തിയോളജി ഓഫ് ദി ബോഡി(ഭാഗം 11)

തിയോളജി ഓഫ് ദി ബോഡി(ഭാഗം 11)

സ്വർഗ്ഗം ഒരു സ്ഥലമാണോ?

ബാബു ജോണ്‍
(ടി ഒ ബി ഫോർ ലൈഫ് സ്ഥാപകനും ഡയറക്ടറും ‘തിയോളജി ഓഫ് ദി ബോഡി’ പ്രഭാഷകനുമാണ് ലേഖകന്‍)

‘സ്വർഗ്ഗം’ എന്നത് കേവലം ഒരു നിഗൂഢതയോ ആകാശവിതാനത്തിൽ സ്ഥിതി ചെയ്യുന്ന ഒരുസ്ഥലമോ അല്ല. പ്രത്യുത, ത്രിത്വയ്ക ദൈവവുമായുള്ള സജീവവും വ്യക്തിപരവുമായബന്ധമാണത്. ഉത്ഥാനം ചെയ്ത ക്രിസ്തുവിലൂടെ പരിശുദ്ധാത്മാവുമായുള്ള ഐക്യത്തിൽപിതാവുമായുള്ള നമ്മുടെ സമാഗമമാണ്‌ അത്. ഈ “ആത്യന്തിക യാഥാർത്ഥ്യങ്ങളെ”വിവരിക്കുന്നതിൽ ഒരു നിശ്ചിത സംയമനം പാലിക്കേണ്ടത് എല്ലായ്പ്പോഴും ആവശ്യമാണ്,കാരണം അവയുടെ ചിത്രീകരണം എല്ലായ്പ്പോഴും തൃപ്തികരമല്ലെന്നു വി. ജോൺ പോൾ രണ്ടാമൻ പാപ്പാ പഠിപ്പിക്കുകയുണ്ടായി(ജൂലൈ 21, 1999).

ദൈവത്തിന്റെ കൃപാവരത്തിലും സൗഹൃദത്തിലും മരിക്കുകയും പൂർണമായി വിശുദ്ധീകരിക്കപ്പെടുകയും ചെയ്യുന്നവർ ക്രിസ്തുവിനോടുകൂടെ എന്നേക്കും ജീവിക്കുന്നു.അവർ എന്നേക്കും ദൈവത്തെപ്പോലെയാണ്. എന്തെന്നാൽ അവിടുന്ന് ആയിരിക്കുന്നതുപോലെഅവർ അവിടുത്തെ മുഖാമുഖം കാണുന്നു ( സിസിസി 1023) സ്വർഗ്ഗത്തിന്റെ അടിസ്ഥാനസത്ത ദൈവവുമായുള്ള ഐക്യമാണ്. പരിശുദ്ധത്രീത്വത്തോടൊപ്പൊമുള്ള പൂർണമായ ജീവിതമാണത് . കന്യാമറിയത്തോടും മാലാഖമാരോടും എല്ലാ വിശുദ്ധരോടുമൊപ്പമുള്ള ത്രീത്വത്തോടുള്ള ജീവന്റെയും സ്നേഹത്തിന്റെയും സംസർഗം , ‘സ്വർഗ്ഗമെന്നു’ വിളിക്കപ്പെടുന്നു (സിസിസി 1024).പരിപൂർണമായി അവിടുന്നിലേക്കു ഒന്നുചേർന്നവരുടെ അനുഗ്രഹീത സമൂഹമാണ്സ്വർഗ്ഗം(സിസിസി 1026). 

ദൈവത്തോടും ക്രിസ്തുവിലുള്ള എല്ലാവരോടുമൊപ്പമുള്ള ഭാഗ്യപ്പെട്ട സംസർഗ്ഗത്തിന്റെ ഈ
രഹസ്യം എല്ലാ ഗ്രഹണശക്തിക്കും വിവരണത്തിനും അതീതമാണ് . വി.ഗ്രന്ഥം അതിനെപ്പറ്റി
പ്രതീകങ്ങളിലൂടെയാണ് സംസാരിക്കുന്നതു. അതുകൊണ്ടാണ് വി പൗലോസ് അപ്പോസ്തോലൻ
പറഞ്ഞത് " എഴുതപ്പെട്ടിരിക്കുന്നതുപോലെ , ദൈവം തന്നെ സ്നേഹിക്കുന്നവർക്കായി
സജ്ജീകരിച്ചിരിക്കുന്നവ കണ്ണുകൾ കാണുകയോ ചെവികൾ കേൾക്കുകയോ മനുഷ്യമനസ്സ്
ഗ്രഹിക്കുകയോ ചെയ്തിട്ടില്ല " എന്ന് (1കോറി 2:9)



സ്വർഗ്ഗത്തിൽ നമ്മുടെ സ്വന്തം ‘ഐഡന്റിറ്റി’ നിലനിർത്തുമോ?

മറ്റുള്ളവരുമായുള്ള നമ്മുടെ ബന്ധം സ്വർഗ്ഗത്തിൽ എങ്ങനെ പ്രവർത്തിക്കുമെന്ന് പലരും ആശ്ചര്യപ്പെടുന്നു. നമ്മുടെ സ്വന്തം ഐഡന്റിറ്റികൾ നിലനിർത്തുമോ എന്ന് ചിലർ ചോദിച്ചിട്ടുണ്ട് .'അതെ' എന്നതാണ് ഉത്തരം. സ്വർഗ്ഗത്തിലുള്ളവർ “ തങ്ങളുടെ യഥാർത്ഥമായ വ്യക്തിത്വവും തങ്ങളുടെതന്നെ പേരും നിലനിര്ത്തുന്നു, അഥവാ കണ്ടെത്തുന്നു എന്ന് ക്രിസ്തീയ വിശ്വാസം നമുക്ക് ഉറപ്പുനൽകുന്നു (സിസിസി 1025).

നമ്മുടെ ബന്ധങ്ങളിൽ മാറ്റങ്ങളൊന്നും ഉണ്ടാകില്ലെന്ന് ഇതിനർത്ഥമില്ല. പുനരുത്ഥാനത്തിൽ
നാം വിവാഹം ചെയ്യുകയോ ചെയ്തുകൊടുക്കുകയോ ഇല്ലായെന്ന് പഠിപ്പിക്കുന്നതിൽ
യേശു വ്യക്തമായിരുന്നു (മത്താ. 22:30) കാരണം, വി.ജോൺ പോൾ രണ്ടാമൻ പാപ്പാ
പറയുന്നതുപോലെ, ഈ ലോകത്തിലെ വിവാഹം, സ്വർഗീയ മണവാളനായ ക്രിസ്തുവുമായി
ഒന്നുചേരുന്ന സ്വർഗീയ വിവാഹത്തിന്റെ ഒരു ചൂണ്ടുപലക മാത്രമാണ് . ലക്ഷ്യസ്ഥാനത്തു
എത്തിച്ചേർന്നു കഴിഞ്ഞാൽ പിന്നെ ചൂണ്ടു പലകളുടെയോ പ്രതീകങ്ങളുടെയോ ആവശ്യം
ഇല്ലല്ലോ. എന്നാൽ സ്വർഗ്ഗത്തിൽ നമ്മുടെ വ്യക്തിത്വം നിലനിർത്തുന്നതിനാൽ, ഭൗമീക ജീവിതത്തിൽ
നമ്മൾ അടുത്തിടപഴകിയവരെ അറിയുകയും സ്നേഹിക്കുകയും ചെയ്യും. തീർച്ചയായും,
സ്വർഗത്തിൽ അവരോടുള്ള നമ്മുടെ സ്നേഹവും അവരുമായുള്ള അടുപ്പവും ഈ ജീവിതത്തിൽ ഉണ്ടായിരുന്നതിനേക്കാൾ സത്യവും, നിർമ്മലവും,പരിപൂർണ്ണവും, ശക്തവുമായിരിക്കും.

സ്വർഗ്ഗം നമ്മുടെ അവകാശമാണ്

സ്വർഗ്ഗത്തിനുവേണ്ടിയാണ് നാം സൃഷ്ടിക്കപ്പെട്ടിരിക്കുന്നത്. നമ്മുടെ പൗരത്വം സ്വർഗ്ഗത്തിലാണ്‌.(ഫിലി 3:20) എല്ലാ മനുഷ്യരും അവിടെ എത്തിച്ചേരണമെന്നാണ് ദൈവം ആഗ്രഹിക്കുന്നത്(1തിമോ2:4).ദൈവത്തിനുവേണ്ടിയുള്ള ദാഹം മനുഷ്യഹൃദയത്തിൽ രേഖപ്പെടുത്തിയിരിക്കുന്നു . കാരണം മനുഷ്യൻ ദൈവത്താലും ദൈവത്തിനുവേണ്ടിയും സൃഷ്ടിക്കപ്പെട്ടവനാണ് . തന്നിലേക്ക് മനുഷ്യനെ ആകർഷിക്കുന്നതിൽനിന്നു ദൈവം ഒരിക്കലും വിരമിക്കുന്നില്ല; മനുഷ്യൻനിരന്തരം അന്വേഷിക്കുന്ന സന്തോഷവും സൗഭാഗ്യവും ദൈവത്തിൽ മാത്രമേ അവൻ കണ്ടെത്തുകയുള്ളു (സിസിസി 27).

എല്ലാ മനുഷ്യരും രക്ഷ പ്രാപിക്കണമെന്നും പിതാവും പുത്രനും പരിശുദ്ധത്മാവുമായ ഏക
ദൈവത്തിന്റെ സ്നേഹത്തിന്റെ നിത്യമായ ഒഴുക്കിൽ നാമും പങ്കുചേരണമെന്നും അവിടുന്ന്
നിശ്ചയിച്ചിരിക്കുന്നു (സിസിസി 221) എന്നാൽ നമ്മുടെ സ്വാതന്ത്രത്തെയും
തിരഞ്ഞെടുപ്പിനെയും ദൈവം ബഹുമാനിക്കുന്നു. സ്വർഗ്ഗം നമ്മുടെ അവകാശമാണ് . അത് നേടിയെടുക്കാൻ എന്ത് വിലയും കൊടുക്കുവാൻ
നാം തയ്യാറാവുമ്പോൾ, നമ്മിൽ ജീവിക്കുന്ന പരിശുദ്ധാത്മാവ് അത് നമുക്ക് സാധ്യമാക്കും.

വി ജോൺ പോൾ രണ്ടാമൻ പാപ്പായുടെ "ശരീരത്തിന്റെ ദൈവശാസ്ത്ര”ത്തെക്കുറിച്ചു കൂടുതൽ അറിയുവാൻ താത്പര്യമുണ്ടെങ്കിൽ ഇമെയിൽ അയക്കുക. email: [email protected].

വിഡിയോകൾക്കായി യൂട്യൂബ്: BABU JOHN TOBFORLIFE.

തിയോളജി ഓഫ് ദി ബോഡിയുടെ മുഴുവൻ പരമ്പര വായിക്കുവാൻ ഇവിടെ അമർത്തുക




വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26