എന്‍ഡിഎ സ്ഥാനാര്‍ഥികളുടെ പത്രിക തള്ളിയതും വിവാദത്തില്‍; അന്തര്‍ധാരാ ആരോപണങ്ങളുമായി കോണ്‍ഗ്രസും സിപിഎമ്മും

എന്‍ഡിഎ സ്ഥാനാര്‍ഥികളുടെ പത്രിക തള്ളിയതും വിവാദത്തില്‍;  അന്തര്‍ധാരാ ആരോപണങ്ങളുമായി കോണ്‍ഗ്രസും സിപിഎമ്മും

കൊച്ചി: മൂന്ന് നിയമസഭാ മണ്ഡലങ്ങളില്‍ എന്‍ഡിഎ സ്ഥാനാര്‍ഥികളുടെ പത്രിക തള്ളിയതോടെ അന്തര്‍ധാരാ ആരോപണങ്ങളുമായി കോണ്‍ഗ്രസും സിപിഎമ്മും രംഗത്ത് വന്നു.

എന്‍ഡിഎ സ്ഥാനാര്‍ഥികളുടെ നാമനിര്‍ദേശ പത്രിക പലയിടത്തും തള്ളിയത് സിപിഎമ്മും ബിജെപിയും തമ്മിലുള്ള ധാരണയ്ക്ക് തെളിവാണന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ ആരോപണമുയര്‍ത്തിയപ്പോള്‍ ബിജെപി സ്ഥാനാര്‍ഥികളുടെ നാമനിര്‍ദേശ പത്രിക തള്ളിയതോടെ ബിജെപിയും കോണ്‍ഗ്രസും തമ്മിലുളള അന്തര്‍ധാരയാണ് മറനീക്കി പുറത്തുവരുന്നതെന്ന് സിപിഎം നേതാവ് എം.വി.ജയരാജന്‍ ആരോപിച്ചു.

അധികാരം നിലനിര്‍ത്താന്‍ വര്‍ഗീയ ശക്തികളുമായി ചേര്‍ന്ന് കുറുക്കുവഴി തേടുകയാണ് സിപിഎം. സംഘപരിവാറും സിപിഎമ്മും പല മണ്ഡലങ്ങളിലും സൗഹൃദ മത്സരത്തിലാണ്. സിപിഎം വ്യാപകമായി ബിജെപിയുടെ വോട്ട് വിലയ്ക്ക് വാങ്ങുകയാണ്. സിപിഎമ്മിന്റെ പ്രമുഖര്‍ മത്സരിക്കുന്ന പല മണ്ഡലങ്ങളിലും തീരെ ദുര്‍ബലരായ സ്ഥാനാര്‍ത്ഥികളെയാണ് ബിജെപി നിര്‍ത്തിയിട്ടുള്ളത്. പകരം സിപിഎമ്മും സമാനനിലപാടാണ് സ്വീകരിച്ചതെന്നും മുല്ലപ്പള്ളി കുറ്റപ്പെടുത്തി.

അപകടകരമായ രാഷ്ട്രീയമാണ് സിപിഎം പയറ്റുന്നത്.വികസന നേട്ടം അവകാശപ്പെടാനില്ലാതെ വിഷയ ദാരിദ്ര്യം നേരിടുന്നതിനാണ് സിപിഎം ബിജെപിയുടെ സഹായത്തോടെ തെരഞ്ഞെടുപ്പ് സഖ്യം രൂപപ്പെടുത്തിയത്. സിപിഎമ്മും ബിജെപിയും തമ്മിലുള്ള ഡീല്‍ ആര്‍എസ്എസ് നേതാവ് ആര്‍.ബാലശങ്കര്‍ വെളിപ്പെടുത്തിയതിന് പിന്നാലെ എന്‍എഡിഎ സ്ഥാനാര്‍ത്ഥി പുന്നപ്ര-വയലാര്‍ സ്മാരകത്തില്‍ പുഷ്പാര്‍ച്ചന നടത്തിയതും യാദൃശ്ചികമല്ലെന്നും മുല്ലപ്പള്ളി പറഞ്ഞു.

തലശേരിയുടെ കാര്യത്തില്‍ മറ്റുമണ്ഡലങ്ങളില്‍ സമര്‍പ്പിച്ചതുപോലുളള അധികാര പത്രം സമര്‍പ്പിച്ചില്ലെന്ന് എം.വി ജയരാജന്‍ വ്യക്തമാക്കി. അതിനുപകരം കളര്‍ ഫോട്ടോസ്റ്റാറ്റ് കോപ്പിയാണ് സമര്‍പ്പിച്ചത്. അതുകൊണ്ടാണ് നാമനിര്‍ദേശ പത്രിക തളളുന്നത്. അതൊടൊപ്പം ഡമ്മി സ്ഥാനാര്‍ഥിയുടെ പത്രികയും തളളപ്പെടുകയാണ് ഉണ്ടായത്. അത് എങ്ങനെ സംഭവിച്ചു എന്ന് ബിജെപിയാണ് വ്യക്തമാക്കേണ്ടത്.

കണ്ണൂര്‍ ജില്ലയിലെ മറ്റുമണ്ഡലങ്ങളില്‍ ബിജെപി മത്സരിക്കുന്ന സ്ഥാനാര്‍ഥികള്‍ക്ക് വേണ്ടി ഫോം എയും ഫോം ബിയും ദേശീയ-സംസ്ഥാന അധ്യക്ഷന്മാര്‍ ശരിയായ വിധത്തില്‍ നാമനിര്‍ദേശ പത്രികയോടൊപ്പം അധികാര പത്രം സമര്‍പ്പിച്ചപ്പോള്‍ എന്തുകൊണ്ട് ജില്ലാ പ്രസിഡന്റുകൂടിയായ ഹരിദാസിന്റെ നോമിനേഷനോടൊപ്പം ചട്ടപ്രകാരമുളള അധികാര പത്രം സമര്‍പ്പിച്ചില്ല. മറ്റുമണ്ഡലങ്ങളില്‍ ശരിയായ വിധത്തില്‍ സമര്‍പ്പിക്കാമെങ്കില്‍ തലശ്ശേരിയിലും സമര്‍പ്പിക്കാമല്ലോയെന്നും ജയരാജന്‍ പറഞ്ഞു.

കോണ്‍ഗ്രസും ബിജെപിയും തമ്മിലുളള അന്തര്‍ധാര സംശയിക്കത്തക്ക നിലയിലുളള സാഹചര്യമാണ് ഉളളത്. ധര്‍മടത്ത് കെപിസിസി അധ്യക്ഷനെ സ്ഥാനാര്‍ഥിയാക്കാന്‍ ഹൈക്കമാന്‍ഡ് ആലോചിച്ചതായി വാര്‍ത്ത വന്നിരുന്നു. എന്നാല്‍ താന്‍ മത്സരരംഗത്തുണ്ടാവില്ലെന്ന് വ്യക്തമാക്കി അദ്ദേഹം തന്നെ രംഗത്തെത്തി. ഇതൊരു ഒളിച്ചോട്ടമാണ്.

എന്നാല്‍ ഒളിച്ചോട്ടം മാത്രമാണെന്ന് തലശ്ശേരിയിലെ ബിജെപിയുടെ സ്ഥാനാര്‍ഥി പട്ടിക തളളിയ സാഹചര്യത്തില്‍ തോന്നുന്നില്ല. മുഖ്യമന്ത്രിക്കെതിരായി ശക്തനായ സ്ഥാനാര്‍ഥിയെ നിര്‍ത്തുമെന്ന് കൊട്ടിഘോഷിച്ച കോണ്‍ഗ്രസ് അപ്രധാന സ്ഥാനാര്‍ഥിയെയാണ് നിര്‍ത്തിയിരിക്കുന്നതെന്നും ജയരാജന്‍ ആരോപിച്ചു.

തലശേരി, ഗുരുവായൂര്‍, ദേവികുളം മണ്ഡലങ്ങളിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥികളുടെ പട്ടികയാണ് സൂക്ഷമ പരിശോധനയില്‍ തള്ളിപ്പോയത്.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.