ഔദ്യോഗിക വിരുന്നിലും ഉന്നതതല നയതന്ത്ര ചര്‍ച്ചകളിലും ഇരുനേതാക്കളും പങ്കെടുക്കും. വരാനിരിക്കുന്ന 2027 മെയില്‍ ട്രംപ് ചൈന സന്ദര്‍ശിക്കാനിരിക്കെയാണ് ഷീ ജിന്‍പിങിന് വാഷിങ്ടണില്‍ വിപുലമായ സ്വീകരണം ഒരുക്കിയിരിക്കുന്നത്. ഉഭയകക്ഷി ബന്ധത്തില്‍ തന്ത്രപരമായ സ്ഥിരത നിലനിര്‍ത്താനാണ് അമേരിക്ക ശ്രമിക്കുന്നതെങ്കിലും ഇരുരാജ്യങ്ങള്‍ക്കുമിടയിലെ തര്‍ക്കങ്ങള്‍ പൂര്‍ണമായി പരിഹരിക്കപ്പെട്ടിട്ടില്ല.

അതേസമയം ചൈനീസ് പ്രസിഡന്റിന് നല്‍കിയ ഊഷ്മളമായ സ്വീകരണത്തിനെതിരെ അമേരിക്കന്‍ ഭരണകൂടത്തിനുള്ളില്‍ നിന്ന് തന്നെ വിമര്‍ശനങ്ങള്‍ ഉയര്‍ന്നിട്ടുണ്ട്. ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുമായും ഷീ ജിന്‍പിങുമായും യു.എസിന് നിരവധി വിയോജിപ്പുകള്‍ ഉള്ളതിനാല്‍ ട്രംപ് നേരിട്ടെത്തി സ്വീകരിച്ചത് ശരിയായില്ലെന്ന് സെനറ്റ് ആര്‍മ്ഡ് സര്‍വീസ് കമ്മിറ്റി റിപ്പബ്ലിക്കന്‍ ചെയര്‍മാന്‍ റോജര്‍ വിക്കര്‍ കുറ്റപ്പെടുത്തി.
എന്നാല്‍ ലോകത്തിലെ ഏറ്റവും വലിയ സാമ്പത്തിക, സൈനിക ശക്തികള്‍ തമ്മില്‍ ഉയര്‍ന്ന തലത്തിലുള്ള ആശയ വിനിമയങ്ങളും ഇടപെടലുകളും അത്യന്താപേക്ഷിതമാണെന്ന നിലപാടാണ് യു.എസ് സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോ സ്വീകരിച്ചത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.