അവശ്യ വസ്തു നിയമം നടപ്പാക്കാന്‍ നിര്‍ദേശിച്ച്‌ കമ്മിറ്റി; റിപ്പോര്‍ട്ട് മനുഷ്യത്വ രഹിതമെന്ന് കർഷക സംഘടനകൾ

അവശ്യ വസ്തു നിയമം നടപ്പാക്കാന്‍ നിര്‍ദേശിച്ച്‌ കമ്മിറ്റി; റിപ്പോര്‍ട്ട് മനുഷ്യത്വ രഹിതമെന്ന് കർഷക സംഘടനകൾ

ന്യൂഡൽഹി: കാർഷിക നിയമങ്ങൾ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള കർഷക പ്രക്ഷോഭം ശക്തമായി തുടരുകയാണ്. അതേസമയം അവശ്യ വസ്തു നിയമത്തില്‍ നടത്തിയ ഭേദഗതി ഉടന്‍ നടപ്പിലാക്കാന്‍ ആവശ്യപ്പെട്ട് ഭക്ഷ്യ സ്റ്റാന്‍ഡിങ് കമ്മിറ്റി റിപ്പോര്‍ട്ട് സമര്‍പ്പിച്ചതിന് പിന്നാലെ ഇതിനെതിരെ പ്രതിഷേധവുമായി കര്‍ഷക സംഘടനകള്‍ മുന്നോട്ടുവന്നു.

എന്നാൽ ഈ റിപ്പോര്‍ട്ട് മനുഷ്യത്വ രഹിതമാണെന്നും ഗ്രാമീണ മേഖലയേയും നഗര മേഖലയേയും ബാധിക്കുമെന്നും സാധാരണക്കാരായ ഉപഭോക്താക്കള്‍ക്കെതിരാണെന്നും സംഘടനകള്‍ അഭിപ്രായപ്പെട്ടു.

മാര്‍ച്ച്‌ 19ന് ലോക്‌സഭയില്‍ ഭക്ഷ്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി വെച്ച റിപ്പോര്‍ട്ടാണ് ഇത്. തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് സുദീപ് ബന്ധോപധ്യായ് ആണ് ഈ കമ്മിറ്റിയുടെ അധ്യക്ഷന്‍. ഇതില്‍ എത്രയും പെട്ടെന്ന് നടപടിയെടുക്കാനായിരുന്നു ആവശ്യം. അവശ്യ വസ്തു നിയമം നടപ്പാക്കുന്നതിലൂടെ ഈ രാജ്യത്തെ കര്‍ഷകര്‍ക്കും കാര്‍ഷിക മേഖലയ്ക്കും നേട്ടമുണ്ടാകുമെന്ന് പറയുന്നുണ്ട്.

കര്‍ഷകരുടെ പ്രതിഷേധത്തെ പിന്തുണയ്ക്കുന്നുവെന്ന് അവകാശപ്പെടുന്ന പ്രതിപക്ഷ പാര്‍ട്ടികളുടെ "യഥാര്‍ത്ഥ മുഖം" ഈ റിപ്പോർട്ടിലൂടെ മുന്നിലെത്തിച്ചിട്ടുണ്ട്. റിപ്പോര്‍ട്ട് സമര്‍പ്പിച്ച പാനലില്‍ കോണ്‍ഗ്രസ്, ടിഎംസി, ആം ആദ്മി പാര്‍ട്ടി എന്നിവയുള്‍പ്പെടെ പ്രതിപക്ഷ പാര്‍ട്ടികളില്‍ നിന്നുള്ള അംഗങ്ങളുണ്ട്. ഈയിടെ കേന്ദ്രം നടപ്പാക്കിയ മൂന്ന് കാര്‍ഷിക നിയമങ്ങളും റദ്ദാക്കണമെന്ന് ഈ പാര്‍ട്ടികള്‍ ആവശ്യപ്പെട്ടിരുന്നു.

"മൂന്ന് കാര്‍ഷിക നിയമങ്ങള്‍ റദ്ദാക്കണമെന്ന കര്‍ഷകരുടെ പ്രക്ഷോഭത്തിന് പിന്തുണ അവകാശപ്പെടുന്ന പല പാര്‍ട്ടികളും നിയമം നടപ്പാക്കുന്നതിന് വോട്ട് ചെയ്തത് തികച്ചും അപമാനകരമാണ്. ഈ നിയമങ്ങളില്‍ ഈ കക്ഷികള്‍ക്കിടയില്‍ വിശാലമായ അഭിപ്രായ സമന്വയം ഇത് തുറന്നുകാട്ടുന്നു. ഈ ശുപാര്‍ശകള്‍ പിന്‍വലിക്കാന്‍ ഞങ്ങള്‍ സമിതിയോട് അഭ്യര്‍ത്ഥിക്കുന്നു" എന്ന് കിസാന്‍ മോര്‍ച്ച പറഞ്ഞു.

മാധ്യമ റിപ്പോര്‍ട്ടുകള്‍ പ്രകാരം ഈ കമ്മിറ്റി അംഗങ്ങളായ പ്രതിപക്ഷ നേതാക്കളാരും ഈ നിയമം നടപ്പാക്കുന്നതിനെ എതിര്‍ത്തിട്ടില്ലെന്ന് ബി കെ യു ജനറല്‍ സെക്രട്ടറി ജഗന്‍മോഹന്‍ സിംഗ് പട്യാല പറഞ്ഞു. "കര്‍ഷകരുടെ പ്രതിഷേധം നടക്കുമ്പോഴും കാര്‍ഷിക നിയമങ്ങളെക്കുറിച്ച്‌ സര്‍ക്കാരും കര്‍ഷകരും തമ്മിലുള്ള ചര്‍ച്ചകള്‍ പ്രതീക്ഷിക്കുമ്പോൾ സ്റ്റാന്‍ഡിംഗ് കമ്മിറ്റിയില്‍ നിന്ന് തിടുക്കത്തില്‍ ഈ അനുമതി ലഭിക്കേണ്ടതിന്റെ ആവശ്യകത എന്തായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അതേസമയം, സമരം ആരംഭിച്ച്‌ നാല് മാസം പിന്നിടുമ്പോൾ ഇപ്പോഴും പഞ്ചാബില്‍ നിന്നും ഹരിയാനയില്‍ നിന്നുമായി 40,000ത്തോളം കര്‍ഷകര്‍ അതിര്‍ത്തിയില്‍ സമരം ചെയ്യുന്നുണ്ടെന്ന് പൊലീസ് ഉദ്യോഗസ്ഥര്‍ പറയുന്നു. എന്നാല്‍ പോലീസിന്റെ കണക്കുകളേക്കാള്‍ വളരെ ഉയര്‍ന്നതാണ് സംഖ്യയെന്ന് കര്‍ഷക നേതാക്കള്‍ അവകാശപ്പെടുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.