നാലാം മാർപ്പാപ്പ :വി. ക്ലെമന്റ് ഒന്നാമന്‍ (കേപ്പാമാരിലൂടെ ഭാഗം -5)

നാലാം  മാർപ്പാപ്പ :വി. ക്ലെമന്റ് ഒന്നാമന്‍ (കേപ്പാമാരിലൂടെ ഭാഗം -5)

വി. പത്രോസിന്റെ പിന്‍ഗാമികളിൽ മൂന്നാമനാണ് വി. ക്ലെമന്റ് ഒന്നാമന്‍ മാര്‍പ്പാപ്പ. റോമിലെ വി. ക്ലെമന്റ് എന്ന് പരക്കെ അറിയപ്പെടുന്ന അദ്ദേഹത്തിന്റെ ഭരണകാലം എ.ഡി. 91 മുതൽ ഒരു പതിറ്റാണ്ടോളം നീണ്ടു നിന്നു. വി. പോളിക്കാര്‍പ്പ്, അന്ത്യോക്യായിലെ വി. ഇഗ്‌നേഷ്യസ് എന്നീ അപ്പസ്‌തോലിക പിതാക്കന്മാരോടൊപ്പം വി. ക്ലെമന്റ് ഒന്നാമന്‍ മാര്‍പ്പാപ്പയെയും സഭ അപ്പസ്‌തോലിക പിതാക്കന്മാരില്‍ പ്രധാനിയായി കാണുന്നു.

റോമന്‍ പൗരനും യഹൂദവംശജനുമായ വി. ക്ലെമന്റ്, സീലിയന്‍ പ്രവിശ്യയില്‍ നിന്നുള്ള ഫൗസ്റ്റീനൂസിന്റെ പുത്രനായിരുന്നു. പാരമ്പര്യമനസുരിച്ച് അദ്ദേഹം വി. പത്രോസ്, പൗലോസ് ശ്ലീഹന്മാരുടെ പ്രബോധനങ്ങള്‍വഴി മാനസാന്തരപ്പെടുകയും വിശ്വാസം സ്വീകരിക്കുകയും ചെയ്തതായി കരുതുന്നു. ശ്ലീഹന്മാരുടെ പ്രേഷിത പ്രവര്‍ത്തനങ്ങളില്‍ നിരന്തരം ഭാഗഭാക്കായിരുന്ന അദ്ദേഹം വി. പൗലോസിന്റെ സഹായികളിലൊരാളായിരുന്നുവെന്ന് സഭാപിതാവായ ഒരിജന്‍ സാക്ഷ്യപ്പെടുത്തുന്നു. വി. പൗലോസ് ശ്ലീഹാ ഫിലിപ്പിയർക്കുള്ള തന്റെ ലേഖനത്തിലെ നാലാം അദ്ധ്യായം മൂന്നാം വാക്യത്തില്‍ പ്രദിപാതിക്കുന്ന തന്റെ സഹപ്രവര്‍ത്തകനായ ക്ലെമന്റ് എന്ന വ്യക്തിയും ക്ലെമന്റ് ഒന്നാമന്‍ മാര്‍പ്പാപ്പയും ഒന്നാണ് എന്ന് സഭാചരിത്രകാരനായ യൗസേബിയൂസും സഭാപിതാവായ ജെറോമും സാക്ഷ്യപ്പെടുത്തുന്നു. 

വി. പത്രോസ് ശ്ലീഹായുടെ കൈവയ്പ്പ് വഴി മെത്രാനായി അഭിഷിക്തനായ ക്ലെമന്റ് ഒന്നാമന്‍ വി. അനാക്ലീറ്റസ് മാര്‍പ്പാപ്പയുടെ രക്തസാക്ഷിത്വത്തിന് ശേഷം മാര്‍പ്പാപ്പയായി തിരഞ്ഞെടുക്കപ്പെട്ടു. കൊറിന്തോസിലെ സഭയിലെ തര്‍ക്കം പരിഹരിക്കുന്നതിനു വേണ്ടി അദ്ദേഹം എഴുതിയ ലേഖനം തിരുസഭയിലെ തന്നെ ഇന്നു ലഭ്യമായിരിക്കുന്ന ഏറ്റവും പുരാതന രേഖകളില്‍ ഒന്നാണ്. കൊറിന്തോസിലെ സഭയില്‍ ഒരു വിഭാഗം വിശ്വാസികള്‍ വിശുദ്ധരായ പുരോഹിതര്‍ക്കെതിരെ (മെത്രാന്മാര്‍ക്കെതിരെ) വിമത സ്വരം ഉയര്‍ത്തുകയും അവരുടെ അധികാരം അംഗീകരിക്കുവാന്‍ വൈമുഖ്യം കാണിക്കുകയും ചെയ്തു. വൈദികരെ സഭയില്‍ നിന്ന് പുറത്താക്കുന്നതരത്തിലുള്ള നടപടികള്‍ വരെ ഈ കൂട്ടര്‍ കൈക്കൊണ്ടു. ഈ വിഭാഗീയത പരിഹരിക്കുന്നതിനായി സഭാ നേതൃത്വം റോമിലെ സഭയുടെ സഹായം തേടുകയും പ്രശ്‌നപരിഹാരത്തിനായി ക്ലെമന്റ് ഒന്നാമന്‍ മാര്‍പ്പാപ്പ കൊറിന്ത്യയിലെ സഭയ്ക്കായി ലേഖനം എഴുതുകയും ചെയ്തതായാണ് പാരമ്പര്യം. പ്രസ്തുത ലേഖനത്തിലൂടെ സഭയില്‍ അനുകമ്പാര്‍ദ്രത നിറഞ്ഞ മനോഭാവം കൊണ്ടുവരുവാനും അച്ചടക്കം സ്ഥാപിക്കുവാനും അദ്ദേഹത്തിന് സാധിച്ചു. മെത്രാന്മാരുടെ (പുരോഹിതന്മാരുടെ) സഭയിലെ സ്ഥാനം അപ്പസ്തോലന്മാരുടെ പിന്തുടർച്ചയാണെന്ന് അസന്നിഗ്ദമായി പ്രഖ്യാപിച്ചു കൊണ്ട് സഭയില്‍ നിന്നു പുറന്തള്ളപ്പെട്ട മെത്രാന്മാരെ (പുരോഹിതന്മാരെ), അധികാരസ്ഥാനങ്ങളില്‍ പുനഃസ്ഥാപിക്കുവാൻ അദ്ദേഹം ആവശ്യപ്പെട്ടു. പത്രോസിന്റെ പിന്‍ഗാമിയായ റോമിന്റെ മെത്രാന് മറ്റു സഭകളുടെമേലും ഇടയാധികാരം ഉണ്ട് എന്നും ഈ ലേഖനത്തിലൂടെ അദ്ദേഹം പ്രഖ്യാപിച്ചു.

ട്രാജന്‍ ചക്രവര്‍ത്തിയുടെ മതപീഡനകാലത്ത് ക്രിമെയ എന്ന രാജ്യത്തിലേക്ക് നാടുകടത്തപ്പെട്ട ക്ലെമന്റ് മാര്‍പ്പാപ്പയുടെ പ്രവര്‍ത്തന ഫലമായി ആ രാജ്യം മുഴുവനും മാനസാന്തരപ്പെട്ടു. കൂടാതെ, എഴുപത്തഞ്ചോളം ദേവാലയങ്ങളും അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ അവിടെ നിര്‍മ്മിച്ചു. ക്ലെമന്റ് മാര്‍പ്പാപ്പയുടെ ഇത്തരം പ്രവര്‍ത്തനങ്ങളില്‍ കോപിഷ്ടനായ ട്രാജന്‍ ചക്രവര്‍ത്തി അദ്ദേഹത്തെ നങ്കൂരത്തില്‍ കെട്ടി കരിങ്കടലില്‍ എറിയുവാന്‍ ആജ്ഞാപിച്ചു. ഇപ്രകാരം എ.ഡി. 101-ല്‍ ക്ലെമന്റ് ഒന്നാമന്‍ മാര്‍പ്പാപ്പ രക്തസാക്ഷിത്വം വരിച്ചു. എ.ഡി 868-ല്‍ വി. സിറില്‍ തന്റെ മിഷനറി യാത്രക്കിടയില്‍ ക്രിമേയയില്‍ വച്ച് നങ്കൂരത്തോടുകൂടി ഒരു ശരീരത്തിന്റെ അവശിഷ്ടങ്ങള്‍ കണ്ടെടുത്തു. ക്ലെമന്റ് ഒന്നാമന്‍ മാര്‍പ്പാപ്പയുടെത് എന്ന് കരുതപ്പെടുന്ന പ്രസ്തുത ഭൗതീകവശിഷ്ടങ്ങള്‍ റോമിലേക്ക് കൊണ്ടു പോവുകയും അവ അന്ത്യോക്യായിലെ വി. ഇഗ്‌നേഷ്യസിന്റെ ഭൗതീകാവശിഷ്ടങ്ങളോടൊപ്പം റോമിലെ വി. ക്ലെമന്റിന്റെ ബസിലിക്കിയില്‍ അഡ്രിയന്‍ രണ്ടാമന്‍ മാര്‍പ്പാപ്പ സംസ്‌കരിക്കുകയും ചെയ്തു. സാർവ്വത്രിക സഭ നവംബര്‍ 23-ാം തീയതി വി. ക്ലെമന്റ് ഒന്നാമന്‍ മാര്‍പ്പാപ്പയുടെ തിരുനാള്‍ ആഘോഷിക്കുന്നു.

ഇതിന് മുൻപ് ഉണ്ടായിരുന്ന മാർപാപ്പയെ പറ്റി വായിക്കുവാൻ ഇവിടെ അമർത്തുക

കേപ്പാമാരിലൂടെ എന്ന പരമ്പര മുഴുവൻ വായിക്കാൻ ഇവിടെ അമർത്തുക


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26