ദരിദ്ര രാഷ്ട്രങ്ങളുടെ കടം ഇളവ് ചെയ്യുക; ഐക്യരാഷ്ട്ര സഭയോട് വത്തിക്കാൻ

ദരിദ്ര രാഷ്ട്രങ്ങളുടെ കടം ഇളവ് ചെയ്യുക; ഐക്യരാഷ്ട്ര സഭയോട് വത്തിക്കാൻ

കോവിഡ് മഹാമാരിയുടെ നാളുകളിൽ ദാരിദ്ര്യം അനുഭവിക്കുന്ന രാഷ്ട്രങ്ങളോട് ദയവു കാട്ടണമെന്നു വത്തിക്കാൻ ഐക്യരാഷ്ട്ര സഭയോട് ആവശ്യപ്പെട്ടു. ഐക്യരാഷ്ട്ര സഭയിൽ വത്തിക്കാന്റെ സ്ഥിരം നിരീക്ഷകനായ കർദിനാൾ ഗബ്രിയേൽ കാക്ഷയാണ് ആവശ്യം ഉന്നയിച്ചത്.ഐക്യ രാഷ്ട്ര സഭയുടെ 75 -ആം പൊതു സമ്മേളനത്തിൽ സ്ഥൂലസാമ്പത്തികശാസ്ത്ര നയ സമിതിയെ അഭിസംബോധന ചെയ്തു സംസാരിക്കുകയായിരുന്നു കർദിനാൾ കാക്ഷ. മഹാമാരിയുടെ കെടുതികൾ കാരണം കടം വർധിക്കുമ്പോൾ അടിസ്ഥാന ആവശ്യങ്ങൾക്ക് ഉപയോഗിക്കേണ്ട പണം പോലും തിരിച്ചടവിനായി നൽകേണ്ട അവസ്ഥയിലാണ് ദരിദ്ര രാഷ്ട്രങ്ങളെന്നു കർദിനാൾ പറഞ്ഞു. അന്താരാഷ്ട്രതലത്തിൽ പ്രകടമാകുന്ന സാമ്പത്തിക അസന്തുലിതാവസ്ഥ ഇല്ലാതാക്കാൻ ഇത്തരം നടപടി അത്യാവശ്യമാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. 

രണ്ടുകാര്യങ്ങളിൽ ശ്രദ്ധ പഠിപ്പിക്കണമെന്ന് വത്തിക്കാൻ പ്രതിനിധി നിർദ്ദേശിച്ചു. ഒന്നാമതായി പ്രതിസന്ധിയിലായ വ്യവസായങ്ങൾക്ക് സാമ്പത്തിക സഹായം നൽകണം. അതുപോലെ തന്നെ അസംഘടിത തൊഴിൽ മേഖലകളിൽ ഉള്ളവർക്ക് സുരക്ഷിതത്വം ഉറപ്പുവരുത്തണം. 

മറ്റൊരു പ്രസ്താവനയിൽ കർദിനാൾ കാക്ഷ ആഗോള കുടിയേറ്റക്കാരുടെ പ്രശ്നങ്ങളെക്കുറിച്ചു സംസാരിച്ചു. ആഗോള കുടിയേറ്റ ഉടമ്പടിയെ പിന്തുണക്കുന്ന സമീപനം സ്വീകരിക്കാൻ അദ്ദേഹം അന്താരാഷ്ട്ര സമൂഹത്തോട് അഭ്യർത്ഥിച്ചു. 2016 സെപ്റ്റംബറിൽ അഭയാര്ഥികള്ക്കും കുടിയേറ്റക്കാർക്കുമായുള്ള ന്യൂയോർക് പ്രഖ്യാപനത്തെ തുടർന്ന് 2018 ഡിസംബർ മാസമാണ് ആഗോള കുടിയേറ്റ ഉടമ്പടി രൂപപ്പെട്ടത്. 

സ്ഥൂലസാമ്പത്തികശാസ്ത്ര നയം രണ്ടറ്റം കൂട്ടിമുട്ടിക്കാൻ പ്രയാസപ്പെടുന്ന കുടിയേറ്റ തൊഴിലാളികളുടെയും , മഹാമാരിയുടെയും പ്രാഥമികാവശ്യങ്ങളുടെയും ഇടയിൽ നട്ടം തിരിയുന്ന ദരിദ്രരാഷ്ട്രങ്ങളുടെയും പ്രശ്നങ്ങളെക്കൂടെ ഉൾക്കൊള്ളുന്നതാകണം എന്ന് അദ്ദേഹം പറഞ്ഞു. 

എക്കാലവും ദരിദ്രരോടും പീഡിതരോടും ഐക്യദാർഢ്യം പ്രഖ്യാപിക്കുന്ന കത്തോലിക്കാ സഭയുടെ നിലപാടുകൾ അരക്കിട്ടുറപ്പിക്കുന്ന ശക്തിയുക്തമായ അവതരണമായിരുന്നു കർദിനാൾ ഗബ്രിയേൽ കാക്ഷയുടേത്.

ജോസഫ് ദാസൻ


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.