ഇടത് കൈത്താങ്ങില്‍ പി.സി ചാക്കോ രാജ്യസഭയിലേക്ക്? ചെറിയാന്‍ ഫിലിപ്പും പരിഗണനാ പട്ടികയില്‍

ഇടത് കൈത്താങ്ങില്‍ പി.സി ചാക്കോ രാജ്യസഭയിലേക്ക്?   ചെറിയാന്‍ ഫിലിപ്പും പരിഗണനാ പട്ടികയില്‍

തിരുവനന്തപുരം: സംസ്ഥാനത്ത് ഒഴിവ് വരുന്ന മൂന്ന് രാജ്യസഭാ സീറ്റുകളില്‍ ഒരു സീറ്റില്‍ അവകാശവാദമുന്നയിക്കാന്‍ എന്‍സിപി തീരുമാനം. കോണ്‍ഗ്രസ് വിട്ടുവന്ന മുതിര്‍ന്ന നേതാവ് പി സി ചാക്കോയ്ക്ക് വേണ്ടിയാണിത്. പാര്‍ട്ടിയുടെ ദേശീയ അദ്ധ്യക്ഷന്‍ ശരദ് പവാര്‍ മുഖ്യമന്ത്രിയുമായി ഇക്കാര്യം സംസാരിക്കും. അടുത്ത മാസമാണ് കേരളമടക്കമുള്ള ഏതാനും സംസ്ഥാനങ്ങളില്‍ രാജ്യസഭയിലേക്ക് തിരഞ്ഞെടുപ്പ് നടക്കുന്നത്.

കോണ്‍ഗ്രസില്‍ നിന്നും രാജിവച്ച പി.സി ചാക്കോ കഴിഞ്ഞ ദിവസമാണ് എന്‍സിപിയില്‍ ചേര്‍ന്നത്. ഇതിന് തൊട്ടു മുമ്പ് അദ്ദേഹം സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയുമായി ഡല്‍ഹിയില്‍ കൂടിക്കാഴ്ച നടത്തിയിരുന്നു. ഇന്ന് കേരളത്തില്‍ തിരിച്ചെത്തിയ ചാക്കോയ്ക്ക് വമ്പന്‍ സ്വീകരണമാണ് എന്‍സിപി നല്‍കിയത്. നാളെ കോങ്ങാട് മണ്ഡലത്തില്‍ മുഖ്യമന്ത്രിക്കൊപ്പം അദ്ദേഹം വേദി പങ്കിടും.ശേഷം 14 ജില്ലകളിലും എല്‍ഡിഫിനു വേണ്ടി ചാക്കോ പ്രചാരണത്തിനിറങ്ങും.

പാലായ്ക്ക് പകരം ഒഴിവുവരുന്ന രാജ്യസഭാ സീറ്റ് മാണി സി കാപ്പന് നല്‍കുമെന്ന് നേരത്തെ സിപിഎമ്മും എന്‍സിപിയും തമ്മില്‍ ധാരണയുണ്ടായിരുന്നു. എന്നാല്‍ കാപ്പന്‍ പാലായ്ക്ക് വേണ്ടി ഉറച്ചുനിന്ന് യുഡിഫിലേക്ക് ചേക്കേറിയതോടെ ആ സീറ്റ് ഒഴിവുണ്ട്. ചാക്കോയെ പോലൊരു ഉന്നത നേതാവ് വന്ന സാഹചര്യത്തില്‍ രാജ്യസഭാ സീറ്റില്‍ നിന്ന് പിന്നോട്ട് പോകേണ്ടയെന്നാണ് എന്‍സിപി നിലപാട്. കോണ്‍ഗ്രസില്‍ ഉണ്ടായിരുന്ന സമയത്ത് പലതവണ രാജ്യസഭാ സീറ്റിനായി ചാക്കോ ശ്രമം നടത്തിയിരുന്നെങ്കിലും കിട്ടിയിരുന്നില്ല.

വയലാര്‍ രവി, പി.വി അബ്ദുള്‍ വഹാബ്, കെ.കെ രാഗേഷ് എന്നിവരുടെ കാലാവധിയാണ് അടുത്ത മാസം അവസാനിക്കുന്നത്. നിയമസഭയിലെ നിലവിലെ അംഗബലം അനുസരിച്ച് എല്‍ഡിഎഫിന് രണ്ടു സീറ്റും യുഡിഎഫിന് ഒരു സീറ്റുമാണ് വിജയിക്കാനാവുക. ഇതില്‍ പിവി അബ്ദുള്‍ വഹാബിനെ തന്നെ വീണ്ടും രാജ്യസഭയിലേക്ക് മത്സരിപ്പിക്കാനാണ് യുഡിഎഫ് തിരുമാനം.

ഒഴിവുവരുന്ന രണ്ട് സീറ്റുകളില്‍ ഒന്നില്‍ ചെറിയാന്‍ ഫിലിപ്പിനെയാണ് സിപിഎം പ്രധാനമായും പരിഗണിക്കുന്നത്. ചെറിയാന്‍ ഫിലിപ്പിനെ രാജ്യസഭാ സീറ്റിലേക്ക് നേരത്തെ പരിഗണിച്ചിരുന്നുവെങ്കിലും അവസാന നിമിഷം സിപിഎം കേന്ദ്ര നേതൃത്വത്തിന്റെ ഇടപെടലിനെ തുടര്‍ന്ന് എളമരം കരീമിന് സീറ്റ് നല്‍കുകയായിരുന്നു. എന്നാല്‍ ഇത്തവണ ചെറിയാന്‍ ഫിലിപ്പിന് അവസരം നല്‍കാന്‍ തന്നെയാണ് നേതൃത്വത്തിന്റെ നീക്കം.

ഡല്‍ഹി കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന വിജു കൃഷ്ണന്‍, നിയമസഭാ തിരഞ്ഞെടുപ്പില്‍ അവസരം കിട്ടാതെപോയ മന്ത്രിമാരായ തോമസ് ഐസക്ക്, എ.കെ ബാലന്‍ തുടങ്ങിയവരുടെ പേരുകളും രാജ്യസഭയിലേക്ക് പരിഗണിക്കുന്നുണ്ട്.ചാക്കോയ്ക്കും ചെറിയാന്‍ ഫിലിപ്പിനും സീറ്റ് ലഭിച്ചാല്‍ രണ്ട് മുന്‍ കോണ്‍ഗ്രസുകാര്‍ ഇടതുപക്ഷത്തിന്റെ ബാനറില്‍ രാജ്യസഭാ എംപിമാരാകും. സി പിഎമ്മിനുള്ളില്‍ തന്നെ ഇതിനെതിരെ എതിര്‍പ്പുയരാന്‍ സാധ്യതയുമുണ്ട്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.