ഓസ്‌ട്രേലിയന്‍ മലയാളികള്‍ക്ക് നൊമ്പരമായി കെവിന്റെ മരണം

ഓസ്‌ട്രേലിയന്‍ മലയാളികള്‍ക്ക് നൊമ്പരമായി കെവിന്റെ മരണം

പെര്‍ത്ത്: നല്ല ജീവിതം സ്വപ്‌നം കണ്ട് ഓസ്‌ട്രേലിയയില്‍ എത്തിയ ആലുവ സ്വദേശിയായ യുവാവിന്റെ അപ്രതീക്ഷിത മരണം ഞെട്ടലോടെയാണ് അവിടത്തെ മലയാളി സമൂഹം കേട്ടത്. എല്ലാവരോടും സ്‌നേഹത്തോടെ പെരുമാറിയിരുന്ന കെവിനെയാണ് അവര്‍ക്കെല്ലാം പരിചയം. കൂത്താട്ടുകുളം സ്വദേശിയായ സുഹൃത്തിനൊപ്പം ഇന്നലെ കടലിലിറങ്ങിയ കെവിനെ മരണം തിരമാലകളുടെ രൂപത്തില്‍ കൊണ്ടുപോയ വാര്‍ത്ത ആദ്യം ആര്‍ക്കും ഉള്‍ക്കൊള്ളാനായില്ല. രക്ഷാപ്രവര്‍ത്തകര്‍ കെവിനെ ഉടന്‍ കരയ്‌ക്കെത്തിച്ച് ആംബുലന്‍സില്‍ പെര്‍ത്ത് സൗത്തിലുള്ള ഫിയോണ സ്റ്റാന്‍ലി ഗവ. ഹോസ്പിറ്റലില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

യുഎഇയില്‍ ജോലി ചെയ്തിരുന്ന കെവിന്‍ ഒന്നര വര്‍ഷം മുന്‍പാണ് പടിഞ്ഞാറന്‍ ഓസ്‌ട്രേലിയന്‍ നഗരമായ പെര്‍ത്തില്‍ പ്രോജക്ട് മാനേജ്‌മെന്റ കോഴ്‌സില്‍ ചേരാനായി എത്തിയത്. പഠനത്തിനൊപ്പം ജോലിയും ചെയ്തിരുന്നു. പെര്‍ത്ത് സെന്റ ജോസഫ് സീറോ മലബാര്‍ പള്ളി ജൂണ്ടലപ് സെന്‍ട്രലില്‍ വേദപാഠം അധ്യാപകനായിരുന്ന കെവിന്‍ സന്നദ്ധ പ്രവര്‍ത്തനങ്ങളില്‍ സജീവമായിരുന്നു. നിറഞ്ഞ ചിരിയോടെ ഇടപെട്ടിരുന്ന കെവിന്റെ മുഖമാണ് എല്ലാവുടെയും മനസില്‍. നല്ലൊരു പാട്ടുകാരന്‍ കൂടിയായതിനാല്‍ ഗായകസംഘത്തിലും അംഗമാണ്.

അപ്രതീക്ഷിത മരണം ഏല്‍പ്പിച്ച വേദനയിലാണ്് നാട്ടില്‍ മാതാപിതാക്കളും സഹോദരങ്ങളും മറ്റു ബന്ധുക്കളും. ഓസ്‌ട്രേലിയിലേക്കു പോകും മുന്‍പാണ് കെവിന്‍ അവസാനമായി നാട്ടിലേക്കു വന്നത്. ഭാര്യ ഇരിഞ്ഞാലക്കുട സ്വദേശിനി അമൂല്യ ചിറയത്തും നാല് വയസുകാരന്‍ മകന്‍ കെന്നും നാട്ടിലാണ്. പഠനശേഷം അവരെയും ഓസ്‌ട്രേലിയയില്‍ കൊണ്ടുവരണമെന്നായിരുന്നു കെവിന്റെ ആഗ്രഹം. ഭര്‍ത്താവിന്റെ വിയോഗത്തില്‍ തളര്‍ന്ന അമൂല്യയും ഒന്നുമറിയാതെ കളിച്ചുനടക്കുന്ന മകനും നൊമ്പരക്കാഴ്ച്ചയായി.
റിവര്‍ടണില്‍നിന്നുള്ള പാര്‍ലമെന്റ് അംഗവും ഇന്ത്യന്‍ വംശജനുമായ ഡോ. ജഗദീഷ് കൃഷ്ണ ഇന്ത്യന്‍ കോണ്‍സുലേറ്റുമായി ബന്ധപ്പെട്ട് മൃതദേഹം നാട്ടിലേക്കു കൊണ്ടുവരാനുള്ള തുടര്‍ നടപടികള്‍ നടത്തി. സംസ്‌കാരം പിന്നീട് നാട്ടില്‍ മംഗലപ്പുഴ സെന്റ് ജോസഫ്‌സ് പള്ളിയില്‍ നടത്തും.

ആലുവ ഈസ്റ്റ് കടുങ്ങല്ലൂര്‍ കരിയാട്ടി ഹൗസില്‍ കുര്യന്റെയും സില്‍വി കുര്യന്റെയും മകനാണ് കെവിന്‍. സഹോദരങ്ങള്‍: ഡോ. പോള്‍ കരിയാട്ടി (കരിയാട്ടിസ് ഡെന്റല്‍ സ്‌പെഷ്യാലിറ്റി ക്ലിനിക്), ടീന (നെതര്‍ലന്‍ഡ്‌സ്).


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.