പ്രാദേശിക പട്ടണങ്ങളിലേക്ക് കുടിയേറാന്‍ പ്രോത്സാഹിപ്പിച്ച് ഓസ്‌ട്രേലിയന്‍ സര്‍ക്കാര്‍

പ്രാദേശിക പട്ടണങ്ങളിലേക്ക് കുടിയേറാന്‍ പ്രോത്സാഹിപ്പിച്ച് ഓസ്‌ട്രേലിയന്‍ സര്‍ക്കാര്‍

കാന്‍ബറ: ഓസ്‌ട്രേലിയയിലെ പ്രാദേശിക പട്ടണങ്ങളിലേക്ക് കുടിയേറുന്നവര്‍ക്ക് കുറഞ്ഞ ചെലവില്‍ മികച്ച ജീവിത സൗകര്യങ്ങള്‍ വാഗ്ദാനം ചെയ്ത് ഉപപ്രധാനമന്ത്രി മൈക്കിള്‍ മക്കോര്‍മാക്ക്. ഇതിനായി അഞ്ചു മില്യണ്‍ ഡോളറിന്റെ 'മൂവ് ടു മോര്‍ എന്ന കാമ്പയിന്‍ ആരംഭിക്കാനുള്ള പദ്ധതിയിലാണ് ഓസ്‌ട്രേലിയന്‍ സര്‍ക്കാര്‍.
കുടിയേറ്റം പ്രോല്‍സാഹിപ്പിക്കുന്നതിനൊപ്പം ഇവിടങ്ങളിലെ തൊഴില്‍ ഒഴിവുകള്‍ നികത്താനുമുള്ള കാമ്പയിനുവേണ്ടി റീജിയണല്‍ ഓസ്ട്രേലിയ ഇന്‍സ്റ്റിറ്റ്യൂട്ടിന് 4.6 മില്യണ്‍ ഡോളര്‍ സര്‍ക്കാര്‍ അനുവദിച്ചു. കാമ്പയിന്റെ ഭാഗമായി തയാറാക്കിയ വെബ്‌സൈറ്റില്‍, താമസിക്കാന്‍ അനുയോജ്യമായ 1700 പ്രാദേശിക നഗരങ്ങളുടെ വിശദമായ വിവരങ്ങള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. വീടുകളുടെ ശരാശരി വില, തൊഴില്‍ ഒഴിവുകളുടെ എണ്ണം, ആശുപത്രികള്‍, മെഡിക്കല്‍ ക്ലിനിക്കുകള്‍, സ്‌കൂളുകള്‍, ജിമ്മുകള്‍, പബ്ബുകള്‍ എന്നിവ സംബന്ധിച്ച സമഗ്രവിവരങ്ങളുമുണ്ട്. ഇതുകൂടാതെ സിഡ്നി, ബ്രിസ്ബേന്‍, മെല്‍ബണ്‍, പെര്‍ത്ത് എന്നിവിടങ്ങളിലുടനീളം പരസ്യബോര്‍ഡുകള്‍, അച്ചടി പരസ്യങ്ങള്‍ എന്നിവയിലൂടെ കാമ്പയിനു പ്രചാരണം നല്‍കും. സമൂഹ മാധ്യമങ്ങളിലും പരസ്യം ചെയ്യും.
ചില പട്ടണങ്ങളില്‍ ഭവന പ്രതിസന്ധി നേരിടുന്നുണ്ടെങ്കിലും ഓസ്ട്രേലിയയിലെ പ്രാദേശിക നഗരങ്ങളില്‍ താങ്ങാവുന്ന വിലയില്‍ മെച്ചപ്പെട്ട വീടുകള്‍ വാങ്ങാനാകുമെന്ന് ഉപപ്രധാനമന്ത്രി മൈക്കല്‍ മക്കോര്‍മാക് പറഞ്ഞു. ഇവിടെ നിങ്ങള്‍ക്ക് ഒരു രാജാവിനെയോ രാജ്ഞിയെയോ പോലെ താമസിക്കാം. അഞ്ച് കിടപ്പുമുറികള്‍, മൂന്ന് കുളിമുറി, മൂന്ന് കാര്‍ ഗാരേജ്, വലിയ വീട്ടുമുറ്റം എന്നിവയെല്ലാമുള്ള വീടുകള്‍ കുറഞ്ഞ വിലയ്ക്ക് സ്വന്തമാക്കാം. മെല്‍ബണിലും സിഡ്‌നിയിലും ചതുരപ്പെട്ടി പോലുള്ള അപ്പാര്‍ട്ട്‌മെന്റിലോ, ടെറസ് വീട്ടിലോ വീര്‍പ്പുമുട്ടി താമസിക്കുന്നതിനേക്കാള്‍ എത്രയോ ആശ്വാസകരമാണത്. ജോലിക്ക്് പോകുന്നവര്‍ക്ക് ഹ്രസ്വയാത്ര ഉറപ്പാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സ്വന്തമായി ഫാമുള്ള ഒരു കുടുംബത്തിലാണ് ഞാന്‍ ജീവിച്ചത്. എനിക്ക് കിട്ടിയ ഏറ്റവും നല്ല ജീവിതാനുഭവമായിരുന്നു അതെന്ന് മിഷേല്‍ മക്കോര്‍മാക്ക് പറഞ്ഞു.
റീജിയണല്‍ ഓസ്ട്രേലിയ ഇന്‍സ്റ്റിറ്റ്യൂട്ട് 54,000 ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. കാര്‍ഷികം മാത്രമല്ല എല്ലാ മേഖലകളിലും തൊഴിലവസരങ്ങള്‍ സര്‍ക്കാര്‍ വാഗ്ദാനം ചെയ്യുന്നു.
കോവിഡ് മഹാമാരിയെത്തുടര്‍ന്ന് വീടുകളിലിരുന്നുള്ള ജോലി വ്യാപകമായതോടെ സ്വസ്ഥവും പച്ചപ്പുമുള്ള വാസസ്ഥലത്തോടുള്ള ആളുകളുടെ ആഭിമുഖ്യം വര്‍ധിച്ചിട്ടുണ്ട്് അവര്‍ക്ക് ഈ കാമ്പയിന്‍ പ്രയോജനപ്പെടുത്താനാകും.
കൂടുതല്‍ സന്തുലിതവും സുസ്ഥിരവും സമ്പന്നവുമായ ഒരു രാഷ്ട്രത്തിന്റെ ഭാവിക്കുവേണ്ടിയാണ് പ്രദേശികവല്‍കരണമെന്ന് റീജിയണല്‍ ഓസ്ട്രേലിയ ഇന്‍സ്റ്റിറ്റ്യൂട്ട് ചീഫ് എക്‌സിക്യൂട്ടീവ് ലിസ് റിച്ചി പറഞ്ഞു. പ്രദേശികമായി ഊര്‍ജസ്വലവും പച്ചപ്പും നിറഞ്ഞ നിരവധി വാസയോഗ്യമായ മേഖലകള്‍ ഓസ്‌ട്രേലിയയ്ക്കു സ്വന്തമാണെന്നും ലിസ് റിച്ചി കൂട്ടിച്ചേര്‍ത്തു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.