ന്യൂ സൗത്ത് വെയില്‍സില്‍ നൂറു വര്‍ഷത്തിനിടെയുണ്ടായ ഏറ്റവും വലിയ പ്രളയം; പ്രകൃതി ദുരന്തമായി പ്രഖ്യാപിച്ചു; വെള്ളം ഇനിയും ഉയര്‍ന്നേക്കുമെന്ന് മുന്നറിയിപ്പ്

ന്യൂ സൗത്ത് വെയില്‍സില്‍ നൂറു വര്‍ഷത്തിനിടെയുണ്ടായ ഏറ്റവും വലിയ പ്രളയം; പ്രകൃതി ദുരന്തമായി പ്രഖ്യാപിച്ചു; വെള്ളം ഇനിയും ഉയര്‍ന്നേക്കുമെന്ന് മുന്നറിയിപ്പ്

സിഡ്നി: ഓസ്ട്രേലിയയിലെ ന്യൂ സൗത്ത് വെയില്‍സ് നേരിട്ടത് നൂറു വര്‍ഷത്തിനിടെയുണ്ടായ ഏറ്റവും വലിയ പ്രളയമെന്ന് സംസ്ഥാന പ്രീമിയര്‍ ഗ്ലാഡിസ് ബെറെജിലിയന്‍. പ്രളയം പ്രകൃതി ദുരന്തമായി പ്രഖ്യാപിച്ച പ്രധാനമന്ത്രി സ്‌കോട്ട് മോറിസണ്‍ ദുരിതാശ്വാസം അനുവദിച്ചു. മിന്നല്‍ പ്രളയം മൂലം സംസ്ഥാനത്തെ വടക്കന്‍ തീരപ്രദേശത്തെ നിരവധി നഗരങ്ങള്‍ മൂന്നു ദിവസമായി വെള്ളത്തിനടിയിലാണ്. ഏറ്റവും ദുഷ്‌കരമായ ദിനങ്ങളിലൂടെയാണ് ന്യൂ സൗത്ത് വെയില്‍സിലെ ജനങ്ങള്‍ കടന്നുപോകുന്നത്. വെള്ളം ഇനിയും ഉയരുമെന്ന് മുന്നറിയിപ്പുള്ളതിനാല്‍ പലയിടങ്ങളിലും നിരവധി പേര്‍ വീടു വിട്ട് സുരക്ഷിതസ്ഥാനത്തേക്കു മാറി. സംസ്ഥാനത്തുണ്ടായ നാശനഷ്ടം ഇനിയും വിലയിരുത്താനായിട്ടില്ല. മണ്ണിടിച്ചില്‍ മൂലം പല റോഡുകളും തകര്‍ന്ന നിലയിലാണ്. സ്‌കൂളുകള്‍ ഇന്നും തുറക്കില്ല.



ആയിരത്തിലധികം രക്ഷാദൗത്യമാണ് സ്റ്റേറ്റ് എമര്‍ജന്‍സി സര്‍വീസ് ഇതിനകം നിര്‍വഹിച്ചത്. വെള്ളത്തിലായ കെട്ടിടങ്ങളില്‍നിന്ന് നിരവധി പേരെ രക്ഷിച്ചു. ഹെലികോപ്ടര്‍ ഉള്‍പ്പെടെ ഉപയോഗിച്ചാണ് രക്ഷാപ്രവര്‍ത്തനം. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ ആയിരക്കണക്കിന് പേര്‍ ഭവനരഹിതരായി. പോര്‍ട്ട് മക്വാരിയിലെ ലോറിറ്റണ്‍ യുണൈറ്റഡ് സര്‍വീസസ് ക്ലബില്‍ മാത്രം നൂറുകണക്കിന് ആളുകളാണ് അഭയം തേടിയത്. കനത്ത മഴയും വെള്ളപ്പൊക്കവും തുടരുന്നത് വടക്കന്‍ തീര പ്രദേശങ്ങളിലെ ജനജീവിതം ദുസഹമാക്കി. നദികളിലെ ജലനിരപ്പ് ഉയര്‍ന്നതോടെ പെന്റിത്തിലെയും ഹോക്സ്ബറിയിലെയും ജനങ്ങളെ ഒഴിപ്പിച്ചു.
നോര്‍ത്ത് ഹാവന്‍, ഡണ്‍ബോഗന്‍, കാംഡന്‍ ഹെഡ്, ലോറിറ്റണ്‍, പോര്‍ട്ട് മക്വാരി തുടങ്ങി താഴ്ന്ന സ്ഥലങ്ങളിലെ താമസക്കാര്‍ക്ക് വെള്ളിയാഴ്ച തന്നെ ഒഴിയാനുള്ള നിര്‍ദേശം സര്‍ക്കാര്‍ നല്‍കിയിരുന്നു. ഡാമുകള്‍ എല്ലാം കരകവിഞ്ഞൊഴുകുകയാണ്. നദികളിലെ ജലനിരപ്പ് റെക്കോഡ് ഉയരത്തിലെത്തി.



ന്യൂ സൗത്ത് വെയില്‍സില്‍ 100 വര്‍ഷത്തിനിടെയുണ്ടായ ഏറ്റവും മോശം കാലാവസ്ഥയാണിതെന്ന് പ്രീമിയര്‍ പറഞ്ഞു. വെള്ളപ്പൊക്ക സാധ്യത കണക്കിലെടുത്ത് സിഡ്നിയുടെ പടിഞ്ഞാന്‍ ഭാഗത്തെ തടവുകാരെ ജയിലില്‍നിന്ന് മാറ്റിപ്പാര്‍പ്പിച്ചു. എമു പ്ലെയിന്‍സ് കറക്ഷണല്‍ സെന്ററില്‍ നിന്നുള്ള 35 വനിതാ തടവുകാരെയും ബോള്‍വാര ട്രാന്‍സിഷണല്‍ സെന്ററില്‍ നിന്നുള്ള 15 വനിതാ തടവുകാരെയും ദില്‍വൈനിയ കറക്ഷണല്‍ സെന്ററിലേക്ക് മാറ്റി. അംബര്‍ ലോറല്‍ കറക്ഷണല്‍ കേന്ദ്രത്തിലെ 25 സ്ത്രീ-പുരുഷ തടവുകാരെയും സിഡ്‌നിയിലെ കറക്ഷണല്‍ കേന്ദ്രങ്ങളിലെ സെല്ലുകളിലേക്കു മാറ്റി.

ഏറ്റവും ബുദ്ധിമട്ടേറിയ സാഹചര്യങ്ങളിലൂടെ കടന്നുപോയിട്ടും തളരാത്ത രക്ഷാപ്രവര്‍ത്തകരുടെ മനോധൈര്യത്തെ കമ്മീഷണര്‍ പീറ്റര്‍ സെവെറിന്‍ അഭിനന്ദിച്ചു. മോശം കാലാവസ്ഥയെതുടര്‍ന്ന് പ്രതിസന്ധിയിലായ നിരവധി ബിസിനസുകള്‍ക്ക് സര്‍ക്കാര്‍ പിന്തുണ വേണ്ടിവരും. നിരവധി വ്യാപാര സ്ഥാപനങ്ങളില്‍ വെള്ളം കയറി നാശനഷ്ടമുണ്ടായിട്ടുണ്ട്.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.