എല്ലാം ശരിയാക്കിയാൽ പിന്നെ പൊയ്ക്കൂ‌ടെ ?: സർക്കാരിനെതിരെ പരിഹാസവുമായി നടന്‍ സലിംകുമാര്‍

എല്ലാം ശരിയാക്കിയാൽ പിന്നെ പൊയ്ക്കൂ‌ടെ ?: സർക്കാരിനെതിരെ പരിഹാസവുമായി നടന്‍ സലിംകുമാര്‍

പെരുമ്പാവൂർ: സംസ്ഥാന സർക്കാറിനെതിരെ രൂക്ഷമായി വിമർശിച്ച് നടൻ സലിംകുമാർ. ഏപ്രില്‍ ആറ് വിശ്വാസവഞ്ചകരുടെ പതിനാറടിയന്തരമാക്കി ആഘോഷിക്കണമെന്ന് നടന്‍ സലിംകുമാര്‍. പെരുമ്പാവൂരിലെ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി എല്‍ദോസ് കുന്നപ്പിള്ളിയുടെ തെരഞ്ഞെടുപ്പ് പ്രചാരണ കണ്‍വന്‍ഷനില്‍ സംസാരിക്കുകയായിരുന്ന അദ്ദേഹം സംസ്ഥാന സര്‍ക്കാറിനെതിരെ രൂക്ഷ വിമര്‍ശനമാണ് നടത്തിയത്.

എല്ലാം ശരിയാക്കി തരാന്ന് പറഞ്ഞാണ് വന്നത്. എല്ലാം ശരിയാക്കി തന്നാല്‍ പിന്നെ അവിടെ നില്‍ക്കരുത്. പൊയ്‌ക്കോളണം. പോയില്ലെങ്കില്‍ പറഞ്ഞു വിട്ടോണം. ആ വിടാനുള്ള തീയതിയാണ് ഏപ്രില്‍ ആറ് എന്ന് സലിം കുമാര്‍ പറഞ്ഞു.

‘അസാധ്യമായി ഒന്നുമില്ലെന്ന് അവര്‍ തെളിയിച്ചു. അത് സത്യമാണ്. അറബിക്കടലൊക്കെ വില്‍ക്കാന്‍ പറ്റുമെന്ന് ആരെങ്കിലും വിചാരിച്ചിരുന്നോ, പിന്നേ, സ്ത്രീകള്‍ എന്തോ ആത്മ സംതൃപ്തിയോടെ കഴിഞ്ഞ അഞ്ചു വര്‍ഷങ്ങളാണ് എന്ന്…വാളയാറിലെ ആകാശത്ത് രണ്ടു പിഞ്ചു കുഞ്ഞുങ്ങള്‍ കെട്ടിത്തൂങ്ങി രക്തംവാര്‍ന്ന ശരീരവുമായിട്ട് നിന്നത് നമ്മള്‍ ഓര്‍ക്കുന്നില്ലേ. ആ പിഞ്ചു കുഞ്ഞുങ്ങള്‍ക്ക് എന്ത് ആത്മസംതൃപ്തിയിലായിരുന്നു കെട്ടിത്തൂങ്ങിയത്?’ – അദ്ദേഹം ചോദിച്ചു.

‘കോവിഡ് ബാധിച്ച ഒരു സ്ത്രീയെ ആംബുലന്‍സിലിട്ട് പീഡിപ്പിച്ചു. ആ സ്ത്രീക്ക് എന്ത് ആത്മസംതൃപ്തിയാണ് കിട്ടിയത്. ഒരമ്മ തലമുണ്ഡനം ചെയ്ത് ധര്‍മ്മടത്ത് നില്‍ക്കുകയാണ്. സ്വന്തം മക്കളുടെ ഘാതകരെ അറസ്റ്റു ചെയ്യണമെന്ന് ആവശ്യപ്പെട്ട്. ആ അമ്മ എന്ത് ആത്മസംതൃപ്തിയാണ് അനുഭവിച്ചത്? സാധാരണക്കാര്‍ ഇപ്പോഴും സെക്രട്ടറിയേറ്റിന് മുൻപിൽ മുട്ടിലിഴഞ്ഞു നടക്കുകയാണ്. ഇങ്ങനെയായിട്ടും തള്ളിന് ദൈവം സഹായിച്ചിട്ട് ഒരു കുറവുമുണ്ടായിട്ടില്ല. ഒടുക്കത്തെ തള്ളാണ്. കൊച്ചു നേതാക്കള്‍ വരെ തള്ളാണെന്ന്' സലീം കുമാര്‍ പറഞ്ഞു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.