ന്യൂയോര്‍ക്ക്: ലോകത്ത് കോവിഡ് രോഗവ്യാപനം വീണ്ടും രൂക്ഷമാകുന്ന സാഹചര്യം കണക്കിലെടുത്ത് ലോകരാജ്യങ്ങള്‍ നിയന്ത്രണങ്ങള്‍ കടുപ്പിക്കുന്നു. കോവിഡിന്റെ മൂന്നാം തരംഗം വ്യാപിക്കുന്നത് പ്രതിരോധിക്കുന്നതിന്റെ ഭാഗമായി വിവിധ യൂറോപ്യന്‍ രാജ്യങ്ങള്‍ നിയന്ത്രണങ്ങള്‍ ശക്തമാക്കി.
തിങ്കളാഴ്ച മുതല്‍ ഇറ്റലി രാജ്യവ്യാപക ലോക്ഡൗണ്‍ ഏര്‍പ്പെടുത്തി. പോളണ്ടും രാജ്യത്ത് ഭാഗികമായി ലോക്ഡൗണ്‍ പ്രഖ്യാപിച്ചു. ഫ്രാന്‍സില്‍ കോവിഡിന്റെ മൂന്നാം തരംഗം കണക്കിലെടുത്ത് തലസ്ഥാനമായ പാരീസിലും വാരാന്ത്യ ലോക്ഡൗണ്‍ ഏര്‍പ്പെടുത്തി. രോഗവ്യാപനം രൂക്ഷമാകുന്നത് കണക്കിലെടുത്ത് ഫ്രാന്‍സിലാകെ ലോക്ഡൗണ്‍ ഏര്‍പ്പെടുത്താന്‍ പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണിന് മേല്‍ സമ്മര്‍ദ്ദം ശക്തമാണ്.
പോളണ്ടില്‍ തലസ്ഥാനമായ വാര്‍സയിലും ജര്‍മ്മനിയോട് ചേര്‍ന്നുള്ള പ്രവിശ്യകളിലും രോഗവ്യാപനം രൂക്ഷമായതിനെ തുടർന്നാണ് നിയന്ത്രണം കര്‍ശനമാക്കിയത്. ഇറ്റലി സര്‍ക്കാര്‍ റോമിലെ ലാസിയോ പ്രവിശ്യ റെഡ് സോണായി പ്രഖ്യാപിച്ചിരിക്കുകയാണ്. ഇവിടെ റസ്റ്റോറന്റുകളില്‍ ഭക്ഷണം പാഴ്സലായി കൊണ്ടുപോകാന്‍ മാത്രമേ അനുവദിക്കൂ. ഇരുന്ന് ഭക്ഷണം കഴിക്കാന്‍ അനുവാദമില്ല. അനാവശ്യമായി ആളുകള്‍ വീടിന് പുറത്തിറങ്ങുന്നതും ഇറ്റലി സര്‍ക്കാര്‍ നിരോധിച്ചിരിക്കുകയാണ്. സ്‌കൂളുകള്‍ അടച്ചിടാനും സര്‍ക്കാര്‍ ഉത്തരവിട്ടിട്ടുണ്ട്. കോവിഡ് രോഗികളെ കൊണ്ട് ഐസിയുകള്‍ വീണ്ടും നിറയുന്നതായി റിപ്പോര്‍ട്ടുണ്ട്.
അതേസമയം രാജ്യത്ത് നിന്നും പുറത്തു പോകുന്നതിന് ഫിലിപ്പീന്‍സ് സര്‍ക്കാര്‍ കടുത്ത നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്.
കോവിഡ് വീണ്ടും രൂക്ഷമാകുന്നത് കണക്കിലെടുതാണ് ഫിലിപ്പീന്‍സ് വിദേശികള്‍ക്ക് താല്‍ക്കാലിക വിലക്ക് ഏര്‍പ്പെടുത്തിയത്. ഫിലിപ്പീന്‍ എയര്‍ലൈനുകള്‍ നിരവധി സര്‍വീസുകള്‍ റദ്ദാക്കിയിട്ടുണ്ട്.
അതേസമയം ജര്‍മ്മനിയിലും കോവിഡ് മൂന്നാം തരംഗം ശക്തമായി. ചൊവ്വാഴ്ചയോടെ 83.7 ശതമാനം പേര്‍ക്ക് രോഗബാധ സ്ഥിരീകരിച്ചതായാണ് റിപ്പോര്‍ട്ട്. 68 ശതമാനത്തില്‍ നിന്നാണ് രോഗവ്യാപനം ഒരാഴ്ച കൊണ്ട് 84 ശതമാനത്തിലെത്തിയത്. അടുത്തമാസം പകുതിയോടെ ഇത് ഇരട്ടിയിലേറെയായി വര്‍ധിച്ചേക്കാമെന്ന് റോബര്‍ട്ട് കോച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് മുന്നറിയിപ്പ് നല്‍കി. മെക്സിക്കോയിലും രോഗബാധ വര്‍ധിക്കുകയാണ്. പുതുതായി 1278 പേര്‍ക്ക് കോവിഡ് കണ്ടെത്തി. 175 പേര്‍ മരിച്ചതോടെ, ആകെ മരണം 1,95,119 ആയി ഉയര്‍ന്നു.
ബ്രസീലില്‍ രോഗവ്യാപനം അതിരൂക്ഷമാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 2841 പേരാണ് കോവിഡ് ബാധിച്ച് മരിച്ചത്. ഇതോടെ രാജ്യത്ത് കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 2,82,127 ആയി. 83,926 ഓളം പേര്‍ക്ക് കഴിഞ്ഞ ദിവസം കോവിഡ് സ്ഥിരീകരിച്ചതായാണ് റിപ്പോര്‍ട്ട്. കോവിഡിന്റെ ഉത്ഭവകേന്ദ്രമായ ചൈന, ഇന്ത്യ അടക്കമുള്ള 19 രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് കടുത്ത നിയന്ത്രണം ഏര്‍പ്പെടുത്തി.
അതേസമയം ചൈനയിലേക്ക് എത്തുന്നവര്‍ ചൈനീസ് നിര്‍മ്മിത കോവിഡ് വാക്സിന്‍ സ്വീകരിച്ചവരായിരിക്കണമെന്നാണ് നിര്‍ദേശം. എന്നാല്‍ ചൈനീസ് നിര്‍മ്മിത വാക്സിന്‍ ഇന്ത്യയില്‍ ലഭ്യമല്ല എന്നത് ഇന്ത്യന്‍ യാത്രക്കാര്‍ക്ക് കനത്ത തിരിച്ചടിയാണ്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.