ലണ്ടന്‍: കോവിഡ് മഹാമാരി കവര്‍ന്നെടുത്ത ബാല്യകാല സന്തോഷങ്ങളെ വീണ്ടെടുക്കുമെന്ന പ്രഖ്യാപനവുമായി ഇംഗ്ലണ്ടില്‍ പുതുതായി ചുമതലയേറ്റ കുട്ടികളുടെ കമ്മിഷണര്‍ ഡാം റേച്ചല്‍ ഡിസൂസ. കുട്ടികള്‍ക്കായി നിരവധി പദ്ധതികളാണ് കമ്മിഷണര്‍ ലക്ഷ്യമിടുന്നത്. സ്‌കൂളുകളിലെ സൗജന്യ ഉച്ചഭക്ഷണ പദ്ധതി വേനലവധി ദിവസങ്ങളിലും ലഭ്യമാക്കാനും കുട്ടികളുടെ സംരക്ഷണച്ചെലവിന്റെ 70 ശതമാനം മാതാപിതാക്കള്‍ക്കു ലഭിക്കുന്ന യൂണിവേഴ്‌സല്‍ ക്രെഡിറ്റ് സംവിധാനം ഉപേക്ഷിക്കാനുള്ള തീരുമാനം പിന്‍വലിക്കാനും ശ്രമിക്കുമെന്ന് അവര്‍ പറഞ്ഞു.
രണ്ടാം ലോക മഹായുദ്ധത്തിനു ശേഷം തകര്‍ന്ന സാമൂഹിക സുരക്ഷാ സംവിധാനം പുനര്‍നിര്‍മ്മിച്ചതിനു തുല്യമായ സാഹചര്യത്തിലൂടെയാണ് ഈ കോവിഡ് കാലത്തു നമ്മള്‍ കടന്നുപോകുന്നത്. കുട്ടികളുടെ താല്‍പ്പര്യങ്ങളെ പ്രതിനിധീകരിക്കുന്നതില്‍ താന്‍ നിര്‍ഭയയായിരിക്കുമെന്ന് ഡാം റേച്ചല്‍ കൂട്ടിച്ചേര്‍ത്തു.
'ബിഗ് ആസ്‌ക്' എന്ന പേരില്‍ കുട്ടികളെക്കുറിച്ചുള്ള ഇംഗ്ലണ്ടിലെ ഏറ്റവും വലിയ സര്‍വേയും ചില്‍ഡ്രന്‍സ് കമ്മീഷണര്‍ ആരംഭിച്ചു. കോവിഡ് സൃഷ്ടിച്ച ആഘാതത്തെക്കുറിച്ചും തങ്ങളുടെ ആഗ്രഹങ്ങള്‍ക്ക് തടസം സൃഷ്ടിക്കുന്ന കാര്യങ്ങളെക്കുറിച്ചും കുട്ടികള്‍ക്ക് നിര്‍ഭയമായി ഈ സര്‍വേയില്‍ പങ്കുവയ്ക്കാം. തുടര്‍ന്ന് ഈ റിപ്പോര്‍ട്ട് മാനസികാരോഗ്യ കേന്ദ്രങ്ങള്‍ക്കും സ്‌കൂളുകള്‍ക്കും ചില്‍ഡ്രന്‍സ് ഹോമുകള്‍ക്കും നല്‍കും. കുട്ടികളുടെ ജീവിതം മെച്ചപ്പെടുത്താന്‍ ഈ സര്‍വേ സഹായിക്കുമെന്ന് കമ്മിഷണര്‍ പ്രതീക്ഷിക്കുന്നു.
മുന്‍ അധ്യാപിക, പ്രധാന അധ്യാപിക, സ്‌കൂള്‍ അക്കാദമി ട്രസ്റ്റിന്റെ ചീഫ് എക്‌സിക്യൂട്ടീവ് എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുള്ള ഡാം റേച്ചല്‍, തന്റേത് സ്വതന്ത്ര ശബ്ദമായിരിക്കുമെന്നും കുട്ടികളുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനുമായി പോരാടുമെന്നും പറഞ്ഞു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.