ഝാന്‍സി: ട്രെയിന്‍ യാത്രയ്ക്കിടെ കന്യാസ്ത്രീകളെ ആക്രമിച്ചത് എബിവിപി പ്രവര്‍ത്തകരാണെന്ന വെളിപ്പെടുത്തലുമായി ഝാന്‍സി റെയില്‍വേ പൊലീസ് സൂപ്രണ്ട്. ഋശികേശിലെ സ്റ്റഡി ക്യാമ്പ് കഴിഞ്ഞ് മടങ്ങിയ എബിവിപി പ്രവര്‍ത്തകരാണ് കന്യാസ്ത്രീകളെ ആക്രമിച്ചതെന്നും സൂപ്രണ്ട് പറഞ്ഞു.
മാര്‍ച്ച് 19നാണ് ദല്‍ഹിയില്‍ നിന്നും ഒഡിഷയിലേക്ക് പോകുകയായിരുന്ന കന്യാസ്ത്രീകളടക്കമുള്ള നാല് പേര്‍ക്കെതിരെ ട്രെയിനില്‍ വെച്ചും പിന്നീട് ഝാന്‍സി റെയില്‍വേ സ്റ്റേഷനില്‍ വെച്ചും ആക്രമണമുണ്ടായത്. ഒഡിഷയില്‍ നിന്നുള്ള രണ്ട് കന്യാസ്ത്രീ വിദ്യാര്‍ത്ഥികളെ വീട്ടിലാക്കുന്നതിന് വേണ്ടി മലയാളിയായ കന്യാസ്ത്രീയും മറ്റൊരു കന്യാസ്ത്രീയും കൂടി ഡല്‍ഹിയില്‍ നിന്നും വരികയായിരുന്നു. വിദ്യാര്‍ത്ഥികള്‍ സാധാരണ വസ്ത്രവും കന്യാസ്ത്രീകള്‍ സഭാവസ്ത്രത്തിലുമായിരുന്നു. തിരുഹൃദയ സന്യാസിനി സമൂഹത്തില്‍ ഉള്‍പ്പെട്ടവരായിരുന്നു ഇവര്‍.
ഝാന്‍സി എത്താറായപ്പോള്‍ ട്രെയിനിലെ ചിലര്‍ ഇവരുടെ അടുത്തെത്തി പ്രശ്നമുണ്ടാക്കാന്‍ തുടങ്ങുകയായിരുന്നു. വിദ്യാര്‍ത്ഥിനികളെ കന്യാസ്ത്രീകള്‍ മതം മാറ്റാന്‍ ശ്രമിക്കുകയാണെന്നായിരുന്നു അക്രമികളുടെ ആരോപണം. തങ്ങള്‍ ക്രിസ്ത്യന്‍ കുടുംബത്തില്‍ നിന്നുള്ളവരാണെന്ന് വിദ്യാര്‍ത്ഥിനികള്‍ പറഞ്ഞെങ്കിലും ഇവര്‍ അംഗീകരിച്ചില്ല. കന്യാസ്ത്രീകളുടെ ആധാര്‍ കാര്‍ഡ് ഉള്‍പ്പടെ എബിവിപി പ്രവര്‍ത്തകര്‍ പരിശോധിച്ചു.
ജയ് ശ്രീരാം, ജയ് ഹനുമാന്‍ എന്നീ മുദ്രാവാക്യം വിളികളും ഭീഷണികളുമായി പിന്നിട് കൂടുതല്‍ പേരെത്തുകയായിരുന്നു. ഝാന്‍സി സ്റ്റേഷനിലെത്തിയപ്പോള്‍ യു.പി പൊലീസെത്തി കന്യാസ്ത്രീകളോടും വിദ്യാര്‍ത്ഥികളോടും പുറത്തിറങ്ങാന്‍ ആവശ്യപ്പെട്ടു.
അപ്പോഴേക്കും സ്റ്റേഷനില്‍ നൂറ്റമ്പതോളം ബജ്റംഗ് ദള്‍ പ്രവര്‍ത്തകരെത്തിയിരുന്നു. ഇവരെ അറസ്റ്റ് ചെയ്ത് മാറ്റാന്‍ ശ്രമിക്കാതെ പോലിസ് കന്യാസ്ത്രീ സംഘത്തെ സ്റ്റേഷനിലേക്ക് കൊണ്ടുപോവുകയായിരുന്നു. വനിതാ പൊലീസില്ലാതെ വരാനാകില്ലെന്ന് അറിയിച്ചെങ്കിലും പോലീസ് അനുവദിച്ചില്ലെന്നും ആധാര്‍ കാര്‍ഡും മറ്റും രേഖകളും കാണിച്ചെങ്കിലും രാത്രി 11 മണിക്ക് ശേഷമായിരുന്നു സ്റ്റേഷനില്‍ നിന്നും ബിഷപ്പ് ഹൗസിലേക്ക് വിട്ടയച്ചതെന്നും കന്യാസ്ത്രീകള്‍ പറയുന്നു. പിന്നീട് ശനിയാഴ്ചയാണ് ഇവര്‍ യാത്ര തുടര്‍ന്നത്. സഭാവസ്ത്രം മാറ്റി സാധാരണ വസ്ത്രം ധരിച്ച് പൊലീസ് സംരക്ഷണത്തിലായിരുന്നു യാത്ര.
കുറ്റക്കാര്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്ന് കേരളത്തില്‍ തെരഞ്ഞെടുപ്പ് പ്രചാരണം നടത്തുന്ന കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ വ്യക്തമാക്കി. ഇതിനിടെ കന്യാസ്ത്രീകള്‍ക്കെതിരായ അക്രമം ചൂണ്ടിക്കാണിച്ച് 'ബിജെപിയെ എങ്ങനെ വിശ്വസിക്കാനാകും' എന്ന ചോദ്യവുമായി കത്തോലിക്കാ സഭയുടെ നിയന്ത്രണത്തിലുള്ള ദീപിക ദിനപ്പത്രത്തില്‍ വന്ന മുഖപ്രസംഗം ഏറെ ചര്‍ച്ചയായി.
നിയമസഭാ തെരഞ്ഞെടുപ്പിനൊരുങ്ങുന്ന കേരളത്തില്‍ ക്രൈസ്തവ ന്യൂനപക്ഷങ്ങളുടെ വോട്ടുകള്‍ ലക്ഷ്യമാക്കി ബിജെപി ചില നീക്കങ്ങള്‍ നടത്തുന്നതിനിടെയാണ് ബിജെപി ഭരിക്കുന്ന ഉത്തര്‍പ്രദേശില്‍ എബിവിപിക്കാരുടെയും ബജ്റംഗ് ദള്‍ പ്രവര്‍ത്തകരുടെയും നേതൃത്വത്തില്‍ കന്യാസ്ത്രീകള്‍ക്കെതിരെ അക്രമം അരങ്ങേറിയത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.