ആലപ്പുഴ: സംസ്ഥാനത്തെ സര്‍ക്കാര്‍ ആശുപത്രികളില്‍ മരുന്നുക്ഷാമം അനുഭവപ്പെടുന്ന പശ്ചാത്തലത്തില്‍, ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയിലും രോഗികളുടെ ദുരിതം രൂക്ഷമാകുന്നു. ഉയര്‍ന്ന വിലയുള്ള മരുന്നുകള്‍ ഉള്‍പ്പെടെ ഭൂരിഭാഗവും ആശുപത്രി ഫാര്‍മസിയില്‍ ലഭ്യമാകുന്നില്ലെന്നാണ് രോഗികളുടെ പ്രധാന പരാതി. വിവിധ വിഭാഗങ്ങളിലെ ഡോക്ടര്‍മാര്‍ കുറിച്ച് നല്‍കുന്ന അവശ്യമരുന്നുകള്‍ പോലും കിട്ടാനില്ലാത്തതിനെ തുടര്‍ന്ന്, ഭീമമായ തുക നല്‍കി പുറത്തെ സ്വകാര്യ മെഡിക്കല്‍ സ്റ്റോറുകളെ ആശ്രയിക്കേണ്ട ഗതികേടിലാണ് സാധാരണക്കാരായ രോഗികള്‍.
ഓര്‍ഡര്‍ നല്‍കിയ മരുന്നുകള്‍ വിതരണക്കാരില്‍ നിന്ന് എത്തുന്നതിലുണ്ടാകുന്ന കാലതാമസമാണ് നിലവിലെ ക്ഷാമത്തിന് കാരണമെന്നാണ് ആശുപത്രി അധികൃതര്‍ നല്‍കുന്ന വിശദീകരണം. ആലപ്പുഴയില്‍ മാത്രമല്ല, സംസ്ഥാനത്ത് ഉടനീളമുള്ള സര്‍ക്കാര്‍ ആശുപത്രികളില്‍ സമാനമായ പ്രതിസന്ധിയാണ് നിലനില്‍ക്കുന്നത്. പ്രമേഹം, ഉയര്‍ന്ന രക്തസമ്മര്‍ദം തുടങ്ങിയ ജീവിത ശൈലി രോഗങ്ങള്‍ക്കുള്ള മരുന്നുകള്‍ക്ക് പുറമേ, കീമോതെറാപ്പി, അപസ്മാരം തുടങ്ങിയ ചികിത്സകള്‍ക്ക് ആവശ്യമായ ജീവന്‍രക്ഷാ മരുന്നുകള്‍ക്കും വലിയ തോതില്‍ ക്ഷാമം നേരിടുന്നുണ്ട്.
മരുന്നുക്ഷാമം പുറത്തറിയാതിരിക്കാന്‍ പ്രാദേശിക തലത്തില്‍ മരുന്നുകള്‍ വാങ്ങി വിതരണം നടത്താന്‍ സര്‍ക്കാറിന്റെ നിര്‍ദേശമുണ്ടെങ്കിലും അത് പ്രായോഗികമാക്കാന്‍ ആശുപത്രികള്‍ക്ക് സാധിക്കുന്നില്ല. മുന്‍പ് മരുന്നുകളും ഉപകരണങ്ങളും വിതരണം ചെയ്ത വകയില്‍ ഭീമമായ കുടിശിക നല്‍കാനുള്ളതിനാല്‍, കൂടുതല്‍ മരുന്നുകള്‍ നല്‍കാന്‍ സ്വകാര്യ വിതരണക്കാര്‍ വിസമ്മതിക്കുന്നതാണ് പ്രതിസന്ധി രൂക്ഷമാക്കുന്നത്. ഇത് സര്‍ക്കാര്‍ മേഖലയിലെ സൗജന്യ ചികിത്സയെ പൂര്‍ണമായും താളംതെറ്റിക്കുന്ന അവസ്ഥയിലേക്ക് എത്തിച്ചിരിക്കുകയാണ്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.