പ്രധാനമന്ത്രിയും യുഎസ് പ്രതിരോധ സെക്രട്ടറി ലോയ്ഡ് ഓസ്റ്റിനും കൂടിക്കാഴ്ച നടത്തി

പ്രധാനമന്ത്രിയും യുഎസ് പ്രതിരോധ സെക്രട്ടറി ലോയ്ഡ് ഓസ്റ്റിനും കൂടിക്കാഴ്ച നടത്തി

ന്യുഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയും യുഎസ് പ്രതിരോധ സെക്രട്ടറി ലോയ്ഡ് ജെ. ഓസ്റ്റിനും കൂടിക്കാഴ്ച നടത്തി. ആഗോള നന്മയ്ക്ക് വേണ്ടി ഇരുരാജ്യങ്ങളും പ്രതിജ്ഞാബദ്ധമാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. യു.എസ് പ്രസിഡന്റ് ജോ ബൈഡന്‍ പ്രധാനമന്ത്രിക്ക് ആശംസകള്‍ നേര്‍ന്നു.
ഇന്ത്യ സന്ദര്‍ശിക്കാന്‍ കഴിഞ്ഞതില്‍ ഏറെ സന്തോഷമുണ്ടെന്ന് കൂടിക്കാഴ്ചയ്ക്ക് ശേഷം ലോയ്ഡ് ട്വീറ്റ് ചെയ്തു. ഇരുരാജ്യങ്ങളുടേയും പ്രതിരോധ പങ്കാളിത്തത്തിന്റെ പ്രാധാന്യം സഹകരണത്തിലൂടെ പ്രതിഫലിക്കുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

അതേസമയം റഷ്യയില്‍നിന്ന് എസ്400 വ്യോമ പ്രതിരോധ സംവിധാനം വാങ്ങാനുള്ള ഇന്ത്യയുടെ നീക്കത്തെ യുഎസ് എതിര്‍ത്തു. യുഎസിന് ഇക്കാര്യത്തിലുള്ള എതിര്‍പ്പ് ഇന്ത്യയെ അറിയിക്കാന്‍ യുഎസ് സെനറ്റ് ഫോറിന്‍ റിലേഷന്‍സ് കമ്മിറ്റ് ചെയര്‍മാന്‍ ബോബ് മെനന്‍ഡസ്, യുഎസ് പ്രതിരോധ സെക്രട്ടറി ലോയിഡ് ഓസ്റ്റിന് നിര്‍ദേശം നല്‍കി.

ഇന്ത്യ യുഎസ് തന്ത്രപരമായ ബന്ധം ത്വരിതപ്പെടുത്തുക, ഇന്തോ പസഫിക് സഹകരണം വര്‍ധിപ്പിക്കുക, ലഡാക്ക് നിയന്ത്രണ രേഖയില്‍ ചൈന നടത്തുന്ന ഇടപെടല്‍, തീവ്രവാദം, അഫ്ഗാന്‍ സമാധാന പ്രക്രിയ എന്നീ വിഷയങ്ങളില്‍ ഇന്ത്യന്‍ ഉദ്യോഗസ്ഥരുമായി ലോയ്ഡ് ചര്‍ച്ച നടത്തി. പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്, ദേശീയ സുരക്ഷ ഉപദേഷ്ടാവ് അജിത് ഡോവല്‍ എന്നിവരുമായും അദ്ദേഹം കൂടിക്കാഴ്ച നടത്തി.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.