തമിഴ്നാട്ടില്‍ കോവിഡ് കേസുകൾ കൂടുന്നു; സ്‌കൂളുകളും ഹോസ്റ്റലുകളും അടച്ചു

തമിഴ്നാട്ടില്‍ കോവിഡ് കേസുകൾ കൂടുന്നു; സ്‌കൂളുകളും ഹോസ്റ്റലുകളും  അടച്ചു

ചെന്നൈ: കോവിഡ് കേസുകള്‍ വീണ്ടും വര്‍ധിച്ചതോടെ തമിഴ്നാട് നിയന്ത്രണങ്ങള്‍ കടുപ്പിക്കുന്നു. സംസ്ഥാനത്തെ വിദ്യാലയങ്ങള്‍ അനിശ്ചിത കാലത്തേയ്ക്ക് അടച്ചു. ഒൻപത്, പത്ത്, പതിനൊന്ന് റഗുലര്‍ ക്ലാസുകളും ഹോസ്റ്റലുകളുമാണ് ഇനിയൊരു അറിയിപ്പുണ്ടാകുന്നത് വരെ അടച്ചത്.

എന്നാല്‍ പത്താം ക്ലാസിലെ ചില ബോര്‍ഡ് പരീക്ഷകള്‍ ഇപ്പോള്‍ നടക്കുന്നുണ്ട്. അവർക്ക് കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് സ്പെഷ്യൽ ക്ലാസ് നടത്തുന്നതിന് സര്‍ക്കാര്‍ അനുമതി നല്‍കിയിട്ടുണ്ട്. തഞ്ചാവൂരിലെ പതിനൊന്ന് സ്‌കൂളുകളില്‍ അധ്യാപകര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും കോവിഡ് സ്ഥിരീകരിച്ചിരുന്നു. കോവിഡ് മാനദണ്ഡം ലംഘിച്ച രണ്ട് സ്വകാര്യ സ്‌കൂളുകള്‍ക്കെതിരേ സര്‍ക്കാര്‍ നടപടിയും സ്വീകരിച്ചു. ഇതിന് ശേഷമാണ് എല്ലാ സ്‌കൂളുകളും അടച്ചിടാനുള്ള തീരുമാനം സര്‍ക്കാര്‍ എടുത്തത്. എന്നാൽ പുതുച്ചേരിയിലും കോവിഡ് ബാധിതരുടെ എണ്ണം ഉയരുന്നുണ്ട്. ഇതോടെ ഒന്ന് മുതല്‍ എട്ട് വരെ ക്ലാസുകള്‍ വീണ്ടും അടച്ചിട്ടു.

പുതുച്ചേരി, ആന്ധ്ര, കര്‍ണാടക എന്നിവ ഒഴികെയുള്ള സ്ഥലങ്ങളില്‍ നിന്ന് വരുന്നവരെ തമിഴ്നാട്ടില്‍ നിരീക്ഷിക്കുന്നുണ്ട്. കേരളത്തില്‍ നിന്ന് ഉള്‍പ്പെടെ തമിഴ്നാട്ടില്‍ എത്തുന്നവര്‍ പാസ് നിര്‍ബന്ധമായും എടുക്കണം. എന്നാല്‍ കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് വേണ്ട. ആളുകള്‍ ജാഗ്രത കൈവിടരുതെന്നും മാസ്‌ക് ധരിക്കണമെന്നും ആരോഗ്യ സെക്രട്ടറി ജെ.രാധാകൃഷ്ണന്‍ അഭ്യര്‍ത്ഥിച്ചു.

തിരഞ്ഞെടുപ്പ് പ്രചാരണം നാടാകെ വ്യാപിച്ചതോടെ തമിഴ്‌നാട്ടിലെ കോവിഡ് രോഗികളുടെ എണ്ണവും വര്‍ധിക്കുകയായിരുന്നു. 80 ദിവസത്തിന് ശേഷം പ്രതിദിന കോവിഡ് ബാധിതരുടെ എണ്ണം ആയിരം കടന്നതാണ് ആശങ്കയ്ക്ക് കാരണമായത്. രണ്ടാഴ്ച മുന്‍പ് വരെ ദിവസം അഞ്ഞൂറില്‍ താഴെ ആളുകള്‍ മാത്രമേ പുതുതായി കോവിഡ് ബാധിതരായിരുന്നുള്ളു. എന്നാല്‍ കഴിഞ്ഞ രണ്ട് ദിവസമായി പ്രതിദിന രോഗികളുടെ എണ്ണം ആയിരത്തിന് മുകളിലാണ്. 1087 പേര്‍ക്കാണ് ഒടുവില്‍ രോഗം സ്ഥിരീകരിച്ചത്. ഒന്‍പത് മരണവും റിപ്പോര്‍ട്ട് ചെയ്തു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.