വി. അനാക്ലീറ്റസ് / വി. ക്ലീറ്റസ് (മൂന്നാമത്തെ മാര്‍പ്പാപ്പ)

വി. അനാക്ലീറ്റസ് / വി. ക്ലീറ്റസ് (മൂന്നാമത്തെ മാര്‍പ്പാപ്പ)

വി. ലീനൂസ് മാര്‍പ്പാപ്പയുടെ രക്തസാക്ഷിത്വത്തിനുശേഷം വി. അനാക്ലീറ്റസ് തിരുസഭയുടെ തലവനും സഭയുടെ മൂന്നാമത്തെ മാര്‍പ്പാപ്പയുമായി ഏ.ഡി. 79-ല്‍ തിരഞ്ഞെടുക്കപ്പെട്ടു. സഭാ ചരിത്രങ്ങളില്‍ നിന്നോ പാരമ്പര്യങ്ങളില്‍ നിന്നോ അദ്ദേഹത്തെക്കുറിച്ച് നമുക്ക് കൂടുതല്‍ വിവരങ്ങള്‍ ലഭ്യമല്ല. വി. അനാക്ലീറ്റസ് മാര്‍പ്പാപ്പയും വി. ക്ലീറ്റസ് മാര്‍പ്പാപ്പയും ഒരേ വ്യക്തികളാണ് എന്ന് ചില ചരിത്രരേഖകളും ചരിത്രകാരന്മാരും സാക്ഷ്യപ്പെടുത്തുന്നു. ഒപ്പം വി. അനാക്ലീറ്റസ് മാര്‍പ്പാപ്പയും വി. ക്ലീറ്റസ് മാര്‍പ്പാപ്പയും ഒരേ വ്യക്തികളാണ് എന്ന് സഭാ പിതാക്കന്മാരായ വി. ഇരണേവൂസും വി. അഗസ്റ്റിനും സാക്ഷ്യപ്പെടുത്തുന്നു.


വി. അനാക്ലീറ്റസ് മാര്‍പ്പാപ്പ റോമന്‍ പൗരനായിരുന്നു. അദ്ദേഹത്തിന്റെ പിതാവിന്റെ നാമം എമിലിയാനൂസ് എന്നായിരുന്നു. റോമന്‍ ചരിത്രം അനുസരിച്ച് അനാക്ലീറ്റസ് എന്ന നാമം റോമന്‍ അടിമകള്‍ക്ക് നല്‍കിയിരുന്ന സാധാരണ നാമമായിരുന്നു. അതിനാല്‍ ഈ നാമം തന്റെ മാനസന്തരത്തിനു മുമ്പ് അനാക്ലീറ്റസ് മാര്‍പ്പാപ്പ ഒരു അടിമയായിരുന്നു എന്ന് സൂചിപ്പിക്കുന്നു. അദ്ദേഹത്തിന്റെ ഭരണകാലഘട്ടം ഏകദേശം പന്ത്രണ്ട് വര്‍ഷത്തോളം നീണ്ടു നിന്നു. റോമന്‍ ചക്രവര്‍ത്തിമാരായിരുന്ന വെസ്പാസിയന്‍, ടൈറ്റസ്, എന്നീ ചക്രവര്‍ത്തിമാരുടെ ഭരണകാലത്തും അവരുടെ പിന്‍ഗാമിയായി വന്ന ഡൊമീഷ്യന്‍ ചക്രവര്‍ത്തിയുടെ (എഡി 81-96) മതപീഡനക്കാലത്തും അദ്ദേഹം സഭയെ ധീരമായി നയിച്ചു. സഭാപാരമ്പര്യം പറയുന്നത് അദ്ദേഹം റോമിലെ സഭയെ ഇരുപത്തിയഞ്ച് ഇടവകകളായി വിഭജിക്കുകയും അവയുടെ ഇടയന്മാരായി ഓരോരുത്തരെ നിയമിക്കുകയും ചെയ്തു എന്ന് സാക്ഷ്യപ്പെടുത്തുന്നു.


നീറോ ചക്രവര്‍ത്തിയുടെ മതപീഡനത്തിനുശേഷം സഭ നേരിടേണ്ടി വന്ന വലിയ മതപീഡനമായിരുന്നു ഡൊമീഷ്യന്‍ ചക്രവര്‍ത്തിയുടെ കാലത്ത് അരങ്ങേറിയ ക്രിസ്ത്യൻ മതപീഡനം. താന്‍ ദൈവത്തിന്റെ അവതാരമാണ് എന്ന മിഥ്യാ ധാരണയാല്‍ റോമാ സാമ്രാജ്യത്തിലെ ജനത മുഴുവനും തന്നെ നാഥനും ദൈവവുമായി (ഡൊമിനുസ് എറ്റ് ദേഉസ്) ആരാധിക്കണമെന്നും, ഈ കല്‍പ്പന പാലിക്കാത്തവര്‍ കഠിനമായ ശിക്ഷാവിധികള്‍ നേരിടേണ്ടി വരുമെന്ന ആജ്ഞയും അദ്ദേഹം പുറപ്പെടുവിച്ചു. ക്രിസ്തുനാഥനെ ഏകദൈവവും കര്‍ത്താവുമായി ആരാധിച്ചിരുന്ന ക്രിസ്തുമത വിശ്വാസികള്‍ ഡൊമീഷ്യന്‍ ചക്രവര്‍ത്തിയെ ദൈവവും നാഥനുമായി ആരാധിക്കുവാന്‍ വിസ്സമ്മതിക്കുകയും തുടര്‍ന്ന് അവര്‍ പീഡനങ്ങള്‍ക്ക് ഇരയാവുകയും ചെയ്തു. ഈ മതപീഡനക്കാലത്ത് തന്നെ വി. അനാക്ലീറ്റസ് മാര്‍പ്പാപ്പയും രക്തസാക്ഷിത്വം വരിച്ചു. വത്തിക്കാനില്‍ തന്റെ മുന്‍ഗാമികളുടെ കബറിടത്തിനു സമീപത്തായി അദ്ദേഹത്തിന്റെ ഭൗതീകശരീരവും സംസ്‌കരിച്ചു. തിരുസഭ വി. അനാക്ലീറ്റസിന്റെ തിരുനാള്‍ എല്ലാവർഷവും ഏപ്രില്‍ 26-ാം തീയതി ആചരിക്കുന്നു.

ഇതിന് മുൻപ് ഉണ്ടായിരുന്ന മാർപാപ്പയെ പറ്റി വായിക്കുവാൻ ഇവിടെ അമർത്തുക

കേപ്പാമാരിലൂടെ എന്ന പരമ്പര മുഴുവൻ വായിക്കാൻ ഇവിടെ അമർത്തുക


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.