ഓളപ്പരപ്പിലെ ബസിലിക്കയും വി യൗസേപ്പ് പിതാവിന്റെ മരണത്തിരുനാളും 1

ഓളപ്പരപ്പിലെ ബസിലിക്കയും വി യൗസേപ്പ് പിതാവിന്റെ മരണത്തിരുനാളും 1

മാർ തോമാസ്‌ളീഹാ സ്ഥാപിച്ച ഒന്നാം തലമുറയില്‍പ്പെട്ട ഏഴര പള്ളികളുടെ ശേഷം തലമുറയിൽപ്പെട്ട അതിപുരാതനമായ ഒരു ദൈവാലയമാണ് ഇന്നത്തെ ചമ്പക്കുളം ബസിലിക്ക പള്ളി. ഒന്നാം തലമുറയിൽ പെട്ട നിരണം പള്ളിയുടെ കുരിശുപള്ളിയായി AD 427 ൽ കൂദാശ ചെയ്യപ്പെട്ടതാണ് ചമ്പക്കുളം കല്ലൂർക്കാട് ദൈവാലയം. ഈ പള്ളി പരിശുദ്ധ അമ്മയുടെ നാമധേയത്തിൽ സ്ഥാപിതമായതിനാൽ സെന്റ് മേരീസ് പള്ളി എന്നാണ് അറിയപ്പെടുന്നത്. പതിമൂന്നാം ലിയോ മാർപാപ്പ കേരളത്തിലെ സുറിയാനി കത്തോലിക്കർക്ക് വേണ്ടി കോട്ടയം, തൃശൂർ എന്നീ രണ്ടു വികാരിയത്തുകൾ സ്ഥാപിച്ചപ്പോൾ കോട്ടയം വികാരിയത്തിനെ ഏഴു ഫോറോനകളായി തിരിച്ചു. അതിലൊന്നാണ് കല്ലൂർക്കാട് ഫൊറോനാ. 2016 നവംബർ 27 നു ബസിലിക്ക പദവിയിലേക്കും ഈ ദൈവാലയം ഉയർത്തപ്പെട്ടു. ചങ്ങനാശ്ശേരി അതിരൂപതയിലെ ആദ്യത്തെ ബസിലിക്കയും ഇന്ത്യയിൽ ആകെയുള്ള 23 ബസിലിക്കകളിൽ ഒന്നും. വിശ്വാസ പൈതൃകത്തിന്റെയും മതസൗഹാർദത്തിന്റെതുമായ ഒരുപാടു കഥകൾ ഇവിടുത്തെ വിശ്വാസസമൂഹത്തിന് ഈ ദൈവാലയം കേന്ദ്രീകരിച്ചു പറയുവാനുണ്ട്.

മാതാവിന്റെ നാമത്തിലുള്ള പള്ളിയായതിനാൽ മാതാവിന്റെ ദർശന തിരുന്നാളാണ് ഇവിടുത്തെ ഇടവകതിരുന്നാൾ. എന്നാൽ നാനാജാതി മതസ്തരും വിദൂരങ്ങളിൽ നിന്നുമുള്ള തീർഥാടകരുമൊന്നു പോലെ പങ്കെടുക്കുന്ന തിരുന്നാളാണ് വി. യൗസേപ്പ് പിതാവിന്റെ മാർച്ച്‌ 19ന് നടത്തുന്ന മരണ തിരുന്നാളും നേർച്ച ഭക്ഷണവും. സംസ്ഥാനത്തിന് അകത്തു നിന്നും പുറത്തു നിന്നും ക്രൈസ്തവരും അക്രൈസ്തവരുമായി
പതിനായിരകണക്കിന് തീർഥാടകരാണ് ഇതിൽ സംബന്ധിക്കുന്നത്.



തിരുനാൾ വി. യൗസെപ്പുപിതാവിന്റ ആണെങ്കിലും തിരുസ്വരൂപം തിരുക്കുടുംബത്തിന്റെതാണ്. ഉണ്ണീശോയെ വഹിച്ചു കഴുതപ്പുറത്തിരിക്കുന്ന പരി. അമ്മയും കഴുതയെ തെളിക്കുന്ന വി. യൗസെപ്പു പിതാവുമാണ് രൂപത്തിൽ ആവിഷ്കരിക്കപ്പെട്ടിരിക്കുന്നത്. ഉണ്ണീശോയെ ഹേറോദേസ് വധിക്കാൻ ആലോചിച്ചതിനെ തുടർന്നു തിരുക്കുടുംബത്തെയും കൂട്ടി ഇജിപ്തിലേക്കു പലായനം ചെയ്യുന്ന രംഗമാണ് തിരുസ്വരൂപത്തിന്റെ നിർമ്മിതിയിൽ നാം കാണുന്നത്.

തിരുന്നാളിന്റെ തലേ ദിവസം, അതായതു 18നു വൈകുന്നേരം ഈ തിരുസ്വരൂപവും വഹിച്ചു നടത്തുന്ന പട്ടണ പ്രദിക്ഷണം തിരുക്കുടുംബം ഇജിപ്തിലേക്ക് പലായനം ചെയ്തതിന്റെ ഓർമ പുതുക്കൽ കൂടിയാണ്. പിതാവിന്റെ അനുഗ്രഹത്തിനായി നാട്ടുകാരും തീർഥാടകാരുമായി അനേകായിരങ്ങൾ ഇതിൽ പങ്കെടുക്കുന്നു. കൂടാതെ വിശ്വാസികൾ സകുടുംബം ഇവിടെ താമസിച്ച് നൊവേനകളിൽ പങ്കെടുത്ത് മടങ്ങുന്നു.

തിരുനാൾ ദിവസം പള്ളിയിൽ നിന്നും ആശീർവദിച്ചു നൽകുന്ന എണ്ണ തേച്ചു പമ്പയാറ്റിൽ മുങ്ങി കുളിച്ചു പള്ളിമുറ്റത്തു സ ജ്ജമാക്കിയിരിക്കുന്ന പന്തലിലിരുന്നു വി. യൗസപ്പിതാവിന്റെ നേർച്ചഭക്ഷണം കഴിക്കുക എന്നതാണ് പ്രധാന നേർച്ച. നേർച്ച ഭക്ഷണം വിളമ്പുന്നതിനു മുമ്പ് കുഞ്ഞുങ്ങൾക്ക് 'ചോറൂട്ട്' (മുത്തിയൂട്ട് എന്നും അറിയപ്പെടും) നൽകുന്ന കർമ്മവുമുണ്ട്. ആദ്യ ചോറ് യൗസപ്പിതാവിന്റെ നേർച്ച ഭക്ഷണമായാൽ കുട്ടിക്ക് ഒരു കാലത്തും ഭക്ഷണം മൂലം അസ്സുഖം വരില്ല എന്ന വിശ്വാസം പ്രബലമാണ്. നേർച്ച ഭക്ഷണത്തിന്റെ ഒരംശം സ്വദേശത്തു കൊണ്ടുപോയി ഉണക്കി സൂക്ഷിച്ചു വെക്കുകയും രോഗം വരുമ്പോൾ ആ ഉണക്കി സൂക്ഷിച്ച് വച്ച ഭക്ഷണം രോഗശാന്തിക്കായി കഴിക്കുകയും ചെയ്തിരുന്നു. ഇതുമൂലം സംഭവിച്ചിട്ടുള്ള അത്ഭുത രോഗശാന്തികൾ ഭക്തർ സാക്ഷ്യപ്പെടുത്താറുണ്ട്. കൂടാതെ പള്ളിയിൽ നിന്നും വെഞ്ചരിച്ചു നൽകുന്ന ചരട് കയ്യിൽ കെട്ടുന്നവരും മത്സ്യ ബന്ധനത്തിനുള്ള വലയിൽ കെട്ടുന്നവരും അവിചാരിതമായ അപകടങ്ങളിൽ നിന്നും രക്ഷ പ്രാപിക്കുന്നതായി സാക്ഷ്യപ്പെടുത്തുന്നു.ചുരുക്കത്തിൽ ചമ്പക്കുളത്തെ ഈ തിരുസ്വരൂപവും തിരുനാളും നൂറ്റാണ്ടുകളായി പതിനായിരങ്ങളെ ഇവിടേയ്ക്ക് ആകർഷിക്കുന്നു.

(നേർച്ച സദ്യയുടെ വിഭവങ്ങൾ ചോറ്, സാംബാർ, കടുക് മാങ്ങാ ഇവയാണ്. സാംബാർ ഉണ്ടാക്കി സംഭരിക്കുന്നത് വള്ളത്തിന്റെ രൂപത്തിലുള്ള 'സാംബാർ തോണി' എന്ന പ്രത്യേക 'പാത്രത്തിലാണ്'. ഇതിൽ നിന്ന് തന്നെയാണ് സാംബാർ വിളമ്പുന്നതും)


ചമ്പക്കുളം കല്ലൂർക്കാട് പള്ളിയുടെ ചരിത്രവും പള്ളിയിലേ പ്രസിദ്ധമായ നേർച്ചസദ്യയും ഉൾപ്പെടുത്തിക്കൊണ്ട് ഫാ ഷാജി തുമ്പേചിറയിൽ  രചിച്ച്, ആലപിച്ച 'നീതിമാൻ' എന്ന ആൽബത്തിലെ ഗാനം ഇതോടൊപ്പം ചേർക്കുന്നു. പള്ളിയുടെ ചരിത്രം ചുരുക്കി ഉൾക്കൊള്ളിച്ചിട്ടുണ്ട് ഈ ഗാനത്തിൽ.

ഫാ ഷാജി തുമ്പേചിറയിൽ  രചിച്ച്, ആലപിച്ച 'നീതിമാൻ' എന്ന ആൽബത്തിലെ ഗാനം കേൾക്കാൻ ഇവിടെ അമർത്തുക 

(ഈ പുരാതന പള്ളിയുടെ ഐതിഹാസികമായ ചരിത്രം നാളെ)



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.