ബാലശങ്കറിന്റെ വെളിപ്പെടുത്തല്‍ കോണ്‍ഗ്രസിന് ചാകര; സിപിഎമ്മും ബിജെപിയും കട്ട പ്രതിരോധത്തില്‍

 ബാലശങ്കറിന്റെ വെളിപ്പെടുത്തല്‍ കോണ്‍ഗ്രസിന് ചാകര;  സിപിഎമ്മും ബിജെപിയും കട്ട പ്രതിരോധത്തില്‍

തിരുവനന്തപുരം: തെരഞ്ഞെടുപ്പില്‍ ബിജെപി- സിപിഎം ഡീലുണ്ടെന്ന ആര്‍എസ്എസ് സൈദ്ധാന്തികന്‍ ആര്‍. ബാലശങ്കറിന്റെ വെളിപ്പെടുത്തല്‍ യുഡിഎഫ് രാഷ്ട്രീയ ആയുധമാകുന്നു. വിഷയം സംസ്ഥാനമാകെ ചര്‍ച്ചയാക്കാനാണ് തീരുമാനം.

തങ്ങള്‍ ഇത്രനാളും പറഞ്ഞത് ആര്‍എസ്എസ് നേതാവിന്റെ നാവില്‍നിന്ന് തന്നെ കേട്ടപ്പോള്‍ വിശ്വാസമായില്ലേയെന്ന് ചോദിച്ച് സിപിഎമ്മിനെയും ബിജെപിയെയും ഒരുപോലെ ആക്രമിച്ച് പ്രതിരോധത്തിലാക്കുകയാണ് കോണ്‍ഗ്രസ്. സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ കലങ്ങിമറിഞ്ഞ് വിവാദത്തിലായ കോണ്‍ഗ്രസിന് കിട്ടിയ പിടിവള്ളിയാണ് ബാലശങ്കറിന്റെ വെളിപ്പെടുത്തല്‍.

കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പില്‍ ഇടതുമുന്നണി പ്രധാനമായും ഉന്നയിച്ച ആരോപണങ്ങളിലൊന്ന് യുഡിഎഫ്-ബിജെപി കൂട്ടുകെട്ടായിരുന്നു. എന്നാല്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ 10 മണ്ഡലങ്ങളില്‍ ഇടതുമുന്നണി-ബിജെപി. നീക്കുപോക്കെന്ന ആരോപണം യുഡിഎഫ് ഉന്നയിക്കുന്നു. അതിന് ഇതുവരെ വലിയ പ്രാധാന്യം ലഭിച്ചിരുന്നില്ലെങ്കിലും ബാലശങ്കറിന്റെ വെളിപ്പെടുത്തലോടെ ചിത്രം ആകെ മാറി.

ശക്തമായ മത്സരം നടക്കുന്ന മണ്ഡലങ്ങളിലെല്ലാം ഇപ്പോള്‍ മുഖ്യ പ്രചാരണായുധം ബാലശങ്കര്‍ തുറന്നുവിട്ട സിപിഎം-ബിജെപി കൂട്ടുകെട്ടെന്ന ദുര്‍ഭൂതമാണ്. കഴിഞ്ഞ കുറേക്കാലമായി മുസ്ലിം, ക്രിസ്ത്യന്‍ വിഭാഗങ്ങള്‍ സിപിഎമ്മിനോട് അടുക്കുന്നതു തടയാന്‍ ബാലശങ്കറിന്റെ ഈ ആരോപണം ഗുണകരമാകുമെന്ന് കോണ്‍ഗ്രസ് കണക്കുകൂട്ടുന്നു.

ഇതിനിടെ ബാലശങ്കറെയും അദ്ദേഹമുയര്‍ത്തിയ ആരോപണങ്ങളെയും തള്ളി ആര്‍എസ്എസും സിപിഎമ്മും രംഗത്തെത്തി. വിവാദം കത്തിപ്പടരുമ്പോഴും പറഞ്ഞതില്‍ ഉറച്ചുനില്‍ക്കുന്നുവെന്ന് ബാലശങ്കറും വ്യക്തമാക്കി.

കോണ്‍ഗ്രസും ബിജെപിയും തമ്മിലുള്ള ധാരണയാണ് മുന്‍കാല അനുഭവമെന്നും അതു തുടരുകയാണെന്നും സിപിഎം കുറ്റപ്പെടുത്തുന്നു. ബിജെപി-കോണ്‍ഗ്രസ് ധാരണയുടെ ഉദാഹരണമായി സിപിഎം ചൂണ്ടിക്കാണിച്ചിരുന്ന പ്രധാന ഉദാഹരണം നേമം സീറ്റില്‍ യുഡിഎഫിന് കഴിഞ്ഞതവണ കിട്ടിയ കുറഞ്ഞ വോട്ടായിരുന്നു. ഇതിന് മറുപടി നല്‍കാനും ബിജെപിയെ പുലിമടയില്‍ ചെന്ന് നേരിടുന്നത് തങ്ങളാണെന്ന പ്രതീതിയുണ്ടാക്കാനുമാണ് കെ. മുരളീധരനെത്തന്നെ കോണ്‍ഗ്രസ് ഇപ്രാവശ്യം രംഗത്തിറക്കിയത്.

ബിജെപി - സിപിഎം ബന്ധം ചര്‍ച്ചയാക്കുന്നതിലൂടെ ന്യൂനപക്ഷ വോട്ടുകള്‍ ആകര്‍ഷിക്കുകയാണ് യുഡിഎഫ് ലക്ഷ്യമിടുന്നത്. ബാലശങ്കര്‍ ഉയര്‍ത്തിയ വിവാദം തെരഞ്ഞെടുപ്പ് വേളയില്‍ ലഭിച്ച ചാകര ആയിട്ടാണ് യുഡിഎഫ് നേതാക്കള്‍ കാണുന്നത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.