ലഖ്നൗ: ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയുടെ വാഹന വ്യൂഹം ഉത്തര്‍പ്രദേശിലെ പൂര്‍വാഞ്ചല്‍ എക്‌സ്പ്രസ് വേയില്‍ അപകടത്തില്‍പ്പെട്ടു. അപകീര്‍ത്തി കേസില്‍ കോടതിയില്‍ ഹാജരാകാനായി ലഖ്നൗവില്‍ നിന്ന് സുല്‍ത്താന്‍പൂരിലേക്ക് പോകുന്നതിനിടെ ഇന്ന് രാവിലെ പത്തിനായിരുന്നു സംഭവം.
രാഹുല്‍ ഗാന്ധിയുടെ കാറിന് പിന്നില്‍ സഞ്ചരിച്ച വാഹനങ്ങളാണ് കൂട്ടിയിടിച്ചത്. അപകടത്തില്‍ രാഹുല്‍ ഗാന്ധിക്ക് പരിക്കില്ല. ഒരു വാഹനത്തിന്റെ ബോണറ്റ് പൂര്‍ണമായി തകര്‍ന്നു. ഏതാനും ചില പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കും ഒരു സുരക്ഷാ ഉദ്യോഗസ്ഥനും ചെറിയ പരിക്കേറ്റതായി റിപ്പോര്‍ട്ടുണ്ട്.
രാഹുലിന്റെ വാഹന വ്യൂഹത്തിന്റെ പിന്‍നിരയില്‍ പ്രാദേശിക കോണ്‍ഗ്രസ് നേതാക്കള്‍ സഞ്ചരിച്ചിരുന്ന സ്വകാര്യ വാഹനം പെട്ടെന്ന് ബ്രേക്ക് ചെയ്തതാണ് അപകടത്തിന് വഴിവെച്ചതെന്ന് പൊലീസ് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. ഇതോടെ തൊട്ടു പിന്നാലെയെത്തിയ അകമ്പടി വാഹനങ്ങള്‍ ഒന്നിനു പുറകെ ഒന്നായി കൂട്ടിയിടിക്കുകയായിരുന്നു. രാഹുല്‍ സഞ്ചരിച്ചിരുന്ന വാഹനത്തിന് യാതൊരു കേടുപാടുകളും സംഭവിച്ചില്ല.
അപകടം ഗുരുതരമല്ലെന്ന് ഉറപ്പുവരുത്തിയതിനെ തുടര്‍ന്ന് ഏതാനും മിനിറ്റുകള്‍ക്കകം രാഹുല്‍ ഗാന്ധി സുല്‍ത്താന്‍പൂരിലേക്കുള്ള യാത്ര പുനരാരംഭിച്ചു. കോടതി പരിസരത്ത് കനത്ത സുരക്ഷയാണ് പൊലീസ് ഒരുക്കിയിരിക്കുന്നത്.
2018 ലെ കര്‍ണാടക നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ബംഗളൂരുവില്‍ നടന്ന പൊതുറാലിയില്‍ അന്നത്തെ ബിജെപി ദേശീയ അധ്യക്ഷനായിരുന്ന അമിത് ഷായ്ക്കെതിരെ രാഹുല്‍ ഗാന്ധി നടത്തിയ വിവാദ പരാമര്‍ശമാണ് കേസിന് ആധാരം.
പ്രാദേശിക ബിജെപി നേതാവ് നല്‍കിയ അപകീര്‍ത്തി ഹര്‍ജിയിലാണ് സുല്‍ത്താന്‍പൂര്‍ കോടതി കേസ് പരിഗണിക്കുന്നത്. ഈ കേസിന്റെ തുടര്‍ നടപടികളില്‍ നേരിട്ട് പങ്കുചേരാനാണ് രാഹുല്‍ ഗാന്ധി സുല്‍ത്താന്‍പൂരിലെത്തുന്നത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.