രണ്ടാം മാർപ്പാപ്പ : വി. ലീനുസ് മാര്‍പ്പാപ്പ (കേപ്പാമാരിലൂടെ ഭാഗം -3)

രണ്ടാം മാർപ്പാപ്പ : വി. ലീനുസ് മാര്‍പ്പാപ്പ (കേപ്പാമാരിലൂടെ ഭാഗം -3)

വി. പത്രോസിന്റെ പിന്‍ഗാമിയും സഭയുടെ രണ്ടാമത്തെ മാര്‍പ്പാപ്പയുമായ വി. ലീനുസ് മാര്‍പ്പാപ്പയുടെ ജീവിതത്തെക്കുറിച്ച് സഭാചരിത്രത്തിലും പാരമ്പര്യങ്ങളിലുംനിന്ന് വളരെക്കുറച്ചു വിവരങ്ങള്‍ മാത്രമേ ലഭ്യമായിട്ടുള്ളു. സഭാപാരമ്പര്യമനുസരിച്ച് ഇറ്റലിയിലെ റ്റുസ്‌കാനി പ്രാവശ്യയിലെ ഒരു ഉന്നത കുടുംബത്തില്‍ ലീനുസ് മാര്‍പ്പാപ്പ ജനിച്ചു.അദ്ദേഹത്തിന്റെ പിതാവിന്റെ പേര് ഹിരാകുലാനൂസ് എന്നായിരുന്നു. റോമില്‍ വെച്ച് വി. പത്രോസ് ശ്ലീഹായുടെ സുവിശേഷപ്രഘോഷണം അദ്ദേഹം കേള്‍ക്കുവാനിടയാവുകയും ക്രിസ്തുവില്‍ ആകൃഷ്ടനായി ക്രിസ്തുവിശ്വാസം സ്വീകരിക്കുകയും ക്രിസ്തു നാഥനായി സേവനം ചെയ്യുന്നതിന് തന്റെ പദവികളും കുടുംബബന്ധങ്ങളും പോലും ത്യജിക്കുകയും ചെയ്തു.

വി. പത്രോസ് ശ്ലീഹായുടെ ശിഷ്യനായി തീർന്ന വി. ലീനൂസ് അദ്ദേഹത്തിന്റെ രക്തസാക്ഷിത്വത്തിനുശേഷം സഭയുടെ രണ്ടാമത്തെ മാര്‍പ്പാപ്പയുമായി AD 66-ല്‍ തിരഞ്ഞെടുക്കപ്പെട്ടു. വി. പൗലോസ് ശ്ലീഹാ തിമോത്തേയോസിന് എഴുതിയ ലേഖനത്തിൽ 4: 21-ല്‍ പ്രതിപാദിക്കുന്ന ലീനൂസ് തന്നെയാണ് സഭയുടെ രണ്ടാമത്തെ മാര്‍പ്പാപ്പയെന്ന് സഭാപിതാവായ വി. ഇരണേവൂസ് തന്റെ പുസ്തകത്തിൽ (Against Heresies III.3.3) സാക്ഷ്യപ്പെടുത്തുന്നു.

ലിനൂസ് മാര്‍പ്പാപ്പയുടെ ഭരണകാലഘട്ടം പന്ത്രണ്ട് വര്‍ഷത്തോളം നീണ്ടുനിന്നു എന്ന് സഭാരേഖകള്‍ സാക്ഷ്യപ്പെടുത്തുന്നു. സ്ത്രീകള്‍ ദേവാലയങ്ങളിലും പ്രാര്‍ത്ഥനാസമൂഹങ്ങളിലും ശിരോവസ്ത്രം ഉപയോഗിക്കണമെന്ന നിര്‍ദ്ദേശം അപ്പസ്‌തോലന്മാരുടെ പഠനങ്ങളോടു ചേര്‍ന്നു നിന്നു കൊണ്ട് അദ്ദേഹം നല്‍കിയെന്ന് പാരമ്പര്യങ്ങള്‍ സാക്ഷ്യപ്പെടുത്തുന്നു. നീറോ ചക്രവര്‍ത്തിയുടെ ഭരണകാലത്ത് ക്രിസ്ത്യാനികള്‍ക്കെതിരെ നടന്ന മതപീഢനങ്ങളുടെ സമയത്ത് സഭയെ ധീരമായി നയിച്ച ലീനൂസ് മാര്‍പ്പാപ്പ ക്രിസ്തുവിലുള്ള തന്റെ അടിയുറച്ച വിശ്വാസത്തിന് സാക്ഷ്യം നല്‍കിക്കൊണ്ടും അനേകരെ വിശ്വാസത്തിലേക്കു നയിച്ചുകൊണ്ടും ക്രിസ്തുവിലുള്ള തങ്ങളുടെ വിശ്വാസം പരസ്യമായി ഏറ്റുപറയുവാന്‍ ധൈര്യം നല്‍കിക്കൊണ്ടും AD 78-ല്‍ രക്തസാക്ഷിത്വം പുല്‍കി. അദ്ദേഹത്തിന്റെ ഭൗതീകശരീരം വത്തിക്കാനില്‍ വി. പത്രോസ് ശ്ലീഹായുടെ കബറിടത്തിനു സമീപത്തായി അടക്കം ചെയ്തു . തിരുസഭ വി. ലീനൂസ് മാര്‍പ്പാപ്പയുടെ തിരുന്നാള്‍ സെപ്റ്റംബര്‍ 23-ാം തീയതി അചരിക്കുന്നു.

ഇതിന് മുൻപ് ഉണ്ടായിരുന്ന മാർപാപ്പയെ പറ്റി വായിക്കുവാൻ ഇവിടെ അമർത്തുക

മുഴുവൻ മാർപാപ്പമാരുടെയും ലഘു ചരിത്രം വായിക്കാൻ ഇവിടെ അമർത്തുക


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.