ഈ ശുഭ്രവസ്ത്രധാരികളെ നിങ്ങള്‍ എന്തിനാണു ഭയപ്പെടുന്നത് ? ശ്രദ്ധേയമായി കന്യാസ്ത്രീയുടെ കുറിപ്പ്

ഈ ശുഭ്രവസ്ത്രധാരികളെ നിങ്ങള്‍ എന്തിനാണു ഭയപ്പെടുന്നത് ? ശ്രദ്ധേയമായി കന്യാസ്ത്രീയുടെ കുറിപ്പ്

കോട്ടയം: ട്രെയിനില്‍ മലയാളികള്‍ ഉള്‍പ്പെടെയുള്ള കന്യാസ്ത്രീകള്‍ക്കു നേരെയുണ്ടായ ആക്രമണത്തില്‍ സിസ്റ്റര്‍ ആന്‍സി പോള്‍ എഴുതിയ പ്രതിഷേധക്കുറിപ്പ് ശ്രദ്ധേയമാകുന്നു.
വര്‍ഗീയതയുടെ കടുത്ത നിറം അവരാരും അണിഞ്ഞിട്ടില്ല. ആരുടെയും ഒരുപിടി മണ്ണു പോലും അപഹരിച്ചിട്ടില്ല. ആരും തീവ്രവാദം പ്രചരിപ്പിച്ചിട്ടില്ല. നന്മ മാത്രം ചെയ്യുന്ന ഈ ശുഭ്രവസ്ത്രധാരികളെ നിങ്ങള്‍ എന്തിനാണു ഭയപ്പെടുന്നതെന്ന് സിസ്റ്റര്‍ തന്റെ കുറിപ്പിലൂടെ ചോദിക്കുന്നു. ദീപിക ദിനപത്രമാണ് 'ഈ മണ്ണ് ഞങ്ങളുടേതു കൂടിയാണ്' എന്ന തലക്കെട്ടില്‍ സിസ്റ്റര്‍ ആന്‍സി പോളിന്റെ ലേഖനം പ്രസിദ്ധീകരിച്ചിട്ടുള്ളത്. സേക്രഡ് ഹാര്‍ട്ട് കോണ്‍ഗ്രിഗേഷന്‍ പിആര്‍ഒ ആണ് സിസ്റ്റര്‍.

സിസ്റ്റര്‍ ആന്‍സി പോള്‍ എസ്.എച്ചിന്റെ കുറിപ്പ് വായിക്കാം

ഇന്ത്യ എന്റെ രാജ്യമാണ്. എല്ലാ ഇന്ത്യക്കാരും എന്റെ സഹോദരീ സഹോദരന്മാരാണ്. ഈ പ്രതിജ്ഞാ വാചകം ചൊല്ലിയാണ് ഓരോ ഇന്ത്യന്‍ പൗരനും അറിവിന്റെ ലോകത്തേക്കു പിച്ചവയ്ക്കുന്നത്. അക്ഷരം പഠിക്കുന്നതിനു മുമ്പുതന്നെ ഒരുവന്‍ നെഞ്ചോടു ചേര്‍ത്തുപിടിക്കുന്ന പ്രതിജ്ഞാ വാചകം. ജാതിമതഭേദമന്യേ സര്‍വരെയും സഹോദരങ്ങളായി കാണാന്‍ പഠിപ്പിച്ച മഹാരഥന്മാരുടെ ഭാരതീയ സങ്കല്‍പങ്ങളില്‍നിന്ന് എത്രയോ കാതം അകലെയാണ് ആധുനിക ഹിന്ദുത്വ തീവ്രവാദികളുടെ ഭാരത സങ്കല്‍പം.

കഴിഞ്ഞ 19 നു ഡല്‍ഹിയില്‍നിന്ന് ഒഡീഷയിലേക്കു ട്രെയിനില്‍ യാത്ര ചെയ്യുകയായിരുന്ന നാലു സന്യാസിനിമാരെ മതപരിവര്‍ത്തന നിയമത്തിന്റെ മറപിടിച്ചു എ.ബി.വി.പി. പ്രവര്‍ത്തകര്‍ അവരുടെ യാത്ര തടസപ്പെടുത്തി സംഘം ചേര്‍ന്ന് അവഹേളിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തു. തുടര്‍ന്ന് ബലമായി അപരിചിതമായ സ്റ്റേഷനില്‍ ഇറക്കി റെയില്‍വേ പോലീസിന്റെ ഒത്താശയോടെ ഭീതിദമായ ആള്‍ക്കൂട്ട ആക്രോശങ്ങള്‍ക്കു നടുവിലൂടെ സ്റ്റേഷനിലെത്തിച്ചു. മണിക്കൂറുകള്‍ ചോദ്യംചെയ്യുകയും പിന്നീട് അര്‍ധരാത്രിയോടെ വിട്ടയയ്ക്കുകയും ചെയ്തു. ഈ സംഭവവും പതിവുപോലെ നടപടികളൊന്നുമില്ലാതെ കെട്ടടങ്ങുമെന്നാണ് തോന്നുന്നത്.

ഒഡീഷയിലേക്കുള്ള യാത്രക്കാരായിരുന്നു അവര്‍. സന്യാസസഭാ വസ്ത്രധാരികളായ രണ്ടു പേര്‍ക്കൊപ്പം ക്രൈസ്തവ വിശ്വാസികളായ രണ്ടു യുവതികളുമുണ്ടായിരുന്നു. സന്യാസാര്‍ഥിനികളായ ഇവരെ മതം മാറ്റാന്‍ കൊണ്ടുപോയതാണെന്നാണു വര്‍ഗീയവാദികളുടെ ആരോപണം. ജന്മനാ ക്രൈസ്തവ വിശ്വാസികളായ അവരുടെ കൈവശം ആധാര്‍ കാര്‍ഡ് ഉള്‍പ്പെടെ മതിയായ രേഖകളെല്ലാം ഉണ്ടായിരുന്നു. അതൊന്നും അവര്‍ക്ക് വിഷയമായിരുന്നില്ല. അന്തരീക്ഷത്തില്‍ മുഷ്ടിചുരുട്ടി ആര്‍ത്തുവിളിക്കുന്ന തീവ്ര വര്‍ഗീയ മുദ്രാവാക്യങ്ങളില്‍ ഈ സ്ത്രീകളുടെ മറുപടികള്‍ വെള്ളത്തിലെ കുമിള പോലെയായി. ആള്‍ക്കൂട്ട വിചാരണ നടത്തി മതപരിവര്‍ത്തന നിയമക്കുരുക്കില്‍പെടുത്തി അവരെ ജയിലിന്റെ ഇരുട്ടറയില്‍ അടയ്ക്കാമെന്ന തീവ്രവാദ സംഘത്തിന്റെ വ്യാമോഹം തടയാന്‍ കഴിഞ്ഞത് കന്യാസ്ത്രീകളുടെ പ്രവര്‍ത്തനങ്ങളെ അടുത്തറിയുന്ന ചിലരുടെ ഇടപെടലുകള്‍കൊണ്ടു മാത്രം.

ക്രൈസ്തവ വിശ്വാസത്തെയും ക്രൈസ്തവ സന്യാസത്തെയും തകര്‍ക്കാനുള്ള ബോധപൂര്‍വമായ ശ്രമം അടുത്തകാലത്തായി കൂടിവരികയാണ്. എന്താണു സമര്‍പ്പിതര്‍ ചെയ്യുന്ന അപരാധമെന്നു മനസിലാകുന്നില്ല. സ്വയം മറന്ന് ലോകത്തിനു നന്മ ചെയ്യുന്നവരെയൊക്കെ മുച്ചൂടും ഇല്ലാതാക്കുന്ന തിന്മയുടെ പ്രവണത ഇന്നും ഇന്നലെയും തുടങ്ങിയതല്ല. ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ ആയിരക്കണക്കിനു സമര്‍പ്പിതരാണ് നാടും വീടും ഉപേക്ഷിച്ച് വിദ്യാഭ്യാസ, ജീവകാരുണ്യ, സാമൂഹിക പ്രവര്‍ത്തനങ്ങളിലൂടെ ജാതി മത വര്‍ഗ വര്‍ണ ഭേദമെന്യേ സകല മനുഷ്യര്‍ക്കും നന്മയുടെ സുവിശേഷ വെളിച്ചം പകരുന്നത്. കഴിഞ്ഞ നാലു പതിറ്റാണ്ടിലധികമായി തിരുഹൃദയ സന്യാസിനീ സമൂഹത്തിന്റെ ജീവജ്യോതി പ്രോവിന്‍സ് ഡല്‍ഹി, പഞ്ചാബ്, ഹരിയാന തുടങ്ങിയ സംസ്ഥാനങ്ങളില്‍ ശുശ്രൂഷ ചെയ്തു വരുന്നു.

കേരളത്തില്‍നിന്നു മിഷനറിമാരായി കടന്നുചെന്ന് ദേശത്തിന്റെ ഭാഷയും സംസ്‌കാരവും സ്വന്തമാക്കി അവരിലൊരാളായി ശുശ്രൂഷ ചെയ്യുന്ന ആയിരക്കണക്കിനു സിസ്റ്റേഴ്‌സ് ഇന്നും അവിടെയുണ്ട്. വര്‍ഗീയതയുടെ കടുത്ത നിറം അവരാരും അണിഞ്ഞിട്ടില്ല. ആരുടെയും ഒരുപിടി മണ്ണു പോലും അപഹരിച്ചിട്ടില്ല. ആരും തീവ്രവാദം പ്രചരിപ്പിച്ചിട്ടില്ല. നന്മ മാത്രം ചെയ്യുന്ന ഈ ശുഭ്രവസ്ത്രധാരികളെ നിങ്ങള്‍ എന്തിനാണു ഭയപ്പെടുന്നത്?

ഇന്നോളം ഒരു ക്രൈസ്തവ സ്ഥാപനത്തില്‍നിന്നും ആര്‍ക്കും ജാതിയുടെ പേരില്‍ പടിയിറങ്ങിപ്പോകേണ്ടി വന്നിട്ടില്ല. അവരുടെ ആശുപത്രികളില്‍ ആര്‍ക്കും ചികിത്സ നിഷേധിച്ചിട്ടുമില്ല. എന്നും മനുഷ്യനാകാനും മനുഷ്യത്വമുള്ളവരാകാനും പരിശീലിപ്പിച്ചിട്ടേയുള്ളൂ. സ്വാതന്ത്ര്യാനന്തര ഇന്ത്യയുടെ സാംസ്‌കാരികവും വിദ്യാഭ്യാസപരവും സാമ്പത്തികവുമായ വളര്‍ച്ചയില്‍ നിസ്തുലമായ സേവനം നല്‍കിയവരാണ് ക്രൈസ്തവ സന്യാസിനികള്‍.

ഉത്തരേന്ത്യയില്‍ എല്ലാ സംസ്ഥാനങ്ങളിലും ഇന്ന് ക്രൈസ്തവ സമര്‍പ്പിത സാന്നിധ്യമുണ്ട്. ലോകത്തിന്റെ നേട്ടമോ വിജയമോ നിങ്ങള്‍ ആരോപിക്കുന്നതു പോലെ മതപരിവര്‍ത്തനമോ അവരുടെ ലക്ഷ്യമല്ല. ക്രിസ്തുവിനു വേണ്ടി ജീവിതം പണയപ്പെടുത്തിയുള്ള യാത്രയാണിതെന്ന് ഓരോ സമര്‍പ്പിതയ്ക്കും ഉത്തമ ബോധ്യവുമുണ്ട്.

അസമത്വങ്ങള്‍ക്കെതിരേ വിരല്‍ ചൂണ്ടാന്‍ ചൂഷിത സമൂഹം പ്രാപ്തമായി എന്നു കണ്ടപ്പോള്‍ 1995ല്‍ സിസ്റ്റര്‍ റാണി മരിയ ആദ്യത്തെ വനിതാ രക്തസാക്ഷിയായി. കുഷ്ഠരോഗികള്‍ക്കു വേണ്ടി ജീവിതം സമര്‍പ്പിച്ച ഓസ്‌ട്രേലിയന്‍ മിഷനറി ഗ്രഹാം സ്റ്റെയ്ന്‍സിനെയും അദ്ദേഹത്തിന്റെ രണ്ടു മക്കളെയും 1999 ജനുവരി 22ന് ചുട്ടുകൊന്നു. ആദിവാസി ജനങ്ങള്‍ക്കു ഭരണഘടന ഉറപ്പു നല്‍കുന്ന അവകാശങ്ങള്‍ക്കു വേണ്ടി പോരാടിയ ഫാ. സ്റ്റാന്‍ സ്വാമി തടവിലാണ്.

ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമായ ഇന്ത്യയില്‍ എവിടെയും യഥേഷ്ടം യാത്ര ചെയ്യാനുള്ള സ്വാതന്ത്ര്യം ഇവിടുത്തെ ഓരോ പൗരന്റെയും ജന്മാവകാശമാണ്. ഒരു മതത്തിന്റെയും പേരില്‍ അത് നിഷേധിക്കാന്‍ ആര്‍ക്കും അവകാശമില്ല. ഈ ഭാരത മണ്ണ് ഒരു വര്‍ഗീയവാദിയുടെയും കുത്തകയുമല്ല. ഒരുവന്റെ വ്യക്തിസ്വാതന്ത്ര്യത്തെ ഹനിക്കാന്‍ ഒരു സംഘടനയ്ക്കും അവകാശവുമില്ല. ഇവിടെ ജനിച്ചു വളരുന്ന ഓരോ പൗരന്റെയും ജന്മഭൂമിയും ജന്മാവകാശവും വികാരവുമാണ് ഭാരതം.

യാത്രാവകാശവും നീതിയും നിഷേധിക്കപ്പെട്ട് ആള്‍ക്കൂട്ട വിചാരണയ്ക്കു നടുവില്‍ ഒരു ദിവസം മുഴുവന്‍ നിസഹായരായി നില്‍ക്കേണ്ടി വന്ന കന്യാസ്ത്രീകള്‍ക്കു (ഭാരതീയ സ്ത്രീകള്‍) വേണ്ടി സംസാരിക്കാന്‍ ഒരു മാധ്യമപ്രവര്‍ത്തകനും പ്രത്യക്ഷപ്പെട്ടില്ല എന്നു മാത്രമല്ല അവരത് അറിഞ്ഞിട്ട് പോലുമില്ല. അല്ലെങ്കില്‍ കുറഞ്ഞപക്ഷം, അങ്ങനെ ഭാവിക്കുകയെങ്കിലും ചെയ്തു. മറ്റെന്തെങ്കിലും ആയിരുന്നെങ്കില്‍ ആഴ്ചകളോളം നീണ്ടുനില്‍ക്കുന്ന അന്തിച്ചര്‍ച്ചകള്‍ക്കും സംവാദങ്ങള്‍ക്കും ഇത് തിരികൊളുത്തുകയില്ലായിരുന്നോ?


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.