യുഡിഎഫിന്റെ നെഞ്ചിടിപ്പ് കൂട്ടി വീണ്ടും സര്‍വ്വേ ഫലം; ഉത്തരമലബാര്‍ എല്‍ഡിഎഫ് തൂത്തുവാരും (27-4-1)

യുഡിഎഫിന്റെ നെഞ്ചിടിപ്പ് കൂട്ടി വീണ്ടും സര്‍വ്വേ ഫലം; ഉത്തരമലബാര്‍ എല്‍ഡിഎഫ് തൂത്തുവാരും (27-4-1)


യുഡിഫിന്റെ നെഞ്ചിടിപ്പ് കൂട്ടി വീണ്ടും സര്‍വ്വേ ഫലം; ഉത്തരമലബാര്‍ എല്‍ഡിഎഫ് തൂത്തുവാരും (27-4-1)
കോഴിക്കോട്: കേരളത്തിലെ ഒരു സ്വകാര്യ വാര്‍ത്താ ചാനല്‍ വിആര്‍എം ഗ്രൂപ്പുമായി ചേര്‍ന്ന് നടത്തിയ പ്രീ പോള്‍ സര്‍വ്വേയില്‍ ഉത്തര മലബാറില്‍ എല്‍ഡിഎഫിന് വന്‍ മുന്നേറ്റമെന്ന് പ്രവചനം. കാസര്‍കോട്, കണ്ണൂര്‍, വയനാട്, കോഴിക്കോട് ജില്ലകളിലെ സര്‍വ്വേ ഫലമാണ് ആദ്യഘട്ടത്തില്‍ പുറത്ത് വിട്ടിട്ടുള്ളത്.

നാല് ജില്ലകളിലായി മൊത്തം 32 നിയമസഭാ സീറ്റുകളാണുള്ളത്. അതില്‍ 27 ഇടത്തും എല്‍ഡിഎഫും നാലിടത്ത് യുഡിഎഫും ഒരിടത്ത് എന്‍ഡിഎയും വിജയിക്കും എന്നാണ് സര്‍വ്വേയുടെ പ്രവചനം. കാസര്‍കോട് ജില്ലയില്‍ ഇത്തവണ എല്‍ഡിഎഫും യുഡിഎഫും രണ്ട് സീറ്റുകള്‍ വീതവും എന്‍ഡിഎ ചരിത്രത്തിലാദ്യമായി ഒരു സീറ്റും നേടും എന്നാണ് സര്‍വ്വേ പ്രവചിക്കുന്നത്.

കഴിഞ്ഞ തവണ കെ സുരേന്ദ്രന്‍ 89 വോട്ടുകള്‍ക്ക് പരാജയപ്പെട്ട മണ്ഡലം ആണ് മഞ്ചേശ്വരം. ഇത്തവണയും സുരേന്ദ്രന്‍ തന്നെയാണ് ബിജെപി സ്ഥാനാര്‍ത്ഥി. മണ്ഡലത്തില്‍ എന്‍ഡിഎയ്ക്കാണ് മുന്‍തൂക്കമെന്നും യുഡിഎഫ് രണ്ടാമതും എല്‍ഡിഎഫ് മൂന്നാമതും എത്തും എന്നാണ് പ്രവചനം. അരനൂറ്റാണ്ടായി സിപിഎമ്മിന്റെ കുത്തക മണ്ഡലമാണ് കാസര്‍കോട് ജില്ലയിലെ തൃക്കരിപ്പൂര്‍. ഇത്തവണ ശക്തമായ മത്സരം നടക്കുന്ന മണ്ഡലത്തില്‍ യുഡിഎഫിനാണ് നേരിയ മേല്‍ക്കൈ എന്നും സര്‍വ്വേ പ്രവചിക്കുന്നു.

പതിനൊന്ന് മണ്ഡലങ്ങളാണ് കണ്ണൂരില്‍ ഉള്ളത്. ഇവിടെ ഒമ്പത് സീറ്റുകളിലും എല്‍ഡിഎഫ് ജയിക്കും. യുഡിഎഫിന് രണ്ട് സീറ്റ് ലഭിക്കും. എന്‍ഡിഎയ്ക്ക് സീറ്റുണ്ടാവില്ല. കോണ്‍ഗ്രസിന്റെ സിറ്റിംഗ് സീറ്റായ പേരാവൂര്‍ ഇത്തവണ എല്‍ഡിഎഫ് പിടിച്ചെടുക്കും എന്നാണ് പ്രവചനം. അഴീക്കോട് മുസ്ലീം ലീഗും ഇരിക്കൂര്‍ കോണ്‍ഗ്രസും നിലനിര്‍ത്തുമെന്നും പ്രവചിക്കുന്നു. ഇരിക്കൂറില്‍ കോണ്‍ഗ്രസിനുള്ളില്‍ കടുത്ത പ്രതിസന്ധിയാണ് നിലനില്‍ക്കുന്നത്. കൂത്തുപറമ്പില്‍ എന്‍ഡിഎ രണ്ടാം സ്ഥാനത്ത് എത്തുമെന്നും സര്‍വ്വേ പ്രവചിക്കുന്നുണ്ട്.

വയനാട് ജില്ലയിലെ മുഴുവന്‍ സീറ്റുകളിലും എല്‍ഡിഎഫ് ജയിക്കും എന്നാണ് മറ്റൊരു പ്രവചനം. രാഹുല്‍ ഗാന്ധി എംപിയായിരിക്കുന്ന വയനാട് ലോക്സഭ മണ്ഡലത്തിന് കീഴിലാണ് ഈ മണ്ഡലങ്ങള്‍ എല്ലാം. മാനന്തവാടി, സുല്‍ത്താന്‍ ബത്തേരി, കല്‍പറ്റ എന്നിവയാണ് മണ്ഡലങ്ങള്‍. ഇതില്‍ സുല്‍ത്താന്‍ ബത്തേരി കോണ്‍ഗ്രസിന്റെ സിറ്റിംഗ് സീറ്റാണ്.

കോഴിക്കോട് ജില്ലയിലെ 13 നിയമസഭാ സീറ്റുകളില്‍ എല്ലാം തന്നെ എല്‍ഡിഎഫ് സ്വന്തമാക്കും എന്നാണ് പ്രവചനം. 2016 ല്‍ എല്‍ഡിഎഫ് 11 സീറ്റുകളിലാണ് വിജയിച്ചത്. അന്ന് മുസ്ലീം ലീഗ് രണ്ട് സീറ്റുകള്‍ വിജയിച്ചിരുന്നു. ഇത്തവണ അതും സംശയമാണെന്നാണ് സര്‍വ്വേ പ്രവചിക്കുന്നത്.




വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.